മുംബൈ: വ്യത്യസ്തമായ ബൗളിങ് ആക്ഷന്‍ കൊണ്ട് ആരാധകരുടെ മനം കീഴടക്കി വനിതാക്രിക്കറ്റ് താരം മായ സോനാവണെ. വനിതാ ട്വന്റി 20 ചലഞ്ച് മത്സരത്തിനിടെയാണ് മായയുടെ വേറിട്ട ആക്ഷന്‍ വൈറലായത്. 

To advertise here,

ദീപ്തി ശര്‍മ നയിക്കുന്ന വെലോസിറ്റി ടീമിലാണ് മായ കളിക്കുന്നത്. മായയുടെ രസകരമായ ആക്ഷന്‍, ക്രീസിലുള്ള ബാറ്ററെ ആശയക്കുഴപ്പത്തിലേക്ക് തള്ളിയിടും. വെലോസിറ്റിയും സൂപ്പര്‍ നോവാസും തമ്മിലുള്ള രണ്ടാം വനിതാ ട്വന്റി 20 മത്സരത്തിനിടെയാണ് വ്യത്യസ്തമായ ബൗളിങ് ആക്ഷന്‍ കൊണ്ട് മായ താരമായത്. 

ദക്ഷിണാഫ്രിക്കയുടെ മുന്‍ സ്പിന്നര്‍ പോള്‍ ആഡംസിനോടാണ് മായയെ ക്രിക്കറ്റ് പണ്ഡിതന്മാര്‍ സാമ്യപ്പെടുത്തുന്നത്. വനിതാ ട്വന്റി 20 ചലഞ്ചില്‍ ഇതാദ്യമായാണ് മായ കളിക്കുന്നത്. മത്സരത്തില്‍ രണ്ടോവര്‍ മാത്രം ചെയ്ത താരം 19 റണ്‍സ് വഴങ്ങി.

മഹാരാഷ്ട്ര സ്വദേശിനിയായ മായ ഈയിടെ അവസാനിച്ച വനിതകളുടെ സീനിയര്‍ ട്വന്റി 20 ട്രോഫിയില്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. എട്ട് മത്സരങ്ങളില്‍ നിന്നായി 11 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍നോവാസ് 20 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെടുത്തിട്ടുണ്ട്. നായിക ഹര്‍മന്‍പ്രീത് സിങ് 71 റണ്‍സെടുത്ത് ടീമിന്റെ നട്ടെല്ലായി മാറി.