ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കാണാന്‍ സാധിക്കുന്ന ഒരു പ്രതിഭാസത്തെ കാത്ത് ആകാശത്തേക്ക് കണ്ണ് നട്ടിരിക്കയാണ് ശാസ്ത്രലോകം. 2024 സെപ്റ്റംബറിനകം നമുക്ക് ആകാശത്തൊരു ദൃശ്യ വിരുന്ന് ഒരുങ്ങുന്നുണ്ടെന്നാണ് ജ്യോതിശാസ്ത്രജ്ഞര്‍ അവരുടെ നിരീക്ഷണങ്ങള്‍ക്കൊടുവില്‍ വ്യക്തമാക്കുന്നത്.

To advertise here,

ഭീമന്‍ നക്ഷത്രങ്ങള്‍ പൊട്ടിത്തെറിച്ചുണ്ടാകുന്ന സൂപ്പര്‍നോവകളെ പറ്റി നിങ്ങള്‍ കേട്ട് കാണും, എന്നാല്‍ നോവകളെ കുറിച്ച് കേട്ടിട്ടുണ്ടോ? സെപ്റ്റംബറിനകം നമ്മള്‍ സാക്ഷിയാകാന്‍ പോകുന്നത് ഒരു നോവ കാഴ്ചയ്ക്കാണ്. അത് ഭൂമിയില്‍ നിന്ന് നഗ്‌നനേത്രങ്ങള്‍ കൊണ്ട് തന്നെ കാണാനാവും. 

ഭൂമിയിൽ നിന്ന് 3,000 പ്രകാശവർഷം അകലെ ഉത്തരാർധഖഗോളത്തിൽ  (Northern Celestial Hemisphere) സ്ഥിതി ചെയ്യുന്ന ഒരു ചെറിയ നക്ഷത്രസമൂഹമാണ് കൊറോണ ബോറിയാലിസ് (Coronae Borealis). ആ നക്ഷത്രസമൂഹത്തിൽ ഒരു ഇരട്ടനക്ഷത്ര സംവിധാന (ബൈനറി സ്റ്റാർ സിസ്റ്റം) മുണ്ട്. ഗുരുത്വാകർഷണത്താൽ ബന്ധിപ്പിക്കപ്പെട്ട് പരസ്പരം ഭ്രമണം ചെയ്യുന്ന രണ്ട് നക്ഷത്രങ്ങളുടെ ഒരു സംവിധാനമാണത്. അതിലൊരു നക്ഷത്രം വെളുത്ത കുള്ളൻ (White Dwarf) നക്ഷത്രമാണ്. അതിന്റെ കൂട്ടാളിയാകട്ടെ ഒരു ചുവന്ന ഭീമനും (Red Giant). അതിലെ വെളുത്ത കുള്ളന്റെ ബാഹ്യഭാഗത്തിനാണ് പൊട്ടിത്തെറി അഥവാ നോവ സംഭവിക്കുന്നത്. ആ പൊട്ടിത്തെറി ഏതാണ്ട് 80 വർഷം കഴിയുമ്പോൾ ആവർത്തിക്കും. ഇത്തരം ആവർത്തന സ്വഭാവമുള്ള നോവകളെ റിക്കറിങ് നോവകൾ (Reccuring Novea) എന്ന് വിളിക്കുന്നു.  

കൊറോണ ബോറിയാലിസ് നക്ഷത്രസമൂഹത്തിൽ നടക്കുന്ന ഈ റിക്കറിങ് നോവയുടെ പേര് 'ടി കൊറോണ ബോറിയാലിസ്' (T Coronae Borealis) എന്നാണ്. സാധാരണ സാഹചര്യത്തിൽ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത ഈ വെളുത്ത കുള്ളൻ നക്ഷത്രം നോവ സംഭവിക്കുമ്പോൾ കൂടുതൽ പ്രകാശിക്കും. ഈ പ്രകാശം ധ്രുവനക്ഷത്രത്തിന്റെ അത്രയും വരും. ഭൂമിയിൽ നിന്ന് നഗ്നനേത്രങ്ങൾ കൊണ്ട് ദിവസങ്ങളോളം അത് കാണാൻ കഴിയും.

നക്ഷത്രങ്ങള്‍ക്ക് അകത്ത് അതിന്റെ കാമ്പില്‍ (Core) ഉയര്‍ന്ന താപനിലയും സമ്മര്‍ദ്ദവും കാരണം അവിടത്തെ ഹൈഡ്രജന്‍ ആറ്റങ്ങളുടെ കേന്ദ്രം സംയോജിക്കുകയും ഹീലിയം ഉണ്ടാകുന്ന ന്യൂക്ലീയര്‍ ഫ്യൂഷന്‍ എന്ന പ്രക്രിയ നടക്കുകയും ചെയ്യുന്നതിനാലാണ് അവ ചൂടുള്ളതും പ്രകാശിക്കുന്നതുമായി നിലനില്‍ക്കുന്നത്. നക്ഷത്രത്തിന്റെ വലിപ്പതിനനുസരിച്ച് കോടാനുകോടി വര്‍ഷങ്ങള്‍ അതിലെ ഇന്ധനം തീരും വരെ ഫ്യൂഷന്‍ റിയാക്ഷന്‍ തുടരും. നമ്മുടെ സൂര്യനെ പോലെ ഒരു ഇടത്തരം നക്ഷത്രത്തിനകത്തെ കോറില്‍ ഇന്ധനം കഴിയാറാവുമ്പോള്‍ കോറിനു പുറമെ ഉള്ള പാളികള്‍ വികസിക്കാന്‍ തുടങ്ങും. ഇത് നക്ഷത്രത്തെ ഒരു ചുവന്ന ഭീമനാക്കി (Reg Giant) മാറ്റും. കോറിലെ ഇന്ധനം മുഴുവനായും തീരുന്നതോട് കൂടി പുറം പാളികള്‍ അകന്ന് പോകും. 

പിന്നീട് അവശേഷിക്കുന്ന നക്ഷത്രത്തിന്റെ കോര്‍ ഗ്രാവിറ്റി കാരണം ചുരുങ്ങുകയും ഒരു വെളുത്ത കുള്ളന്‍ (White Dwarf) നക്ഷത്രമായി മാറുകയും ചെയ്യും. വെളുത്ത കുള്ളന്മാര്‍ വളരെ ചൂടുള്ളതും സാന്ദ്രതയുള്ളതുമായ നക്ഷത്രങ്ങളാണ്. അതിന്റെ ഗ്രാവിറ്റേഷണല്‍ ഫീല്‍ഡിന്റെ ശക്തി അതിനോട് അടുക്കും തോറും കൂടുതലായിരിക്കും. നമ്മുടെ സൂര്യനെക്കാള്‍ ചെറിയ നക്ഷത്രങ്ങള്‍ ചുവന്ന ഭീമനാകാതെ നേരിട്ട് വെളുത്ത കുള്ളനാകാറുണ്ട്. സൂര്യനെക്കാള്‍ വലിയ നക്ഷത്രങ്ങളാകട്ടെ ചുവന്ന ഭീമനായി വികാസം പ്രാപിച്ച് പിന്നീട് സൂപ്പര്‍ നോവയോ, ന്യൂട്രോണ്‍ സ്റ്റാറുകളോ, ബ്ലാക്ക് ഹോളുകളോ ആയിമാറും.

ടി കൊറോണ ബോറിയാലിസ് എന്ന റിക്കറിങ് നോവ ഉണ്ടാവാന്‍ കാരണം വെളുത്ത കുള്ളന്‍ നക്ഷത്രത്തിന്റെ ഒരുപാട് അടുത്തേക്ക് അതിന്റെ കൂട്ടാളിയായ ചുവന്ന ഭീമന്‍ നക്ഷത്രം വികസിച്ചെത്തുന്നതാണ്. വെളുത്ത കുള്ളന്മാര്‍ക്ക് അതിനോട് അടുക്കും തോറും ഉയര്‍ന്ന ഗ്രാവിറ്റേഷണല്‍ ഫീല്‍ഡ് ഉണ്ടാകുമെന്ന് പറഞ്ഞല്ലൊ, ഈ ഗ്രാവിറ്റേഷണല്‍ ഫീല്‍ഡ് അടുത്തെത്തിയ ചുവന്ന ഭീമന്‍ നക്ഷത്രത്തിന്റെ പുറം പാളിയിലെ പദാര്‍ഥങ്ങളെ വെളുത്ത കുള്ളനിലേക്ക് വലിച്ചെടുക്കും. ഇത് ന്യൂക്ലീയര്‍ ഫ്യൂഷന്‍ നിലച്ച വെളുത്ത കുള്ളന്‍ നക്ഷത്രത്തില്‍ വീണ്ടും ഫ്യൂഷന്‍ റിയാക്ഷന്‍ ഉണ്ടാവാന്‍ ഉള്ള സാഹചര്യം ഒരുക്കും. ഈ റിയാക്ഷന്‍ അനിയന്ത്രിതമായി നടക്കുകയും സാധാരണ ഇത് ഒരു സൂപ്പര്‍ നോവയ്ക്ക് (Type 1A Supernova) കാരണമാകുകയും അതോടെ വെളുത്ത കുള്ളന്‍ നശിക്കുകയും ചെയ്യേണ്ടതാണ്. എന്നാല്‍ കൊറോണ ബോറിയാലിസില്‍ വെളുത്ത കുള്ളന്‍ നശിക്കുന്നില്ല. 

വെളുത്ത കുള്ളന്‍ കൂട്ടാളിയായ നക്ഷത്രത്തില്‍ നിന്നും പദാര്‍ഥങ്ങള്‍ വലിച്ചെടുക്കുന്നത് പതിയെ ആണെങ്കില്‍ Type 1 A സൂപ്പര്‍നോവ ആകും മുമ്പ് തന്നെ ചുവന്ന ഭീമനില്‍ നിന്ന് വെളുത്ത കുള്ളന്‍ ശേഖരിച്ചു വന്ന ഹൈഡ്രജന്‍ അതിന് ചുറ്റും ഒരു അന്തരീക്ഷം ഉണ്ടാക്കുകയും ഇത് ചൂട് പിടിക്കുകയും, ഹൈഡ്രജന്‍ ഫ്യൂഷന് കാരണമാകുകയും ശേഷം ഇതൊരു പൊട്ടിത്തെറിയില്‍ കലാശിക്കുകയും ചെയ്യും. ഇവിടെ ഹൈഡ്രജന്‍ അന്തരീക്ഷം ചിതറി പോവുകയും, പൊട്ടിത്തെറിയില്‍ വെളുത്തകുള്ളന് കാര്യമായി യാതൊന്നും സംഭവിക്കാതെ അവശേഷിക്കുകയും ചെയ്യും. വെളുത്തകുള്ളന്‍ വീണ്ടും കൂട്ടാളിയില്‍ നിന്നും പദാര്‍ഥങ്ങള്‍ വലിച്ചെടുക്കുകയും വീണ്ടും നോവ പൊട്ടിത്തെറി ഉണ്ടാകുകയും ചെയ്യും. 

1866 ല്‍ ആണ് കൊറോണ ബോറിയാലിസ് നോവ ആദ്യം ശ്രദ്ധിക്കുന്നത് പിന്നീട് ശാസ്ത്രജ്ഞര്‍ നിരീക്ഷണങ്ങള്‍ നടത്തുകയുണ്ടായി. 1946 ല്‍ വീണ്ടും നോവ ഉണ്ടായി. നോവ ഉണ്ടാവാന്‍ പോകുന്നതിന് മുന്‍പ് നക്ഷത്രത്തിന്റെ പ്രകാശ തീവ്രതയില്‍ ഉണ്ടാകുന്ന ഏറ്റകുറച്ചിലുകള്‍ നിരീക്ഷിച്ചപ്പോഴാണ് 2024 സെപ്റ്റംബറിനകം ഇത്തരത്തിലൊരു നോവ ഉണ്ടാവാനിടയുണ്ടെന്ന് ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചത്. ഒരു പരിധിവരെ ടെലിസ്‌കോപ്പോ ബിനോക്കുലറോ ഇല്ലാതെ തന്നെ കേരളത്തില്‍ നിന്നും നമുക്കിത് കാണാന്‍ കഴിയും.

നക്ഷത്രങ്ങളുടെ ജനനവും മരണവും ജീവിതവും മനുഷ്യരുടെ ജീവിതത്തോളം തന്നെ സംഭവബഹുലമാണ്. ബഹിരാകാശ കാഴ്ചകളെ കൗതുകത്തോടെ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത്തരത്തിലുള്ള എവെന്റുകള്‍ ഏറെ ജിജ്ഞാസ ഉളവാക്കുന്നവയാണ്. ശാസ്ത്രലോകം ഇത്തരം പൊട്ടിത്തെറികളെ കൂടുതല്‍ ഗൗരവകരമായ പഠനങ്ങള്‍ക്ക് വിധേയമാക്കാറുണ്ട് കാരണം ഇത്തരം പൊട്ടിത്തെറികളിലൂടെ ജീവന്റെ ഉത്ഭവത്തെ പറ്റിയും പ്രപഞ്ചത്തിന്റെ വികാസത്തെ പറ്റിയും ഒക്കെ കൂടുതല്‍ അറിവ് ശേഖരിക്കാന്‍ ശാസ്ത്രലോകത്തിന് കഴിയും.