തിരുവനന്തപുരം : ചരിത്രത്തിൽ ആദ്യമായി മുസ്‌ലിം ലീഗിന് സംസ്ഥാനത്ത് ആറാം കാബിനറ്റ് പദവി ലഭിച്ചത് ഗൗരവത്തോടെ ചർച്ച ചെയ്യേണ്ട വിഷയമാണെന്ന് ബി.ജെ.പി. ദേശീയസെക്രട്ടറി കെ. സുരേന്ദ്രൻ. മുസ്‌ലിം ലീഗാണ് കേരള ഭരണം നിയന്ത്രിക്കുന്നതെന്ന ബി.ജെ.പി. ആരോപണം ശരിവെക്കുന്ന നടപടിയാണ് എം.കെ. മുനീറിനെ ഭരണപരിഷ്‌കാര കമ്മിഷൻ അധ്യക്ഷനായി നിയമിച്ച നടപടിയിലൂടെ ഉണ്ടായിരിക്കുന്നതെന്നും ഇത്തരം കാര്യങ്ങൾ സമൂഹം ചർച്ച ചെയ്യാതിരിക്കാനാണ് കോൺഗ്രസ് വ്യാപകമായി സംഘർഷം സൃഷ്ടിക്കുന്നതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. നേതാക്കൾക്കും സംസ്ഥാന കാര്യാലയത്തിനും നേരെയുണ്ടായ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ബി.ജെ.പിയും യുവമോർച്ചയും നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മന്ത്രിസഭയിലും സർക്കാരിന്റെ സുപ്രധാനപദവികളിലും ഇത്രയും പ്രാധാന്യം ഒരു ഘടകകക്ഷിക്ക് നൽകുന്നത് കേരളത്തിന്റെ രാഷ്ട്രീയവും സാമൂഹികവുമായ സന്തുലനാവസ്ഥയെ ദോഷകരമായി ബാധിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രിക്കെതിരായ പ്രതിഷേധത്തിനിടെയുണ്ടായ സുരക്ഷാവീഴ്ചയിൽ ശക്തമായ നിയമനടപടി സ്വീകരിക്കാൻ പോലീസ് തയ്യാറായിട്ടില്ല. മറ്റ് ബി.ജെ.പി. നേതാക്കൾക്കെതിരേയുള്ള ആക്രമണങ്ങളിലും നടപടിയില്ല. അതേസമയം, സമാധാനപരമായി പ്രതിഷേധിക്കുന്ന യുവമോർച്ച-ബി.ജെ.പി. പ്രവർത്തകർക്കെതിരെ കേസെടുക്കാൻ പോലീസ് തിടുക്കം കാണിക്കുന്നു.
സർക്കാർ സ്പോൺസർ ചെയ്യുന്ന തരത്തിലുള്ള രാഷ്ട്രീയസംഘർഷമാണ് കേരളത്തിൽ നടക്കുന്നത്. യു.ഡി.എഫ്. സർക്കാരിന്റെ ഭരണപരാജയങ്ങൾ ചർച്ച ചെയ്യാൻ നിയമസഭയ്ക്കകത്തും പുറത്തും ബി.ജെ.പി. മാത്രമാണ് ശക്തമായി രംഗത്തുള്ളത്. ഭരണപരാജയങ്ങളിൽനിന്ന് ജനശ്രദ്ധ തിരിക്കാൻ സംഘർഷങ്ങൾ സൃഷ്ടിച്ചാലും ബി.ജെ.പി. പിന്നോട്ടുപോകില്ലെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. നേതാക്കളായ പി.കെ. കൃഷ്ണദാസ്, കുമ്മനം രാജശേഖരൻ, എസ്. സുരേഷ്, പി. സുധീർ, കെ. സോമൻ, കരമന ജയൻ, മുക്കംപാലമൂട് ബിജു തുടങ്ങിയവർ പങ്കെടുത്തു.
Published: 02 Oct 2026, 01:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented