രാമേശ്വരം-തവരവിള റൂട്ടിൽ യാത്രാദുരിതം
നെയ്യാറ്റിൻകര : നെയ്യാറ്റിൻകരയിൽനിന്ന് പാലക്കടവ്, രാമേശ്വരം വഴി തവരവിളയിലേക്കുള്ള റോഡ് തകർന്നിട്ട് വർഷങ്ങളേറെയായി. ഇതുകാരണം ഇതുവഴിയുണ്ടായിരുന്ന കെ.എസ്.ആർ.ടി.സി. ബസ് സർവീസും നിർത്തലാക്കി.
നഗരസഭയിലെ നാല് വാർഡുകളിലൂടെ കടന്നുപോകുന്ന റോഡ് നവീകരിക്കാൻ പി.ഡബ്ല്യു.ഡി.യോ, നഗരസഭയോ തയ്യാറാകുന്നില്ല. അതിനാൽ യാത്രാദുരിതത്തിലാണ് പ്രദേശവാസികൾ.
നാല് വർഷത്തിലേറെയായി ഇതുവഴിയുണ്ടായിരുന്ന ബസ് സർവീസ് നിർത്തലാക്കിയിട്ട്. തകർന്ന റോഡിലൂടെ ബസ് സർവീസ് നടത്തുന്നത് ദുഷ്കരമായതിനാലാണ് കെ.എസ്.ആർ.ടി.സി. സർവീസ് നിർത്തലാക്കിയത്. ബസ് സർവീസ് നിർത്തലാക്കിയതുകാരണം നാട്ടുകാർക്ക് ഓട്ടോറിക്ഷയെയാണ് യാത്രയ്ക്കായി ആശ്രയിക്കേണ്ടിവരുന്നത്. എന്നാൽ തകർന്ന റോഡായതുകാരണം ഓട്ടംവിളിച്ചാലും ഓട്ടോക്കാരും ഇവിടേക്കു വരുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
നെയ്യാറ്റിൻകരയിൽനിന്ന് രാമേശ്വരംവരെ റോഡ് നവീകരിച്ചിട്ടുണ്ട്. എന്നാൽ തുടർന്ന് മരുതത്തൂർ വഴി തവരവിളവരെയുള്ള രണ്ടര കിലോമീറ്റർ ദൂരത്തിലെ റോഡ് പൊട്ടിപ്പൊളിഞ്ഞ് തകർന്നനിലയിലാണ്. ഈ റോഡ് ടാർ ചെയ്തിട്ട് പത്തുവർഷത്തിലേറെയായി.
നെയ്യാറ്റിൻകര ഡിപ്പോയിൽനിന്ന് പാലക്കടവ്, രാമേശ്വരം, മരുതത്തൂർ, തവരവിള വഴി മാരായമുട്ടം, നെട്ടണിയിലേക്ക് ബസ് സർവീസുണ്ടായിരുന്നു. ദിവസവും അഞ്ച് സർവീസാണ് ഇതുവഴി കെ.എസ്.ആർ.ടി.സി. നടത്തിയിരുന്നത്.
നെട്ടണിയിൽനിന്നു തിരികെയുള്ള യാത്രയിൽ മെഡിക്കൽ കോളേജ് വരെയാണ് സർവീസ് നടത്തിയിരുന്നത്. എന്നാൽ റോഡ് കുണ്ടും കുഴിയുമായതോടെ കെ.എസ്.ആർ.ടി.സി. ബസ് സർവീസ് നിർത്തലാക്കുകയായിരുന്നു.
നഗരസഭയിലെ രാമേശ്വരം, ഇരുമ്പിൽ, മരുതത്തൂർ, തവരവിള വാർഡുകളിലൂടെയാണ് റോഡ് കടന്നുപോകുന്നത്. ഓരോ വാർഡിനും പൊതുമരാമത്ത് പണികൾക്കായി ലഭിക്കുന്ന പണമുപയോഗിച്ച് റോഡ് നവീകരിക്കാൻ കഴിയാത്ത സാഹചര്യമാണ്.
അതുകൊണ്ട് പൊതുമരാമത്ത് വകുപ്പ് റോഡ് നവീകരിച്ച് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇക്കാര്യമാവശ്യപ്പെട്ട് നാട്ടുകാർ സ്ഥലം എം.എൽ.എ.ക്ക് പരാതിയും നൽകി.
എന്നാൽ ഇതുവരെ റോഡ് റീടാർ ചെയ്യുന്നതിനുള്ള നടപടിയായിട്ടില്ല. നിർമാണത്തിലിരിക്കുന്ന കന്നിപ്പുറം പാലത്തിന്റെ അപ്രോച്ച് റോഡ് എത്തിച്ചേരുന്നത് രാമേശ്വരം-തവരവിള റോഡിലേക്കാണ്. പാലം പൂർത്തിയാകുന്നതോടെ കൂടുതൽ വാഹനങ്ങൾ കടന്നുപോകുന്ന റോഡായി രാമേശ്വരം-തവരവിള റോഡ് മാറും. ഇത്രയേറെ പ്രാധാന്യമുള്ള ഈ റോഡ് നവീകരിക്കാൻ പൊതുമരാമത്ത് വകുപ്പും നഗരസഭയും തയ്യാറാകാത്തതിൽ പ്രതിഷേധവും ഉയരുകയാണ്.
റോഡ് അടിയന്തരമായി റീടാർ ചെയ്യാൻ പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിക്കണമെന്ന് ഗാന്ധിമിത്രമണ്ഡലം സെക്രട്ടറി ബിനു മരുതത്തൂർ ആവശ്യപ്പെട്ടു.
Published: 25 Nov 2026, 02:36 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented