തിരുവനന്തപുരം: ശബരിമലയിൽ തുലാം ഒന്നിന് ശാസ്താവിനുമുന്നിൽ നിയുക്ത മേൽശാന്തി നറുക്കെടുപ്പു നടക്കുമ്പോൾ, ഇങ്ങ് അനന്തപുരിയിൽ പ്രസിദ്ധമായ പഴവങ്ങാടി ഗണപതിക്ഷേത്രത്തിൽ തന്റെ പുതിയ നിയോഗമറിയാതെ അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി പൂജകളിലായിരുന്നു. ഏറെ ആഗ്രഹിച്ച നിയോഗം മുന്നിലെത്തിയെന്നറിഞ്ഞപ്പോൾ അദ്ദേഹം ഇതുവരെ പൂജിച്ച ദൈവങ്ങളെ സ്മരിച്ചു, ഭക്തർക്കു നന്ദി പറഞ്ഞു. ക്ഷേത്രത്തിലുണ്ടായിരുന്ന അമ്മയുടെ അനുഗ്രഹം വാങ്ങി. മക്കളുടെ സന്തോഷം കണ്ടു.
ഭക്തർക്ക് പ്രസാദം കൊടുത്തുകഴിഞ്ഞശേഷം അമ്മ വത്സലാ അന്തർജനം, മക്കളായ ഗൗരീശങ്കരി, പാർഥസാരഥി എന്നിവർക്കൊപ്പം പുറത്തെത്തി മാധ്യമങ്ങളെക്കണ്ടു. ഭക്തരും ക്ഷേത്രജീവനക്കാരും അദ്ദേഹത്തെ അനുഗമിച്ചു. പുതിയ ശബരിമല മേൽശാന്തിയെക്കാണാൻ ക്ഷേത്രമുറ്റത്ത് ആളുകൾ തിരക്കുകൂട്ടി. ഭാര്യ വിദ്യാശങ്കരൻ തിരുവല്ലയിലെ വീട്ടിലായിരുന്നു.
സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, 2020 വരെ അഞ്ചുതവണ ശബരിമല മേൽശാന്തിയാകാൻ അപേക്ഷ നൽകിയിരുന്നു. മൂന്നുതവണ പട്ടികയിലുൾപ്പെട്ടെങ്കിലും നറുക്കുവീണില്ല. 2020-നുശേഷം ഇപ്പോഴാണ് അപേക്ഷിച്ചത്.
അച്ഛൻ സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ ചുവടുകൾ പിന്തുടർന്നാണ് ശങ്കരൻ നമ്പൂതിരി പൂജാവഴിയിലെത്തിയത്. ചങ്ങനാശ്ശേരി എൻ.എസ്.എസ്. കോളേജിലെ വിദ്യാഭ്യാസകാലത്ത് പഠനം വിശാലമാക്കണമെന്ന ആഗ്രഹം അദ്ദേഹത്തെ തന്ത്രശാസ്ത്രത്തിലും വേദാന്തത്തിലും ജ്യോതിഷത്തിലും വാസ്തുശാസ്ത്രത്തിലും കരാട്ടെയിലും കുങ്ഫുവിലും റെയ്കിയിലും വരെ എത്തിച്ചു. കരാട്ടെയിലും കുങ്ഫുവിലും ബ്ലാക്ക് ബെൽറ്റ് നേടി. അക്കാലത്ത് മാർഷ്യൽ ആർട്സ് പരിശീലകനായിരുന്നു. റെയ്കി മാസ്റ്ററുമായി. പി.ജി.ഡി.സി.എ. പഠനം പൂർത്തിയാക്കി. തന്ത്രശാസ്ത്രത്തിൽ അമ്പലപ്പുഴ പുതുമന ശ്രീധരൻ നമ്പൂതിരിയുടെയും ഋഗ്വേദത്തിൽ നാറാസ് നാരായണൻ നമ്പൂതിരിയുടെയും ജ്യോതിഷത്തിൽ തകഴി ഗോപാലകൃഷ്ണൻ ആചാരിയുടെയും വാസ്തുശാസ്ത്രത്തിൽ പി.സി.രവീന്ദ്രവർമയുടെയും ശിഷ്യനായി. പിന്നീടാണ് പൂജാ പാരമ്പര്യവഴിയിലെത്തിയത്.
കങ്ങഴ അരീക്കര ഇല്ലത്തുനിന്ന് അച്ഛന്റെ പാത പിന്തുടർന്ന് നെടുംകുന്നം ഭദ്രകാളിക്ഷേത്രത്തിൽ അദ്ദേഹം മേൽശാന്തിയായി. 2005 മുതൽ 2012 വരെ ന്യൂഡൽഹി ആർ.കെ.പുരം അയ്യപ്പക്ഷേത്രത്തിലും 2021 വരെ തൈക്കാട് ധർമശാസ്താക്ഷേത്രത്തിലും മേൽശാന്തിയായി. ശാസ്താവിനെ സേവിച്ച ഇക്കാലത്താണ് ആറുതവണ ശബരിമല മേൽശാന്തിയാകാൻ അപേക്ഷിച്ചത്.
മൂന്നുവട്ടം പട്ടികയിലുൾപ്പെട്ടിട്ടും തിരഞ്ഞെടുക്കപ്പെടാതിരുന്നപ്പോഴാണ് തന്റെ വഴിയിലെ വിഘ്നങ്ങളെ നീക്കാനെന്നപോലെ പഴവങ്ങാടി ഗണപതിക്ഷേത്രത്തിൽ നിയമനം ലഭിച്ചത്. അഞ്ചുവർഷം വിഘ്നേശ്വരനെ പൂജ ചെയ്തപ്പോൾ തന്റെ മുന്നിലെ വിഘ്നങ്ങളെല്ലാം ഇല്ലാതായെന്ന് അദ്ദേഹം പറഞ്ഞു.
പഴവങ്ങാടി ക്ഷേത്രം സൈന്യത്തിന്റെ മേൽനോട്ടത്തിലുള്ളതായതിനാൽ ശബരിമലയിൽ അപേക്ഷ നൽകാൻ അനുമതി വേണമായിരുന്നു. അനുമതി ലഭിച്ചശേഷം അപേക്ഷ നൽകിക്കഴിഞ്ഞുള്ള കാര്യങ്ങളെല്ലാം തനിക്ക് അനുകൂലമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
നിമിത്തങ്ങൾ അതു കാണിച്ചുതന്നു. അഭിമുഖങ്ങളിലും പട്ടികയിലും ഒന്നാമതെത്തി. ഒടുവിൽ തുലാം രണ്ടിന് പഴവങ്ങാടിയിൽനിന്ന് ശബരിമലയിലേക്കുള്ള യാത്ര തുടങ്ങുമ്പോൾ അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിക്ക് ഉറപ്പുണ്ട്, ഈ യാത്രയിൽ ഇക്കാലങ്ങളിൽ പൂജചെയ്ത ദൈവങ്ങളുടെയെല്ലാം അനുഗ്രഹം തനിക്കൊപ്പമുണ്ടാകുമെന്ന്.
മേൽശാന്തി നിയോഗം അയ്യപ്പനെ സേവിക്കാനുള്ള വലിയ അവസരം- നിയുക്ത ശബരിമല മേൽശാന്തി
തിരുവനന്തപുരം : ശബരിമല മേൽശാന്തി എന്ന നിയോഗം അയ്യപ്പനെ സേവിക്കാനുള്ള വലിയ അവസരമായി കാണുന്നുവെന്നും യാതൊരുവിധത്തിലുള്ള സാമ്പത്തിക ഇച്ഛയോ സ്വഭാവദൂഷ്യമോ തന്റെ ഭാഗത്തുനിന്നുണ്ടാവില്ലെന്ന് ഭക്തർക്ക് ഉറപ്പുനൽകുന്നുവെന്നും നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി പറഞ്ഞു.
അഞ്ചുവർഷമായി പഴവങ്ങാടി ഗണപതി ഭഗവാനെ സേവിച്ചതിന്റെ അനുഗ്രഹമാണ് ഈ മഹാഭാഗ്യമെന്നു കരുതുന്നു. 2020-ലാണ് ഇതിനുമുൻപ് ശബരിമല മേൽശാന്തിയാകാൻ അപേക്ഷ നൽകിയത്. പഴവങ്ങാടി ക്ഷേത്രത്തിലും അപ്പോൾ അപേക്ഷ നൽകിയിരുന്നു. പഴവങ്ങാടിയിൽനിന്നാണ് ആദ്യം അഭിമുഖത്തിനു വിളിച്ചത്.
ശബരിമല മേൽശാന്തി പട്ടികയിൽ മൂന്നുതവണ ഉൾപ്പെട്ടിട്ടും തിരഞ്ഞെടുക്കപ്പെടാഞ്ഞപ്പോൾ സ്വയം പ്രശ്നംവെച്ചുനോക്കിയിരുന്നു. അപ്പോൾ കാര്യങ്ങളിൽ തടസ്സങ്ങൾ കണ്ടു. തടസ്സംമാറാൻ വഴി ആലോചിച്ചപ്പോഴാണ് പഴവങ്ങാടി ക്ഷേത്രത്തിൽ നിയമനം കിട്ടിയത്.
വിഘ്നനിവാരകനെ സേവിക്കാൻ അവസരം കിട്ടിയതിലൂടെ എല്ലാ തടസ്സങ്ങളും നീങ്ങി. സേനയുടെ ക്ഷേത്രമായ പഴവങ്ങാടിയിൽനിന്ന് ഇപ്പോഴാണ് ശബരിമലയിൽ വീണ്ടും അപേക്ഷ നൽകാൻ അനുമതി കിട്ടിയത്. ഇത്തവണ പ്രതീക്ഷയുണ്ടായിരുന്നു.
അഭിമുഖത്തിൽ എല്ലാം ഒന്നാമതായിരുന്നു. 21 വർഷം തുടർച്ചയായി മേൽശാന്തിയായി പൂജചെയ്ത ദേവീദേവൻമാരുടെ അനുഗ്രഹം ഉണ്ടാകും. ഏറ്റവും നന്നായി ശബരിമലയിൽ പൂജ ചെയ്യണമെന്നാണ് ആഗ്രഹം. ഭഗവാനെ പൂജ ചെയ്യുക എന്നതല്ലാതെ മറ്റൊന്നും ആലോചിക്കുന്നില്ല- സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി പറഞ്ഞു.
Published: 19 Oct 2026, 12:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented