ബാലരാമപുരം: കരമന-കളിയിക്കാവിള പാതയുടെ മൂന്നാംഘട്ട വികസനത്തിനായി സ്ഥലമേറ്റെടുക്കൽ പൂർത്തിയായ കൊടിനട-വഴിമുക്ക് റോഡിലെ കെട്ടിടം പോളിച്ചു മാറ്റുന്ന ജോലികൾ നിലച്ചതായി പരാതി. യുദ്ധകാലാടിസ്ഥാനത്തിൽ തീർക്കേണ്ട ജോലികൾക്ക് വേഗതയില്ലെന്ന് പറഞ്ഞ് വ്യാപാരികളും, നാട്ടകാരും അടുത്തിടെ ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിരുന്നു.

To advertise here,

പരാതിയെ തുടർന്ന് ഒരു ദിവസം മാത്രമാണ് വേഗതയിൽ പൊളിച്ചു മാറ്റുന്ന ജോലികൾ നടത്തിയതെങ്കിലും പിന്നയങ്ങോട്ട് പണികളൊന്നും തന്നെ നടക്കുന്നില്ലന്നാണ് നാട്ടുകാരുടെ പരാതി. ഇതു കാരണം പ്രദേശത്തെ വ്യാപാരികളും, കാൽനടയാത്രക്കാരുമാണ് കൂടുതൽ ബുദ്ധിമുട്ടിലായിരിക്കുന്നത്. ഡിസംബർ മാസത്തിൽ നിർമാണോദ്ഘാടനം നടത്തുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.

പണി പലപ്പോഴും നടക്കാതെ വരുന്നത് നിർമാണോദ്ഘാടനത്തിന് തടസമാകുമെന്നും പരാതിയുണ്ട്. താത്ക്കാലിക പൊളിച്ചു മാറ്റൽ നടത്തി നിർമാണോദ്ഘാടനം നടത്തുന്നതിനാണ് അധികൃതർ ശ്രമിക്കുന്നതെങ്കിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നും നാട്ടുകാർ പറയുന്നു. കൊടിനട മുതൽ വഴിമുക്ക് വരെയുള്ള ഒന്നര കിലോമീറ്റർ ദൂരത്തെ പാത വികസനമാണ് നടക്കാനുള്ളത്. 23.5 കോടിയുടെ കരാർ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് (യു.എൽ..സി.സി)ലഭിച്ചത്.

കൊടിനടമുതൽ -വഴിമുക്ക് വരെയള്ള ഒന്നര കിലോമീറ്റർ ദൂരത്തിലുള്ള പാതവികസനം യാഥാർഥ്യമാകുമ്പോൾ ബാലരാമപുരം കവല വികസനവും, ബാലരാമപുരം- വിഴിഞ്ഞം- കാട്ടാക്കട റോഡുകളിലെ വികസന പ്രവർത്തനങ്ങളും ഇതോടെ സാധ്യാമാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. പൊളിച്ചു മാറ്റുന്ന ജോലികൾ ആരംഭിച്ചതുമുതൽ പൊടിയും, മറ്റ് ബുദ്ധിമുട്ടുകളും ഒഴിവാക്കുന്നതിനുവേണ്ടി പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും ഒന്നിനും പരിഹാരം കാണാനായിട്ടില്ല. തിരക്കേറിയ ബാലരാമപുരത്ത് ഗതാഗതക്കുരുക്കും രൂക്ഷമാകുന്നു.