നെയ്യാറ്റിൻകര : പ്രസവിച്ച് ആശുപത്രിയിൽ കഴിയുന്ന ഭാര്യയേയും കുഞ്ഞിനേയും കണ്ടശേഷം വീട്ടിലേക്ക് പോകുകയായിരുന്ന യുവാവിനെ ലഹരിമാഫിയ സംഘം ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ചു. കാർ കത്തിക്കുകയും ചെയ്തു. കൊല്ലയിൽ, നടൂർക്കൊല്ല, കളത്തറയ്ക്കൽ തേരിയിൽ പുത്തൻവീട്ടിൽ സുകുമാരന്റെ മകൻ പ്രദീപി (30) നാണ് വെട്ടേറ്റത്. പ്രദീപിന്റെ ശരീരത്തിലുടനീളം 21 മുറിവുകളുണ്ട്.
അമരവിളയ്ക്ക് സമീപം കണ്ണൻകുഴിയിൽ വ്യാഴാഴ്ച പുലർച്ചെ 1.30-നാണ് സംഭവം. തിരുവനന്തപുരം ലുലു മാളിലെ ജീവനക്കാരനാണ് പ്രദീപ്. പ്രസവശേഷം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ഭാര്യയെയും കുഞ്ഞിനെയും കണ്ടശേഷം സുഹൃത്തിന്റെ കാറിൽ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. കണ്ണംകുഴിയിൽനിന്നു കളത്തറയ്ക്കലിലേക്കുള്ള റോഡ് തിരിഞ്ഞപ്പോൾ അപരിചിതരായ മൂന്ന് പേർ നിൽക്കുന്നതുകണ്ട് ആരാണെന്ന് ചോദിച്ചപ്പോൾ ആക്രമിക്കുകയായിരുന്നെന്ന് പ്രദീപ് പറഞ്ഞു.
കാറിൽ നിന്ന് പുറത്തിറങ്ങിയ പ്രദീപിനെ പ്രതികളിൽ രണ്ട് പേർ പിടിച്ചുവെക്കുകയും മറ്റൊരാൾ കയ്യിൽ കരുതിയിരുന്ന ചെറിയ വാളുകൊണ്ട് വെട്ടുകയും കുത്തുകയുമായിരുന്നു. കൈകളിൽ കുത്തേറ്റു. പ്രദീപ് ഓടി രക്ഷപ്പെട്ട് മാരായമുട്ടം പോലീസിനെ വിവരമറിയിച്ചു. ഇതിനിടെ സുഹൃത്ത് എത്തി പ്രദീപിനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആക്രമണശേഷം പ്രതികൾ രക്ഷപ്പെട്ടു. സംഭവസ്ഥലത്ത് മാരായമുട്ടം പോലീസ് എത്തിയശേഷം മൊഴിയെടുക്കാനായി ജനറൽ ആശുപത്രിയിലേക്ക് പോയതിന് പിന്നാലെ പ്രതികളെത്തി കാർ അടിച്ചു തകർക്കുകയും കത്തിക്കുകയുമായിരുന്നു.
പ്രദീപിന്റെ മൊഴിയെടുത്ത് സംഭവസ്ഥലത്ത് പുലർച്ചെ 3.30-ന് മടങ്ങിയെത്തിയ പോലീസ് കണ്ടത് കാർ കത്തുന്നതാണ്. ഉടനെ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. കാർ പൂർണമായും കത്തിനശിച്ചു. ഭാര്യയുടെ പ്രസവത്തോടനുബന്ധിച്ച് ആശുപത്രിയിൽ പോകാനായാണ് പ്രദീപ് സുഹൃത്തിന്റെ കാർ വാങ്ങിയത്.
പ്രദീപിന്റെ കൈയ്ക്കും മുതുകിലും ആഴത്തിലുള്ള മുറിവുണ്ട്. ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി മാരായമുട്ടം പോലീസ് അറിയിച്ചു. സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.
പ്രതികളെ കണ്ടാൽ തിരിച്ചറിയാമെന്ന് പ്രദീപ് പോലീസിനോട് പറഞ്ഞു. പ്രതികൾ കഞ്ചാവ് ഉപയോഗിക്കുന്നവരാണെന്നും വില്പന നടത്തുന്നവരാണെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു.
Published: 30 Oct 2026, 01:32 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented