അഭിപ്രായസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ മറ്റു ലോകരാജ്യങ്ങള്‍ക്ക് മാര്‍ക്കിടുന്നവരാണ് യൂറോപ്പും അമേരിക്കയും അവരുടെ ബിനാമി സംഘടനകളും. എവിടെയാണ് അഭിപ്രായ സ്വാതന്ത്ര്യം ഉള്ളത്, പത്രസ്വാതന്ത്ര്യം ഉള്ളത് എന്നൊക്കെ അവരാണ് നിശ്ചയിക്കുക. അവര്‍ നല്‍കുന്ന റാങ്കിങ് വെച്ച് സ്വയം വിലയിരുത്തുന്ന ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുടെ കണ്ണുതുറപ്പിക്കേണ്ട രണ്ടു സംഭവങ്ങളാണ് ഈയാഴ്ച പാശ്ചാത്യലോകത്ത് അരങ്ങേറിയത്. ആദ്യത്തേത് ടെലഗ്രാം സ്ഥാപകന്‍ പാവെല്‍ ദുരോവിന്റെ അറസ്റ്റാണ്. രണ്ടാമത്തേത് മെറ്റ (ഫെയ്സ്ബുക്, ഇന്‍സ്റ്റഗ്രാം, വാട്സാപ്പ്) കമ്പനി മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ഒരു കുറ്റസമ്മതവും. സെനറ്റിലെ ജുഡീഷ്യല്‍ സമിതിക്കെഴുതിയ കത്തില്‍ അദ്ദേഹം പറയുന്നു, കോവിഡ് സംബന്ധിച്ച വിവരങ്ങള്‍-ഇവയില്‍ നിര്‍ദോഷമായ മീമുകളും ഫലിതങ്ങളും പെടും- പ്രസിദ്ധീകരിക്കുന്നതു തടയാനും ജോ ബൈഡന്റെ മകന്‍ ഉള്‍പ്പെട്ട വിവാദം മുക്കാനും അമേരിക്കന്‍ സര്‍ക്കാര്‍ തന്റെ മേല്‍ സമ്മര്‍ദം ചെലുത്തി എന്ന്.
കഴിഞ്ഞ ഇരുപത്തിനാലാം തീയതിയാണ് ടെലഗ്രാമിന്റെ സിഇഒ ആയ ദുരോവിനെ ഫ്രഞ്ച് അധികാരികള്‍ പാരിസ് വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റു ചെയ്യുന്നത്. ടെലഗ്രാം ആപ്പില്‍ കുറ്റകരമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്നതാണ് അദ്ദേഹത്തിനെതിരായ പ്രധാന ആരോപണം. കുട്ടികളുടെ രതിചിത്ര വിനിമയം, മയക്കുമരുന്ന് കച്ചവടം, പണം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് ടെലഗ്രാം വേദിയാവുന്നുവെന്നും അത് തടയാനുള്ള അധികൃതരുടെ ആവശ്യത്തോട് പാവെല്‍ സഹകരിക്കുന്നില്ല എന്നും ഫ്രാന്‍സ് ആരോപിക്കുന്നു. ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍ പാവെലിനെ വിരുന്നിന് ക്ഷണിച്ചെന്നും അതിനെത്തിയപ്പോഴായിരുന്നു അറസ്റ്റുണ്ടായതെന്നും ആരോപണമുണ്ട്, അധികൃതര്‍ നിഷേധിക്കുന്നുണ്ടെങ്കിലും. ദുരോവിന്റെ അറസ്റ്റിനെക്കാളും ഒരുപക്ഷേ ഞെട്ടലുണ്ടാക്കിയത് അദ്ദേഹത്തിന്റെ കാമുകി എന്നു കരുതപ്പെടുന്ന ജൂലി വാവിലോവയുടെ അറസ്റ്റാണ്. ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്രിപ്ടോ ഇന്‍സ്ട്രക്ടറും സോഷ്യല്‍ മീഡിയാ ഇന്‍ഫ്‌ളുവന്‍സറുമാണ് താനെന്ന് അവരുടെ ഇന്‍സ്റ്റയിലെ പ്രൊഫൈല്‍ പറയുന്നു. അവര്‍ക്ക് മൊസാദുമായി ബന്ധമുണ്ടെന്ന് ഒരു കഥയുണ്ട്. എന്തിനായിരിക്കാം അവരെ അറസ്റ്റു ചെയതത്? ആര്‍ക്കറിയാം!

39-കാരനായ പാവെല്‍ 2013-ലാണ് റഷ്യ വിട്ടോടി ദുബായില്‍ താമസമാക്കിയത്. അദ്ദേഹത്തിനുള്ളത് ഫ്രഞ്ച്- യു.എ.ഇ പൗരത്വമാണ്. 1984-ല്‍ ലെനിന്‍ഗ്രാഡില്‍ (ഇന്നത്തെ സെന്റ് പീറ്റേഴ്സ്ബര്‍ഗ്) ജനിച്ച പാവെല്‍ നാലാം വയസ്സില്‍ കുടുംബത്തോടൊപ്പം ഇറ്റലിയില്‍ കുടിയേറി. സോവിയറ്റ് യൂണിയന്‍ തകര്‍ന്നപ്പോള്‍ ജന്മനാട്ടില്‍ തിരിച്ചെത്തി. ഗണിതശാസ്ത്ര പ്രതിഭകളായിരുന്നു പാവെലും ജ്യേഷ്ഠന്‍ നിക്കൊളായിയും. മൂത്തയാള്‍ പലകുറി ഗണിതശാസ്ത്ര ഒളിമ്പ്യാഡ് സ്വര്‍ണം നേടിയയാളാണ്. കോഡിങില്‍ അസാമാന്യ വൈഭവമുണ്ടായിരുന്ന പാവെല്‍ 21 വയസ്സുള്ളപ്പോള്‍ ആരംഭിച്ച സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റ് വീകോണ്ടാക്ട് (VK, Vkontakte) അതിവേഗം ജനപ്രീതി നേടി. റഷ്യന്‍ ഫെയ്സ്ബുക്ക് എന്നറിയപ്പെട്ട വീക്കേ 2013-ല്‍ റഷ്യന്‍ അനുകൂലിയായ യുക്രൈന്‍ പ്രസിഡന്റ് വിക്തോര്‍ യാനുക്കോവിച്ചിനെതിരെ നടന്ന പ്രക്ഷോഭങ്ങള്‍ക്ക് പരക്കെ ഉപയോഗിക്കപ്പെട്ടു. ഇത് സ്വാഭാവികമായും റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുതിനെ അലോസരപ്പെടുത്തി. വീക്കെ ഉപയോക്താക്കളുടെ വിവരങ്ങള്‍ കൈമാറാന്‍ പാവെല്‍ വിസമ്മതിച്ചതോടെ അദ്ദേഹത്തിന് നില്‍ക്കക്കള്ളിയില്ലാതായി. വീക്കേ വിറ്റ പാവെല്‍ റഷ്യ വിട്ടു.
2013-ല്‍ ആരംഭിച്ച ടെലഗ്രാമിന് ഇന്ന് 90 കോടിയോളം ഉപയോക്താക്കളുണ്ട്. ആദ്യന്തം എന്‍ക്രിപ്റ്റ് ചെയ്യപ്പെട്ടതാണ് ഇതിലെ സന്ദേശ കൈമാറ്റ സോഫ്റ്റ്‌വെയര്‍. ഒരു ഏജന്‍സിക്കും സര്‍ക്കാരിനും ഉപയോക്താക്കളുടെ വിവരങ്ങള്‍ കൈമാറുന്ന പ്രശ്നമില്ല. കുറച്ചുപേര്‍ക്ക് സുരക്ഷിതവും മറ്റുള്ളവര്‍ക്ക് സുരക്ഷിതമല്ലാത്തതുമായ ആപ്പ് നിര്‍മിക്കാനാവില്ല. ഏതെങ്കിലുമൊന്നേ പറ്റൂ എന്നാണ് പാവെല്‍ പറയുന്നത്. പക്ഷേ, ഈ സുരക്ഷിതത്വം ഏകാധിപത്യ സര്‍ക്കാരുകള്‍ക്കെതിരായ പ്രതിഷേധ സമരങ്ങള്‍ക്ക് ചാലകശക്തിയായി പ്രവര്‍ത്തിക്കുന്നുണ്ട്, പ്രത്യേകിച്ച് ഇറാനും ഹോങ്കോങും പോലുള്ള സ്ഥലങ്ങളില്‍. റഷ്യ-യുക്രെയിന്‍ യുദ്ധം, ഗാസയിലെ ഇസ്രായേല്‍ നടപടി തുടങ്ങിയ പ്രശ്നങ്ങളില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ കാണാത്ത പലതും പുറത്തുകൊണ്ടുവരാന്‍ സഹായിക്കുന്നത് ഈ ആപ്പാണ്. പക്ഷേ, ഇതിന്റെ ഒരു മറുവശം ഭീകരവാദി പ്രവര്‍ത്തനങ്ങള്‍ക്കും ആപ്പ് ഉപയോഗിക്കുന്നുണ്ട് എന്നതാണ്. ഐസിസ് പോലുള്ള ഭീകര സംഘടനകള്‍ തങ്ങളുടെ സൈന്യത്തില്‍ ആളെ ചേര്‍ക്കുവാനും സന്ദേശങ്ങള്‍ പ്രചരിപ്പിക്കുവാനും ഇത് ഉപയോഗിക്കുന്നുണ്ട്. തങ്ങളാരാണെന്ന കാര്യം രഹസ്യമായി സൂക്ഷിക്കാനുള്ള സൗകര്യം കാരണം പല കുറ്റവാളികള്‍ക്കും ടെലഗ്രാം സുരക്ഷിത താവളമായി മാറിയിട്ടുണ്ട്. കുട്ടികളുടെ ലൈംഗികപീഡനം സംബന്ധിച്ച വിവരങ്ങള്‍ പങ്കുവയ്ക്കുന്നതു തടയാന്‍ വ്യക്തമായ നയങ്ങള്‍ ഇല്ല എന്നുള്ളത് ടെലഗ്രാമിന്റെ ഒരു പ്രധാന ബലഹീനതയാണ്.

ഒരു പ്ലാറ്റ്ഫോമില്‍ വരുന്ന എല്ലാ ഉള്ളടക്കത്തിനും അതിന്റെ ഉടമ ഉത്തരം പറഞ്ഞേ തീരൂ എന്നുണ്ടെങ്കില്‍ ആദ്യം ജയിലില്‍ പോവേണ്ടത് മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് അല്ലേ എന്ന ചോദ്യമാണ് അഭിപ്രായസ്വാതന്ത്ര്യപ്പോരാളികള്‍ ഉയര്‍ത്തുന്നത്. ഭീകരവാദ, മയക്കുമരുന്ന്, ബാല രതിചിത്ര വ്യാപാരങ്ങള്‍ തുടങ്ങിയവ ഏറ്റവും കൂടുതല്‍ നടക്കുന്ന പ്ലാറ്റ്ഫോമുകളാണ് ഫെയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും. യൂട്യൂബിന്റെ കാര്യവും വ്യത്യസ്തമല്ല. പിന്നെന്തു കൊണ്ടാണ് ദുരോവിനു മാത്രം പ്രശ്നം വരുന്നത്? ഈ ചോദ്യത്തിന്റെ ഉത്തരം ലോകത്തിലെ അധികാര ബലതന്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി റഷ്യ വിട്ടോടിയ ആളാണെങ്കിലും ക്രെംലിനുമായി പാവെല്‍ അടുത്ത ബന്ധം പുലര്‍ത്തുന്നുവെന്ന് പാശ്ചാത്യര്‍ സംശയിക്കുന്നു. ഈയിടെ പുതിന്‍ അസര്‍ബൈജാന്‍ സന്ദര്‍ശിക്കുന്ന സമയത്ത് പാവെലും കാമുകിയും അവിടെ ഉണ്ടായിരുന്നുവത്രെ. റഷ്യന്‍ പ്രസിഡന്റിനെ കണ്ടിട്ടില്ല എന്നാണ് ടെലഗ്രാം വക്താക്കള്‍ പറയുന്നതെങ്കിലും അത യൂറോപ്പിന്റെ സംശയങ്ങള്‍ ബലപ്പെടുത്തിയിരിക്കണം. ദുരോവ് തടവിലായ ഉടനെതന്നെ റഷ്യ പ്രശ്നത്തില്‍ ഇടപെട്ടതും സംശയം കൂട്ടുന്നു. പ്രശ്നത്തില്‍ യു.എ.ഇ കടുത്ത നിലപാട് എടുത്തേക്കും. തങ്ങളുടെ പൗരനെ ഫ്രാന്‍സ് അറസ്റ്റു ചെയതത് ന്യായീകരിക്കാനാവില്ലെന്നാണ് അവര്‍ പറയുന്നത്. ഫ്രാന്‍സുമായുള്ള കോടികളുടെ ഒരു ആയുധ ഇടപാട് അവര്‍ വേണ്ടെന്നു വെച്ചതായി വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.
ഈ പ്രശ്നത്തില്‍ ഒരു അമേരിക്കന്‍ ആംഗിള്‍ കാണുന്നവരും കുറവല്ല. കഴിഞ്ഞ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ പ്രധാനപ്പെട്ട സോഷ്യല്‍ മീഡിയാ നെറ്റ്വര്‍ക്കുകളില്‍ (ബിഗ് ടെക്) ഭൂരിഭാഗവും ഡെമോക്രാറ്റുകള്‍ക്ക് അനുകൂലമായിരുന്നു. അവര്‍ ബൈഡനെതിരായ വാര്‍ത്തകളും ട്രംപനുകൂല വാര്‍ത്തകളും മുക്കി. പക്ഷേ, ഇപ്പോള്‍ ചെറിയ വ്യത്യാസമുണ്ട്. ഇലോണ്‍ മസ്‌ക് വിലയ്ക്കെടുത്തതില്‍ പിന്നെ എക്സില്‍ (ട്വിറ്റര്‍) സെന്‍സറിംഗ് നിര്‍ത്തി. ആ സാഹചര്യത്തിലാണ് ടെലഗ്രാം സ്വന്തമാക്കാനുള്ള നീക്കമെന്നും ശ്രുതിയുണ്ട്. (ഇപ്പോഴും മുഖ്യധാരാമാധ്യമങ്ങളില്‍ എക്സ് ഒഴികെയുള്ളവര്‍ 2020-ലെ ട്രംപ് വിരുദ്ധ നിലപാട് മാറ്റിയതായി തോന്നുന്നില്ല.) റഷ്യ-യുക്രെയിന്‍ യുദ്ധത്തില്‍ റഷ്യന്‍ കാഴ്ചപ്പാടും യാഥാര്‍ത്ഥ്യങ്ങളും പുറത്തുവരുന്നത് തടയുക എന്ന ദുരുദ്ദേശ്യവുമുണ്ടത്രേ. എന്തായാലും അഭിപ്രായസ്വാതന്ത്ര്യം തങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍ മാത്രം മതിയെന്ന പാശ്ചാത്യനിലപാട് ലോകം അംഗീകരിച്ചു കൊടുക്കുമെന്ന് തോന്നുന്നില്ല.

അമേരിക്ക കണ്ണുരുട്ടി, സക്കര്‍ബര്‍ഗ് അനുസരിച്ചു
2021-ല്‍ കൊറോണാ വൈറസ് മഹാമാരിയുടെ കാലത്ത് അമേരിക്കന്‍ സര്‍ക്കാരിന്റെ സമ്മര്‍ദം കാരണം ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും നിന്ന് നിരവധി പോസ്റ്റുകള്‍ നീക്കം ചെയ്യേണ്ടി വന്നുവെന്ന് മെറ്റ മേധാവി സക്കര്‍ബര്‍ഗ് വ്യക്തമാക്കി. 2020-ലെ പ്രസിഡന്റെ തിരഞ്ഞെടുപ്പിനു മുമ്പ് സ്ഥാനാര്‍ഥി ജോ ബൈഡന്റെ മകന്‍ ഹണ്ടറുള്‍പ്പെട്ട അഴിമതിക്കഥ കുറച്ചുനാള്‍ മുക്കിയെന്നും കത്തില്‍ അദ്ദേഹം സമ്മതിക്കുന്നു. റഷ്യന്‍ സര്‍ക്കാരിന്റെ വ്യാജവാര്‍ത്താ പരിപാടിയാണതെന്ന് എഫ്.ബി.ഐ മുന്നറിയിപ്പു നല്‍കിയതാണ് കാരണമെന്നും സത്യം ബോധ്യമായപ്പോള്‍ വിലക്കു നീക്കിയെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ചെലുത്തിയ സമ്മര്‍ദം തെറ്റായിരുന്നുവെന്നും ഇനി ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാതെ നോക്കുമെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു.
കൊറോണക്കാലത്ത് ബഹുരാഷ്ട്രക്കുത്തകകളായ ഫൈസറിന്റെയും മോഡേണയുടെയും വാക്സിനുകള്‍ നിര്‍ബന്ധമാക്കുന്നതിനായുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു വാക്സിന്‍ വിരുദ്ധവാര്‍ത്തകള്‍ നീക്കം ചെയ്യാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ ശ്രമിച്ചത്. അന്ന് ഇതിന് ചുക്കാന്‍ പിടിച്ച ഡോ ഫൗച്ചി പിന്നീട് വാക്സിനെടുത്താല്‍ രോഗബാധ വരില്ലെന്ന് ഉറപ്പില്ലെന്നും വീണ്ടും വരാനുള്ള സാധ്യതയുണ്ടെന്നും സമ്മതിച്ചിരുന്നു. അതിനിടെ, അതിവേഗം പടരുന്ന ഓമിക്രോണ്‍ വകഭേദമായ ജെ.എന്‍ ഒന്നിന്റെ രൂപാന്തരമായ കെ.പി രണ്ടിനെതിരായ വാക്സിന്‍ അമേരിക്കയില്‍ തയ്യാറായിട്ടുണ്ട്. ഉല്‍പ്പാദകര്‍ ഫൈസറും മോഡേണയും തന്നെ. ഇതിന് എഫ്.ഡി.എ അനുമതി നല്‍കിക്കഴിഞ്ഞു.
Key Points:
- Telegram founder Pavel Durov arrested in Paris.
- Mark Zuckerberg admits to censoring posts on Facebook and Instagram related to COVID-19 and Hunter Biden.
- Durov`s arrest raises concerns about censorship and freedom of speech.
- Zuckerberg`s admission highlights the influence of governments on social media platforms.
- The incidents highlight the complex relationship between technology, free speech, and government power.
Content Highlights: Pavel Durov, Telegram founder, was arrested in Paris, while Facebook CEO Mark Zuckerberg admitted to
Published: 29 Aug 2024, 10:00 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented