അവതാറിൽ നിന്നും | photo: pti
If you set your goals ridiculously high and it's a failure, you will fail above everyone else's success - James Cameron
ഫേനകിസ്റ്റിസ്സ്കോപ്പ് (Phenakistiscope). എത്ര സങ്കീര്‍ണമായ പദം! സംഗതി ലളിതമാണ്. വട്ടത്തില്‍ വെട്ടിയ ഒരു കാര്‍ബോര്‍ഡ് പ്രതലത്തില്‍ വൃത്തത്തില്‍ ഒരു വസ്തുവിന്റെ ചലനത്തിന്റെ ക്രമത്തിലുള്ള ചിത്രങ്ങള്‍ വരയ്ക്കുന്നു. വട്ടത്തിന്റെ നടുവില്‍ ഒരു പിന്നിന്റെ സഹായത്തോടെ ഒരു സ്റ്റാന്‍ഡ് ഘടിപ്പിച്ച് ഒരു പമ്പരം പോലെ അതിനെ കറക്കുന്നു. വളരെ മനോഹരമായി അതിലെ ചിത്രങ്ങള്‍ ചലിക്കുന്നത് കാണാം. ഇത് ആദ്യത്തെ ആനിമേഷന്‍ ചലച്ചിത്രം. 1832 ല്‍ ജോസഫ് പ്ലാറ്റിയു (Joseph Plateau) എന്ന ബെല്‍ജിയന്‍ ശാസ്ത്രജ്ഞനും ഓസ്ട്രിയന്‍ പ്രൊഫസര്‍ സൈമണ്‍ സ്റ്റാമ്പ്ഫെറും ഏതാണ്ട് ഒരേ സമയത്തു കണ്ടെത്തിയ വിദ്യ.
ആദ്യം നിശബ്ദമായും പിന്നീട് ബ്ലാക്ക് ആന്‍ഡ് വൈറ്റിലും അതിനു ശേഷം കളറിലും എത്തിയ സിനിമ വ്യവസായം സാങ്കേതിക സഞ്ചയങ്ങളുടെ അകമ്പടി കണ്ടത് ഒരു ട്രക്ക് ഡ്രൈവറായി ജോലി നോക്കിയിരുന്ന ജെയിംസ് കാമറോണ്‍ എന്ന ചെറുപ്പക്കാരന് സിനിമ വ്യവസായത്തിലേയ്ക്ക് കാലെടുത്തു വെച്ചപ്പോഴായിരുന്നു. 1977 ലെ 'സ്റ്റാര്‍ വാര്‍സ്' എന്ന സിനിമയായിരുന്നു അതിനു അയാള്‍ക്ക് പ്രചോദനമായത്. നിങ്ങള്‍ വലിയ ലക്ഷ്യങ്ങള്‍ക്കു വേണ്ടി റിസ്ക് എടുക്കുമ്പോള്‍ പരാജയപ്പെട്ടാല്‍ കൂടി നിങ്ങളുടെ സ്ഥാനം വിജയിച്ചവര്‍ക്കും മീതെയായിരിക്കുമെന്ന് തിരിച്ചറിഞ്ഞ കലാകാരന്. തന്റെ മഹത്തായ കലാസൃഷ്ടികള്‍ ലോകത്തിനു സമര്പ്പി്ക്കാനായി സാങ്കേതിക വിദ്യകളുടെ പൂര്‍ണ്ണതയ്ക്ക് വേണ്ടി ക്ഷമയോടെ കാത്തുനിന്ന സംവിധായകന്.

ആദ്യം 2009 ലും പിന്നീട് 2022 ലും ദൃശ്യ വിസ്മയത്തിന്റെ മാസ്മരിക ലോകം തീര്‍ത്ത 'അവതാര്‍' അദ്ദേഹം നമുക്ക് സമ്മാനിച്ചു. തിയേറ്ററില്‍ പ്രേക്ഷകനെ സിനിമയിലേക്ക് കയറിച്ചെന്ന് ആനന്ദിക്കാന്‍ സഹായിച്ച ഈ ദൃശ്യ വിരുന്നിന്റെ പിന്നിലുള്ള സാങ്കേതിക വശങ്ങള് നോക്കാം.
3D വിദ്യയുടെ പുരോഗതി
നാം സാധാരണ തിയേറ്ററില്‍ കാണുന്ന സിനിമ 2D (2 dimensional) ആണെന്ന് പറയാം. അതായത് അതിനു ഒരു വസ്തുവിന്റെ ഉയരവും വീതിയും (height and width) മാത്രമേ കാണിക്കാന്‍ കഴിയൂ. എന്നാല്‍ 3D വിദ്യയ്ക്ക് ഒരു വസ്തുവിനെ നാം യഥാര്‍ത്ഥത്തില്‍ കാണുന്ന രീതിയില്‍, ഉയരവും വീതിയും ആഴവും (height, width and depth) നമ്മെ അനുഭവിപ്പിക്കാന്‍ കഴിയും. എങ്ങനെയാണു ഇത് സാധിക്കുന്നതെന്ന് നോക്കാം. സാധാരണ പ്രകാശം എല്ലാ ദിശയിലേയ്ക്കും സഞ്ചരിക്കുന്നു. ഈ പ്രകാശത്തെ ഒരു പോളറൈസര് ഫില്‍ട്ടര്‍ ഫിലിമിലൂടെ കടത്തിവിട്ടാല്‍ അത് ഒരു ദിശയില്‍ (one direction) മാത്രം ക്രമീകരിക്കപ്പെടുന്നു. ഈ പ്രകാശത്തെ പോളറൈസ്ഡ് ലൈറ്റ് (Polarized light) എന്ന് പറയുന്നു.
കുത്തനെയും (vertical) തിരശ്ചീനമായും (horizondal) ഇങ്ങനെ പ്രകാശത്തെ ക്രമീകരിക്കാം. ലംബമായ പോളറൈസ്ഡ് ലെന്‍സ് ഉള്ള ഒരു ക്യാമറ വസ്തുവിന്റെ ഇടതു ഭാഗത്തു വെച്ചും അതുപോലെ തിരശ്ചീനമായ പോളറൈസ്ഡ് ലെന്‍സ് ഉള്ള മറ്റൊരു ക്യാമറ വലതു ഭാഗത്ത് വെച്ചുമാണ് 3D ദൃശ്യങ്ങള്‍ സിനിമയില്‍ ഷൂട്ട് ചെയ്യുന്നത്. ഇങ്ങനെ കിട്ടുന്ന രണ്ടു ദൃശ്യങ്ങളും നമ്മുടെ 3D തിയേറ്ററില്‍ ഇടത്തുനിന്നും വലതു നിന്നും ഓരോ പ്രൊജക്ടറുകള്‍ ഉപയോഗിച്ച് സ്ക്രീനിലേക്ക് അയച്ചു മിക്സ് ചെയ്തു കാണിക്കുന്നു.
ഈ ദൃശ്യം നാം തിയേറ്ററില്‍ കാണുന്നത് ഒരു കണ്ണട ഉപയോഗിച്ചാണ്. രണ്ടു പോളറൈസ്ഡ് ഫിലിമുകളാണ് ഈ കണ്ണടയില്‍ ഉള്ളത്. ഇടതുഭാഗത്തെ ഫിലിം ലംബമായുള്ള ദൃശ്യ പ്രകാശത്തെയും വലതു ഭാഗത്തെ ഫിലിം തിരശ്ചീനമായുള്ള ദൃശ്യ പ്രകാശത്തെയും നമ്മുടെ കണ്ണിലേയ്ക്ക് കടത്തി വിടുന്നു. ഈ രണ്ടു ദൃശ്യങ്ങളും നമ്മുടെ തലച്ചോര്‍ കൂട്ടി യോജിപ്പിച്ച് ആഴവും പരപ്പുമുള്ള യഥാര്‍ത്ഥ വസ്തുവിന്റെ അനുഭവം നമ്മളില്‍ ഉണ്ടാക്കുന്നു. ഇന്നത്തെ സാങ്കേതിക വിദ്യ അനുസരിച്ച് ഒറ്റ പ്രൊജക്ടര്‍ ഉപയോഗിച്ച് തന്നെ നമുക്ക് തിയേറ്ററില്‍ 3D സിനിമ കാണിക്കാവുന്നതാണ്.


എന്തുകൊണ്ടാണ് നമ്മുടെ തലച്ചോര്‍ ഇങ്ങനെ ചെയ്യുന്നത്? ഇത് ഒരു സ്വാഭാവികമായ പ്രോസസ്സ് ആണ്. നമ്മുടെ രണ്ട് കണ്ണുകളും ഈ ലോകത്തെ കാണുന്നത് രണ്ടു രീതിയിലാണ്. അത് അറിയണമെങ്കില്‍ നമ്മുടെ ചൂണ്ടുവിരല്‍ മൂക്കിന് നേരെ കണ്ണില്‍ നിന്നും വളരെ അകലെയല്ലാതെ പിടിച്ചു ഇടതു വലതു കണ്ണുകള്‍ വേഗത്തില്‍ മാറി മാറി അടയ്ക്കുകയും തുറക്കുകയും ചെയ്താല്‍ മതി. ഇങ്ങനെയുള്ള രണ്ടു ദൃശ്യങ്ങളാണ് നമ്മുടെ തലച്ചോര്‍ കൂട്ടി യോജിപ്പിച്ചു നമുക്ക് സ്വാഭാവിക 3D കാഴ്ച സാധ്യമാക്കുന്നത്.
കണ്ണുകളെ അനുകരിച്ച് രണ്ടു ക്യാമറ ഉപയോഗിച്ചെടുത്ത രണ്ട് 2D ദൃശ്യങ്ങള്‍ അടുത്ത് വെച്ച് ക്രോസ്സ്ഡ് ഐ (crossed eye) വെച്ചു കാണുകയാണെങ്കില്‍; അതായതു രണ്ട് കൃഷ്ണമണികളും മൂക്കിനടുത്തേയ്ക്ക് നീക്കി നോക്കുകയാണെങ്കില്‍ രണ്ടു ദൃശ്യങ്ങളുടെയും ഇടയില്‍ വസ്തുവിന്റെ 3D ദൃശ്യം കാണാന്‍ നമുക്ക് സാധിയ്ക്കും.
ഇവിടെ അവതാര്‍ ഷൂട്ട് ചെയ്യുവാന്‍ വേണ്ടി കാമറോണ്‍ ഉപയോഗിച്ചത് ഒരു സ്റ്റീരിയോസ്കോപിക് 3D ഫ്യൂഷന്‍ ക്യാമറ (stereoscopic 3D fusion camera) സിസ്റ്റമാണ്. നേരത്തെ പറഞ്ഞ തിരശ്ചീന-ലംബ ക്യാമറകള്‍ ഒന്നിച്ചു ഒരു ക്യാമറയില്‍ തന്നെ ഘടിപ്പിച്ചു എന്നതാണ് ഇവിടത്തെ സവിശേഷത. വലതു ക്യാമറയില്‍ horizondally polarized ലെന്‍സും ഇടത്തെ ക്യാമറയില്‍ vertically polarized ലെന്‍സുമാണ് ഘടിപ്പിച്ചിരിക്കുന്നത്. ഈ രണ്ട് ക്യാമറകള്‍ തമ്മിലുള്ള ദൂരം രണ്ട് ഇഞ്ച് ആണ്. അതായത് നമ്മുടെ രണ്ട് കണ്ണുകള്‍ തമ്മിലുള്ള ദൂരം. അതായത് നമ്മുടെ കണ്ണുകളെ അക്ഷരാര്‍ത്ഥത്തില്‍ അനുകരിക്കുകയാണ് ഈ ഫ്യൂഷന്‍ ക്യാമറ. ഇത് കൂടുതല്‍ റിയലിസ്റ്റിക് ആയുള്ള അനുഭവം നമ്മളില്‍ ഉണ്ടാക്കുന്നു.
.jpg?$p=07695fc&&q=0.8)
മോഷന്‍ ക്യാപ്ച്ചര്‍ (Motion capture) ഫിലിം ഷൂട്ട്
'അവതാര്‍' എന്ന സിനിമ ഭൂരിഭാഗവും ഷൂട്ട് ചെയ്തത് കാലിഫോര്‍ണിയയിലെ പ്ലെയ വിസ്തയിലുള്ള 2,80,000 സ്ക്വയര്‍ ഫൂട്ട് സ്റ്റുഡിയോയില്‍ ആണ്. മോഷന്‍ ക്യാപ്ച്വര്‍ അല്ലെങ്കില്‍ ജെയിംസ് കാമറോണിന്റെ ഭാഷയില്‍ പെര്‍ഫോമന്‍സ് ക്യാപ്ച്വര്‍ (performance capture) എന്ന രീതിയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. നടന്മാരുടെ പെര്‍ഫോമന്‍സും കമ്പ്യൂട്ടര്‍ ജനറേറ്റഡ് ഇമേജറിയും (CGI) വളരെ വിജയപ്രദമായി സമ്മേളിപ്പിയ്ക്കുകയാണ് ഇവിടെ. മറ്റ് സിനിമകളില്‍ നിന്നും വ്യത്യസ്തമായി നടന്മാര് ഇവിടെ മേക്കപ്പ് ഉപയോഗിക്കേണ്ട കാര്യമില്ല. പകരം ഇന്‍ഫ്രാറെഡ് കിരണങ്ങളില്‍ പ്രതിഫലനം കാണിക്കുന്ന പ്രത്യേക തരം ഡോട്ടുകള്‍ അവരുടെ ശരീരത്തിലും ഡ്രസ്സിലും പതിക്കും. ഇതിനെ റിഫ്ലക്റ്റീവ് മാര്‍ക്കേഴ്സ് (reflective markers) എന്ന് വിളിക്കുന്നു.
നടന്മാര് അഭിനയിക്കുമ്പോള്‍ അവരുടെ ചലനങ്ങള്‍ കൃത്യമായി സ്ക്രീനില്‍ ഡോട്ടുകളായി പ്രത്യക്ഷപ്പെടുന്നു. ഈ ഡോട്ടുകളെ അവതാറിലെ ഒന്‍പത് അടി നീളമുള്ള നീലനിറമുള്ള 'നേവി' എന്ന CGI കഥാപാത്രവുമായി മിക്സ് ചെയ്യുന്നു. അതേസമയം തന്നെ വളരെ കലാപരമായ, ഒരു കുറ്റവും പറയാനില്ലാത്ത ബാക്ക്ഗ്രൗണ്ട് കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് ഇമേജുകളുമായി അപ്പോള്‍ തന്നെ മിക്സ് ചെയ്തു സംവിധായകന് കാണുന്നു. ഉദാഹരണമായി അവതാറിലെ നായകന് മരത്തിന് മുകളിലൂടെ ഓടുന്നത് സ്റ്റുഡിയോയില്‍ ക്രമീകരിച്ച ഒരു വലിയ പൈപ്പിന് മുകളിലൂടെ ആയിരിക്കും. ഇവിടെ അതേസമയം തന്നെ നേരത്തെ ഉണ്ടാക്കിയ മരത്തിന്റെ കമ്പ്യൂട്ടര്‍ ഇമേജ് നായകന്റെ ഓട്ടവുമായി മിക്സ് ചെയ്യുന്നു. ഇവിടെ അഭിനേതാവിന് വലിയ ചെവിയുള്ള ഒരു ഹെല്‍മെറ്റും, മുടിയും, വാലും മാത്രമാണ് മേക്കപ്പ് എന്ന രീതിയില്‍ ഉപയോഗിക്കേണ്ടി വരുന്നത്.

മുഖത്തിന്റെ കൃത്യമായ അഭിനയം കിട്ടാന്‍ വേണ്ടി ധരിച്ചിരിക്കുന്ന ഭാരം കുറഞ്ഞ ഹെല്‍മെറ്റിന് മുകളില്‍ മുഖത്തേയ്ക്ക് പ്രൊജക്റ്റ് ചെയ്യുന്ന രീതിയില്‍ ഒരു ചെറിയ ക്യാമറയുമുണ്ട്. അതുകൂടാതെ നടീ നടന്മാരുടെ സൂക്ഷ്മമായ ചലനങ്ങള്‍ ഒപ്പിയെടുക്കാന്‍ വേണ്ടി ഏതാണ്ട് 120 ഓളം ക്യാമറകള്‍ സ്റ്റുഡിയോയുടെ പല ഭാഗത്തായി വെച്ചിട്ടുണ്ടായിരുന്നു. ഷൂട്ടിംഗ് നടക്കുന്ന സമയത്ത് ജെയിംസ് കാമറോണിന്റെ കയ്യിലുള്ള ഒരു വെര്‍ച്വല്‍ ക്യാമറ (virtual camera) CGI യുമായി മിക്സ് ചെയ്ത ദൃശ്യങ്ങള്‍ അപ്പോള്‍ത്തന്നെ കാണുകയും നിര്‍ദ്ദേശങ്ങള്‍ കൊടുക്കുകയും ചെയ്യുന്നു. അതായത് ഷൂട്ടിങ് സമയത്ത് തന്നെ നേരത്തെ ഉണ്ടാക്കിയ കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് ചിത്രങ്ങളുടെ ഇടയിലൂടെ അഭിനേതാവിന് നിര്‍ദ്ദേശങ്ങള്‍ കൊടുക്കാന്‍ പറ്റുന്നു. വെര്‍ച്വല്‍ ക്യാമറ എന്നാല്‍ ലെന്‍സ് ഒന്നുമില്ലാത്ത ഒരു liquid crystal display (LCD) മാത്രമാണ്. ഇത് ചെറിയ തോതില്‍ ചലിപ്പിച്ച് സംവിധായകന് ദൃശ്യങ്ങള്‍ മികവുള്ളതാക്കാനും പറ്റും.
വെള്ളത്തിനടിയിലെ ചിത്രീകരണം
2022 ലെ അവതാര്‍ സിനിമയിലെ ഒരുപാട് സീനുകള്‍ ചിത്രീകരിച്ചിരിയ്ക്കുന്നതു വെള്ളത്തിനടിയില്‍ വെച്ച് ആണല്ലോ. ഡീപ്പ് എക്സ് 3D (Deep X 3D) എന്ന വെള്ളത്തിനടിയില്‍ ഷൂട്ട് ചെയ്യാന്‍ പറ്റുന്ന ക്യാമറയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. നേരത്തെ മറ്റ് ഉദ്ദേശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന ഈ ക്യാമറ ലോകത്തില്‍ ആദ്യമായാണ് ഒരു സിനിമ ഷൂട്ട് ചെയ്യാന്‍ ഉപയോഗിച്ചത്. സ്റ്റുഡിയോയില്‍ പ്രത്യേകം ഒരുക്കിയ 9,00,000 ഗാലണ്‍ വെള്ളം നിറച്ച ഒരു ടാങ്കിലാണ് ഈ ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. ഒരു പരിധി വരെ സ്വിമ്മിങ് സ്യൂട്ടുകളും ഓക്സിജന്‍ ഹെല്‍മെറ്റുകളും ഉപയോഗിക്കാതെയാണ് എല്ലാ രംഗങ്ങളും പകര്‍ത്തിയത്.
വെള്ളത്തിനടിയില്‍ ഹെല്‍മെറ്റില്‍ നിന്നുള്ള കുമിളകള്‍ ദൃശ്യത്തിന്റെ വ്യക്തതയെ ബാധിക്കും എന്നുള്ളതിനാല്‍ മിനിറ്റുകളോളം വെള്ളത്തിനടിയില്‍ നിന്ന് അഭിനയിക്കാന്‍ നടീ നടന്മാര് പ്രത്യേകം പരിശീലനം നേടിയിരുന്നു. മുകളില്‍ നിന്നുള്ള പ്രതിഫലനം (reflection) പൂര്‍ണമായും ഒഴിവാക്കാന്‍ വേണ്ടി വെള്ളത്തിന്റെ പ്രതലം മുഴുവനും വെളുത്ത നിറത്തിലുള്ള പ്ലാസ്റ്റിക് ബോളുകള്‍ കൊണ്ട് മൂടിയിരുന്നു.
വമ്പന്‍ പ്രതീക്ഷകള്‍
അവതാര്‍ ഒരു ആനിമേറ്റഡ് സിനിമയല്ല. ഇത് നടീ നടന്മാരുടെ ഓരോ ഇഞ്ച് പെര്‍ഫോമന്‍സും കൃത്യമായി ഒപ്പിയെടുത്ത് വളരെ ഭംഗിയായി CGI യുമായി മിക്സ് ചെയ്തെടുത്ത ഒരു സിനിമയാണ്. നേരത്തെ പറഞ്ഞ പോലെ എല്ലാ കാര്യങ്ങളും ഒരേ സമയത്തു തന്നെ ചെയ്യുന്നു എന്നതാണ് ഇവിടത്തെ പ്രധാനപ്പെട്ട സവിശേഷത.
ജെയിംസ് കാമറോണ്‍ എന്ന സംവിധായകന്റെ ഓരോ സിനിമയും ശാസ്ത്രത്തിന്റെയും സാങ്കേതിക മികവിന്റെയും അന്നന്നുള്ള മുന്നേറ്റങ്ങള്‍ ഉപയോഗിച്ച് തന്നെയാണ് ചിത്രീകരിക്കുന്നത്. 2022 ലെ അവതാറിന്റെ വിജയം നോക്കുകയാണെങ്കില്‍ ഒന്നുറപ്പാണ്. സിനിമകള്‍ ഷൂട്ട് ചെയ്യുന്നതും അത് എഡിറ്റു ചെയ്യുന്നതും എന്തിനേറെ പറയുന്നു അഭിനേതാക്കള്‍ അഭിനയിക്കുന്നതും ഇനി ഒരിക്കലും പഴയത് പോലെയാകില്ല. വരാന്‍ പോകുന്ന അവതാര്‍ സിനിമകളിലെ ശാസ്ത്ര അത്ഭുതങ്ങള്‍ക്കായി നമുക്ക് കാത്തിരിക്കാം.
കോഴിക്കോട് എൻഐടിയിലെ കെമിസ്ട്രി വിഭാഗം പ്രൊഫസറാണ് ലേഖകൻ
Content Highlights: technics used in james cameron s hollywood film avatar way of water
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..