
കേബിൾ ബ്രോഡ്ബാൻഡോ ഒരു 2ജി കണക്ഷൻ പോലുമോ സ്വപ്നംകാണാൻ കഴിയാത്ത സ്ഥലത്തുപോലും ഉപഗ്രങ്ങളിൽ നിന്ന് നേരിട്ട് അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കാൻ പോന്ന സ്റ്റാർലിങ്ക് രാജ്യത്തിന്റെ പടിവാതിലോളം വന്നെത്തിയിട്ട് വർഷം അഞ്ചു കഴിഞ്ഞു. ഇന്ത്യയുടെ ആകാശം സ്റ്റാർലിങ്കിന് തുറന്നു കൊടുക്കാൻ അരങ്ങൊരുങ്ങിയിട്ടും നാളേറെയായി. സാറ്റലൈറ്റ് ഇന്റർനെറ്റ് മേഖലയുമായി ബന്ധപ്പെട്ട പരാതികളും വിവാദങ്ങളുമായി മുന്നോട്ടുപോകവേ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എസ് സന്ദർശനവും, ഒപ്പം സ്റ്റാർലിങ്കിന്റേയും ടെസ്ലയുടേയുമെല്ലാം ഉടമയായ ഇലോൺ മസ്കുമായുള്ള ചർച്ചകളും കഴിഞ്ഞ ആഴ്ചകൾക്കുള്ളിലാണ് ആ ട്വിസ്റ്റ് അരങ്ങേറുന്നത്. ലേലം പോലുമില്ലാതെ സാറ്റലൈറ്റ് സ്പെക്ട്രം കൊടുക്കാനുള്ള കേന്ദ്ര നീക്കം സ്റ്റാർലിങ്കിന് വേണ്ടിയാണെന്ന് പരാതിയുയർത്തിയ ഭാരതി എയർടെലും റിലയൻസ് ജിയോയും സ്റ്റാർലിങ്കുമായി കരാറിലേർപ്പെട്ടിരിക്കുന്നു. വൺവെബുമായി എയർടെലും സ്പേസ് ഫൈബറുമായി ജിയോയും ഉപഗ്രഹ ഇന്റർനെറ്റ് രംഗത്തുണ്ട്. എന്നിട്ടും 24 മണിക്കൂറുകൾക്കുള്ളിലായിരുന്നു പരിഭവങ്ങളെല്ലാം മറന്ന് ഇവർ കൈകോർത്തത്. രാജ്യത്തെ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് മേഖല ഏതാണ്ട് 70 ശതമാനവും കൈയിലുള്ള, ഉപഗ്രഹ ഇന്റർനെറ്റ് പരീക്ഷണങ്ങളിലും അനുമതികളിലും ഏറെ ദൂരം മുന്നോട്ടുപോയ ജിയോയും എയർടെലും ഇങ്ങനെയൊരു മലക്കംമറിച്ചിൽ നടത്തിയത് പൊതുരംഗത്തും വലിയ ചർച്ചയായി.
കേബിളുകൾ വഴിയോ, മൊബൈൽ ഫോൺ നെറ്റ് വർക്കുകൾ വഴിയോ, വൈഫൈ പോലുള്ള ഏതെങ്കിലും ഉപാധികൾ വഴിയോ ആണ് നിലവിൽ ഇന്റർനെറ്റ് ഡേറ്റ നമ്മുടെ ഫോണിലോ കംപ്യൂട്ടറുകളിലോ എത്തുന്നത്. ഈ അടിസ്ഥാന സൗകര്യങ്ങളെല്ലാം ഒത്തിണങ്ങിയാൽ മാത്രമേ നിലവിൽ ഇന്റർനെറ്റ് ഡേറ്റ തടസ്സമില്ലാതെ ലഭിക്കുകയുള്ളൂ എന്നാണ് നമ്മുടെ അനുഭവം. എന്നാൽ കൃത്രിമോപഗ്രഹങ്ങളിൽനിന്നും നേരിട്ട് ഒരു "ഇടനിലക്കാരന്റേ'യും സഹായമില്ലാതെ അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുകയാണ് സാറ്റലൈറ്റ് ബ്രോഡ്ബാൻഡുകൾ. ഡിടിഎച്ച് വഴി ടെലിവിഷൻ ചാനലുകൾ നൽകുന്നതുപോലെ എന്നുപറഞ്ഞാൽ കൂടുതൽ വ്യക്തമാകും. ഒരു ചെറിയ ഡിഷ് ആന്റിനയും ഒരു റിസീവറുമടങ്ങുന്ന കിറ്റ് കൈയിലുണ്ടെങ്കിൽ ഭൂമിയിലെവിടെയും നെറ്റ് കിട്ടും. സാങ്കേതികവിദ്യയുടെ മേന്മകൂടുമ്പോൾ ചിലപ്പോൾ അതുപോലും വേണ്ടിവരില്ല. ഹിമാലയത്തിലെ മഞ്ഞുമലകളിലും താർ മരുഭൂമിയിലും ഒരുപോലെ.
സാറ്റ്കോം സൂപ്പർ സ്റ്റാർ
550 കിലോമീറ്ററിന് മുകളിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു കൂട്ടം ഉപഗ്രഹങ്ങളിൽ (Satellite Constellation) നിന്നാണ് സ്റ്റാർലിങ്ക് ഭൂമിയിലേക്ക് ഇന്റർനെറ്റ് നൽകുന്നത്. സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളിൽനിന്ന് ഡേറ്റാ സിഗ്നലുകൾ സ്വീകരിക്കാൻ ആവശ്യമുള്ളത് 50 സെന്റീമീറ്റർ നീളമുള്ള ഒരു ഡിഷ് ആന്റിനയും അതിലും ചെറിയ വൈഫൈ റൂട്ടറുമാണ്. സ്റ്റാർലിങ്കിന്റെ കാര്യത്തിൽ ഒരു ഡി.ടി.എച്ച്. സംവിധാനത്തിന്റെ അത്രപോലും വലുപ്പമില്ലാത്ത ഉപകരണങ്ങൾ മാത്രം മതി എന്നു സാരം. 2024 സെപ്തംബറിലെ കണക്കനുസരിച്ച് സ്റ്റാർലിങ്കിനുവേണ്ടി സ്പെയ്സ് എക്സ് കമ്പനി 7000 സാറ്റലൈറ്റുകൾ ഇതിനകം ലോ എർത്ത് ഓർബിറ്റിലേക്ക് വിക്ഷേപിച്ചുകഴിഞ്ഞു. ഇവ മണിക്കൂറിൽ 27,000 കിലോമീറ്റർ വേഗത്തിൽ ഭൂമിയുടെ മനുഷ്യവാസമുള്ള എല്ലാ മേഖലകളേയും ഉൾക്കൊള്ളുന്ന തരത്തിൽ ആകാശത്ത് സഞ്ചരിച്ചുകൊണ്ടിരിക്കും. ഭൂമിയിലെ സ്റ്റാർലിങ്ക് ഡിഷ് ആന്റിനകൾ അനുയോജ്യമായ സാറ്റലൈറ്റുകളുമായി ആശയവിനിമയ ബന്ധം സ്ഥാപിക്കും. നിശ്ചിത ഇടവേളകളിൽ ഈ ശൃംഖലയിലെ ഏറ്റവും അനുയോജ്യമായ സാറ്റലൈറ്റിനുവേണ്ടി അവ തിരഞ്ഞുകൊണ്ടിരിക്കും. അങ്ങനെ ഏറ്റവും വേഗംകൂടിയ, ലേറ്റൻസി കുറഞ്ഞ സാറ്റലൈറ്റിൽനിന്ന് ഇന്റർനെറ്റ് കണക്ടിവിറ്റി ഉറപ്പാക്കും. സെക്കൻഡിൽ 100 എം.ബി.യിൽ കുറയാത്ത വേഗമാണ് സ്റ്റാർലിങ്ക് വാഗ്ദാനം ചെയ്യുന്നത്. ഈ സാങ്കേതികവിദ്യ സാധാരണമാകുന്നതോടെ വേഗത്തിൽ സഞ്ചരിക്കുന്ന വിമാനങ്ങളിലും കപ്പലുകളിലും പോലും അതിവേഗത്തിലുള്ള ഇന്റർനെറ്റ് ലഭിക്കും. നിലവിൽ ഏഴായിരത്തിൽപരം ഉപഗ്രഹങ്ങളാണ് സ്റ്റാർലിങ്കിനുള്ളതെങ്കിൽ സമീപഭാവിയിൽ അത് 42,000 ആവുമെന്നാണ് സ്പെയ്സ് എക്സ് പ്രഖ്യാപിച്ചിട്ടുള്ളത്.

യൂടിൽസാറ്റ് വൺവെബിനെയാണ് എയർടെൽ ഉപഗ്രഹ ഇൻറർനെറ്റിനുവേണ്ടി ആശ്രയിക്കുന്നത്. 2012-ലാണ് വൺവെബ് കമ്പനി രൂപവത്കരിച്ചതെങ്കിലും സാമ്പത്തികപരാധീനതകളും മറ്റും കാരണം വലിയ പ്രതിസന്ധിയിലായ കമ്പനിയിൽ ഫ്രഞ്ച് സാറ്റലൈറ്റ് കമ്പനിയായ യൂടിൽസാറ്റിനും (Eutelsat), യു.കെ. സർക്കാരിനും, ജപ്പാനിലെ സോഫ്റ്റ്ബാങ്ക് തുടങ്ങിയവർക്കൊപ്പം ഭാരതി ഗ്ലോബലും വലിയ നിക്ഷേപമിറക്കിയിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ യൂടിൽസാറ്റും വൺവെബ്ബും ലയിച്ച് യൂടിൽസാറ്റ് വൺവെബ്ബായി. 1,200 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ 630-ൽപരം അംഗങ്ങളുള്ള സാറ്റലൈറ്റ് കോൺസ്റ്റലേഷൻ സ്ഥാപിക്കുക എന്ന ലക്ഷത്തോടടുത്ത് അവരെത്തിക്കഴിഞ്ഞു. അമേരിക്കൻ കമ്പനിയാ ഹ്യൂസ് നെറ്റ്വർക്ക് സിസ്റ്റംസും ഭാരതി എയർടെലും ചേർന്ന് രൂപം കൊടുത്തർ ഹ്യൂസ് (hughes communications india) ആണ് എയർടെലിന്റെ സൈറ്റലൈറ്റ് സേവനം മാർക്കറ്റിൽ വിതരണം ചെയ്യുക. നേരത്തേ സർക്കാർ അംഗീകാരം നേടിയ ഗുജറാത്തിലേയും തമിഴ്നാട്ടിലേയും രണ്ട് ഗേറ്റ്വേകൾ ഉടൻ പ്രവർത്തനക്ഷമമാക്കാനുള്ള ശ്രമത്തിലാണ് അവർ. ലക്സംബർഗ് ആസ്ഥാനമായുള്ള SES. എന്ന സാറ്റലൈറ്റ് കമ്യൂണിക്കേഷൻ നെറ്റ് വർക്കിന്റെ സഹായത്തോടെയാണ് മുകേഷ് അംബാനിയുടെ ജിയോ സ്പേസ് ഫൈബർ ഇന്ത്യയിൽ സേവനം നടത്തുക. പൈലറ്റ് പദ്ധതി എന്ന നിലയിൽ പരീക്ഷണാടിസ്ഥാനത്തിൽ ഗുജറാത്തിലെ ഗിർ, ഛത്തീസ്ഗഢിലെ കോർബ, ഒഡിഷയിലെ നബ്രംഗ്പുർ, അസമിലെ ജോർഹട്ട് (ഒ.എൻ.ജി.സി.) മേഖലകളിൽ ജിയോ പ്രവർത്തനം തുടങ്ങിയിരുന്നു.

യൂട്ടിൽസാറ്റ് വൺവെബ്ബിന് രാജ്യത്ത് വ്യാവസായികാടിസ്ഥാനത്തിൽ സേവനം നൽകാൻ ഇന്ത്യൻ നാഷണൽ സ്പേസ് പ്രമോഷൻ ആൻഡ് ഓതറൈസേഷൻ സെന്ററിന്റെ (IN-SPACe) അനുമതി നേരത്തേ ലഭിച്ചിരുന്നു. വൺവെബ്ബ് അനുമതികളെല്ലാം നേടി ബഹുദൂരം മുന്നിലാണ്. റിലയൻസ് ജിയോയുടെ സ്പേസ് ഫൈബർ എന്ന സാറ്റലൈറ്റ് ഇന്റർനെറ്റ് ഡൽഹിയിൽ 2023 ഒക്ടോബറിൽ നടന്ന ഇന്ത്യൻ മൊബൈൽ കോൺഗ്രസിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിലാണ് അവതരിപ്പിച്ചത്. അനുമതികളെല്ലാം ലഭിച്ചുകഴിഞ്ഞാൽ ജിയോക്ക് ഒപ്പം വൺവെബിനും ഇനി സ്പെക്ട്രം ലഭിക്കേണ്ട താമസം മാത്രമേയുള്ളൂ.
അങ്ങനെയിരിക്കെയാണ് ശത്രുക്കൾ ഒന്നിച്ചത്. സ്റ്റാർലിങ്കിന്റെ രാജ്യത്തെ പ്രമോട്ടർമാർ എന്ന നിലയിലേക്കാണ് ഇപ്പോൾ എയർടെലും ജിയോയും എത്തിയത് എന്നുമോർക്കണം. അതു മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനത്തിനിടെ ഫെബ്രുവരിയിൽ ഇലോൺ മസ്കുമായി നടത്തിയ കൂടിക്കാഴ്ച സ്റ്റാർലിങ്കിന് ഇന്ത്യയിലേക്ക് വാതിൽ തുറക്കാൻ വൈകില്ലെന്ന സൂചന നൽകിയിരുന്നു. ആ കൂടിക്കാഴ്ചയും ഇപ്പോഴത്തെ ജിയോയും എയർടെലുമായുള്ള ബാന്ധവവും ചേർത്തു വായിക്കണം. അതിനെതിരെയാണ് ഇപ്പോൾ പ്രതിപക്ഷവും രംഗത്തുവന്നിരിക്കുന്നത്. രാജ്യസുരക്ഷയെ ബാധിക്കുന്ന ഒരു സന്ദർഭം വരുമ്പോൾ, സ്റ്റാർലിങ്ക് വഴിയുള്ള ഇന്റർനെറ്റ് നിർത്താനോ സെൻസർ ചെയ്യാനോ ഉള്ള അധികാരം ആർക്കായിരിക്കും എന്നതടക്കമുള്ള വിഷയങ്ങളുയർത്തി പ്രതിപക്ഷം രംഗത്തുണ്ട്.
എന്തുകൊണ്ട് സാറ്റലൈറ്റ് ഇന്റർനെറ്റ്
കൃത്രിമോപഗ്രഹങ്ങൾ വഴി ഇന്റർനെറ്റ് എന്നത് അത്ര പുതിയ സങ്കല്പമൊന്നുമല്ല. എന്നാൽ ഒരു വലിയ വാണിജ്യമാതൃക എന്ന രീതിയിൽ ഉപഗ്രഹ ഇന്റർനെറ്റ് നടപ്പിലായിത്തുടങ്ങിയത് അടുത്ത കാലത്താണ്. ബഹിരാകാശത്ത് വിക്ഷേപിച്ചുവെച്ച ജിയോസ്റ്റേഷനറി സാറ്റലൈറ്റു(GEO)കളാണ് കാലങ്ങളായി ആശയവിനിമയരംഗത്തെ വമ്പന്മാർ. ഭൂമിയിൽനിന്നും ഏതാണ്ട് 36,000 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് സാധാരണ ജിയോ സ്റ്റേഷനറി സാറ്റലൈറ്റുകൾ വിക്ഷേപിക്കുക. അതിനു താഴെ 2,000 കിലോമീറ്റർ മുതൽ അതുവരെയുള്ള ഭ്രമണപഥത്തിലാണ് മീഡിയം എർത്ത് ഓർബിറ്റ് സാറ്റലൈറ്റുകളും (MEO) വിക്ഷേപിച്ചിട്ടുണ്ടാകുക. ടെലിവിഷൻ അടക്കമുള്ള ഒരു ഭാഗത്തേക്ക് മാത്രമുള്ള ആശയവിനിമയ ഉപാധികൾക്ക് അതിവിദൂരത്തിലുള്ള സാറ്റലൈറ്റുകൾ മതിയാകും. കാരണം സാറ്റലൈറ്റിൽനിന്നുള്ള സിഗ്നലുകൾ സ്വീകരിച്ചാൽ മാത്രംമതി അവയ്ക്ക്. എന്നാൽ ഇന്റർനെറ്റിന്റെ കാര്യം അങ്ങനെയല്ല, നമുക്ക് അങ്ങോട്ടും അവിടുന്നിങ്ങോട്ടും ആശയവിനിമയം ആവശ്യമാണ്, എന്നുമാത്രമല്ല ഇവക്കിടയിലുള്ള മില്ലിസെക്കന്റ് ഇടവേളകൾക്ക് അതിന്റേതായ വിലയുണ്ടുതാനും. "ലേറ്റൻസി' എന്ന് വിളിക്കുന്നത് ഈ ഇടവേളയേയാണ്. അവിടെയാണ് 160 കിലോമീറ്ററിനും 2,000 കിലോമീറ്ററിനും ഇടയിലുള്ള ലോ എർത്ത് ഓർബിറ്റിൽ (LEO) വിക്ഷേപിച്ചിരിക്കുന്ന സാറ്റലൈറ്റ് കോൺസ്റ്റലേഷനുകളുടെ (Satellite internet constellation) പ്രസക്തി. സാറ്റലൈറ്റ് ഇന്റർനെറ്റിനുവേണ്ടി പ്രധാനമായും ആശ്രയിക്കുന്നത് ലോ എർത്ത് ഓർബിറ്റിലുള്ള ഈ ഉപഗ്രഹക്കൂട്ടങ്ങളെയാണ്. പരസ്പരം സഹകരിച്ച് പ്രവർത്തിക്കുന്ന നിരവധി ചെറു ഉപഗ്രങ്ങളുടെ ഭ്രമണപഥം താരതമ്യേന ഭൂമിയോട് അടുത്തായിരിക്കും. അതുകൊണ്ടുതന്നെ കുറഞ്ഞ ലേറ്റൻസിയും വേഗവുമുള്ള ഇന്റർനെറ്റ് ലഭ്യമാകുകയും ചെയ്യും. ഇന്ന് ലോകം ചർച്ച ചെയ്യുന്ന സ്റ്റാർലിങ്ക് അടക്കമുള്ള സാറ്റലൈറ്റ് ഇന്റർനെറ്റിന്റെ സാങ്കേതികത ലളിതമായിപ്പറഞ്ഞാൽ ഇതാണ്.

സാങ്കേതികവിദ്യയുടെ കാര്യത്തിൽ ബഹുദൂരം മുന്നിലുള്ള സ്റ്റാർലിങ്കിന്റെ വരവിലാണ് ഇന്ത്യയുടെ സാങ്കേതിക ലോകം ഏറെ പ്രതീക്ഷയർപ്പിച്ചിരിക്കുന്നത്. 550 കിലോമീറ്റർമാത്രം അകലെയുള്ള സ്റ്റാർലിങ്ക് സാറ്റലൈറ്റുകളിൽനിന്നും ലേറ്റൻസി കുറഞ്ഞ അതിവേഗ ഇന്റർനെറ്റ് നിലവിൽ നിരവധി രാജ്യങ്ങളിൽ ജനങ്ങൾ ഏറ്റെടുത്തതാണ്. എന്നാൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ ഉപഭോക്താക്കൾക്ക് ചെലവ് വളരെ കൂടുതലാണ് ഇവയ്ക്കെന്നതാണ് പ്രധാന തിരിച്ചടി.
ഇന്ത്യയിൽ 52.4 ശതമാനം പേർ ഇന്റർനെറ്റ് ഉപയോഗിക്കുന്നുവെന്നാണ് കണക്ക് (സ്റ്റാറ്റിസ്റ്റ-2024). അതായത് ബാക്കി 47.6 ശതമാനം പേർ ഇന്റർനെറ്റ് ഉപയോഗിക്കുന്നില്ല, എന്നോ അവരുടെ നാട്ടിൽ ഇന്റർനെറ്റ് ലഭ്യമല്ല എന്നോ ആണ് അർത്ഥം. ഇവിടെയാണ് സ്റ്റാർലിങ്കിന് അടക്കമുള്ള സാറ്റ്കോം സേവനങ്ങളുടെ പ്രസക്തി. വിദൂര സ്ഥലങ്ങളിലെ റെയിൽവേ പദ്ധതികൾക്ക് സ്റ്റാർലിങ്ക് ഉപയോഗപ്പെടുമെന്ന് ആവേശത്തിൽ പോസ്റ്റിട്ട (പിന്നീട് മുക്കിയ) കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ഉദ്ദേശിച്ചതും അതു തന്നെയാണ്. ജിയോയുടേയും എയർടെലിന്റേയും സ്റ്റോറുകൾ വഴി സ്റ്റാർലിങ്ക് ഉപകരണങ്ങളും കണക്ഷനും വിതരണം ചെയ്യുക എന്ന കരാറാണ് ഇവർ തമ്മിലുണ്ടാക്കിയത്. വിതരണം ഉറപ്പാക്കിയാലും സറ്റാർലിങ്കിന് ഇന്ത്യയിൽ കടമ്പകൾ ഏറെയുണ്ട്.

ലോകത്ത് ഏറ്റവും കുറഞ്ഞ ചിലവിൽ അതിവേഗ ഇന്റർനെറ്റ് ലഭിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. മൊബൈലിൽ അതിവേഗ ഇന്റർനെറ്റിന് ഏതാണ്ട് 300 ൽ താഴെയും, ഫൈബർ വഴി ലഭിക്കാൻ ഏതാണ്ട് നാനൂറ്-അഞ്ഞൂറു രൂപയും മതിയാകും. എന്നാൽ സ്റ്റാർലിങ്കിന്റെ കാര്യത്തിൽ അങ്ങനെയല്ല, നേരത്തേ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം ആന്റിനയും റൂട്ടറുമടങ്ങുന്ന ഉപകരണങ്ങളടക്കം കണക്ഷന് ₹37,400 രൂപയോളം വരും. മാസാമാസം ഏതാണ്ട് 3000 മുതൽ 5000 വരെ എങ്കിലും കൊടുക്കേണ്ടി വരും. സംഖ്യയിൽ മാറ്റങ്ങൾ വന്നാലും സാധാരണ ബ്രോഡ്ബാന്റും സ്റ്റാർലിങ്കും തമ്മിലുള്ള അന്തരം വളരെ വലുതാണ്. അതുകൊണ്ടു തന്നെ ഇന്റർനെറ്റ് എത്താത്ത ഉൾനാടുകളിൽ സ്റ്റാർലിങ്കിന്റെ ഉപയോഗം സാധാരണക്കാരുടെ കൈപ്പിടിയിൽ ഒതുങ്ങുന്നതല്ല. വലിയ സ്ഥാപനങ്ങളും, റെയിൽവേ പോലുള്ള സംവിധാനങ്ങളുമൊക്കെയാവും സ്റ്റാർലിങ്കിന്റെ ഉപയോക്താക്കൾ. ഇരു കൂട്ടർ പ്രഖ്യാപിച്ച ഉപഗ്രഹ ഇന്റർനെറ്റ് സേവനങ്ങളേക്കാളും ഉയർന്ന വേഗതയിൽ സ്റ്റാർലിങ്കിന് സേവനം നടത്താനാകും എന്ന കാര്യത്തിലാണ് സ്റ്റാർലിങ്കിന് മേൽക്കെയുള്ളത്.
ചെലവ് താരതമ്യേന കുറയുമെന്ന് കരുതുന്ന ജിയോസ്പേസ് ഫൈബറിന്റെ സാങ്കേതികവിദ്യ സ്റ്റാർലിങ്കിനോളം വരില്ലെന്നാണ് വിലയിരുത്തുന്നത്. ലോ എർത്ത് ഓർബിറ്റിലുള്ള ഉപഗ്രഹങ്ങളേയാണ് സ്റ്റാർലിങ്കും വൺവെബും ആശ്രയിക്കുന്നതെങ്കിൽ ജിയോ ആശ്രയിക്കുന്നത് അതിന് മുകളിലെ മീഡിയം എർത്ത് ഓർബിറ്റിലുള്ള എസ്.ഇ.എസിന്റെ 03b കോൺസ്റ്റലേഷനേയാണ്. 8,000 കിലോമീറ്ററിന് മുകളിലാണ് ഈ ഉപഗ്രങ്ങളുടെ ഭ്രമണപഥം. സാറ്റലൈറ്റുകളുടെ എണ്ണത്തിലും എസ്.ഇ.എസ്. ബഹുദൂരം പിന്നിലാണ്. മീഡിയം എർത്ത് ഓർബിറ്റ് സാറ്റലൈറ്റ് ആയതുകൊണ്ടുതന്നെ വേഗതയുടേയും ലേറ്റൻസിയുടേയും കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. വൺവെബിന്റെ ഉപഗ്രഹക്കൂട്ടം 1,200 കിലോമീറ്റർ ഉയരത്തിലും അതിന്റെ പകുതിയിലും താഴെയാണ് സ്റ്റാർലിങ്ക് ഉപഗ്രങ്ങളെന്നും ഓർക്കണം.
രാജ്യത്ത് നിലവിലുള്ള അതിവേഗ ഇന്റർനെറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ ഇപ്പോൾ പ്രഖ്യാപിക്കപ്പെട്ട സാറ്റലൈറ്റ് ഇന്റർനെറ്റ്, വേഗത്തിന്റെ കാര്യത്തിൽ പിന്നിലാണ്. ചെലവിന്റെ കാര്യത്തിൽ ബഹുദൂരം മുന്നിലും. ഉപഗ്രഹ ഇന്റർനെറ്റ് സേവനം പ്രയോജനപ്പെടുക രാജ്യത്തെ പട്ടിണിപ്പാവങ്ങളുള്ള ഉൾനാടുകളിലാണ്. അതുകൊണ്ടുതന്നെ കമ്പനികൾ അവകാശപ്പെടുന്നതുപോലെ ഉള്ളവനെന്നും ഇല്ലാത്തവനെന്നുമുള്ള അന്തരം അത്ര പെട്ടെന്നൊന്നും മാറുകയില്ല. ഇവിടെയാണ് സർക്കാർ ഇടപെടലിന് പ്രസക്തി. ഇന്ത്യയുടെ കുഗ്രാമങ്ങളിലേക്ക് സർക്കാർ സൗജന്യമായോ സബ്സിഡി നൽകിയോ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനം എത്തിക്കണമെന്ന ആവശ്യത്തിന് പ്രസക്തിയും അവിടെയാണ്.
ലോകം ഇന്ന് സാറ്റലൈറ്റ് ഇന്റർനെറ്റിന് പുറകേയാണ്. ആശങ്കകളും അതോടൊപ്പം വളരുന്നത് കാണാതിരുന്നുകൂടാ. ആകാശത്ത്, ഭൂമിയിൽനിന്ന് അതിവിദൂരത്തിലല്ലാതെ ആയിരക്കണക്കിന് ഉപഗ്രഹങ്ങൾ വിക്ഷേപിക്കുമ്പോൾ അത് ആകാശത്തിന്റെ "ശുദ്ധി'യെ പ്രതികൂലമായി ബാധിക്കുമെന്ന് ബഹിരാകാശ ഗവേഷകരും പരിസ്ഥിതിവാദികളും ആശങ്കപ്പെടുന്നു. രാത്രി ആകാശത്തെ ചലനങ്ങൾ മൃഗങ്ങളുടെ ആവാസവ്യവസ്ഥയെത്തന്നെ ബാധിക്കുമെന്ന് ശാസ്ത്രലോകവും ആശങ്കപ്പെടുന്നു. പ്രകാശ മലിനീകരണവും അത് നിരീക്ഷണ പ്രവർത്തനങ്ങൾക്കുണ്ടാക്കുന്ന തടസ്സവും വേറെ. മാലപോലെ സ്റ്റാർലിങ്ക് ഉപഗ്രഹക്കൂട്ടങ്ങളുടെ സഞ്ചാരം തുടക്കത്തിൽ (പലയിടത്തും ഇപ്പോഴും) സൃഷ്ടിച്ച ആശങ്ക ചെറുതല്ല.
ഗുണദോഷങ്ങൾ
കേബിൾ ബ്രോഡ്ബാൻഡുമായും 5ജിയുമായുമൊക്കെ താരതമ്യപ്പെടുത്തി നോക്കുമ്പോൾ സാറ്റലൈറ്റ് ബ്രോഡ്ബാൻഡിന് ഒരുപാട് നേട്ടങ്ങളുണ്ട്. ലോകത്തിന്റെ ഏത് മുക്കിലും മൂലയിലും ഉയർന്ന വേഗമുള്ള ഇന്റർനെറ്റ് കിട്ടുമെന്ന് മാത്രമല്ല, ഭൂകമ്പമോ പ്രളയമോ ഏത് മഹാദുരന്തങ്ങൾ വന്നാലും ഇന്റർനെറ്റ് കണക്ഷൻ മുടങ്ങില്ല. ശത്രുരാജ്യമോ പ്രകൃതിക്ഷോഭമോ ആശയവിനിമയ അടിസ്ഥാന സൗകര്യങ്ങൾ തകർത്തെറിഞ്ഞാലും സാറ്റലൈറ്റ് ഇന്റർനെറ്റിന് ഒന്നും സംഭവിക്കില്ല. ഒന്നല്ല, അതിവേഗം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരുകൂട്ടം ഉപഗ്രഹങ്ങളുടെ ശൃംഖലയായതുകൊണ്ടുതന്നെ ബഹിരാകാശയുദ്ധത്തിനും സമീപഭാവിയിൽ സാധ്യത കുറവ്. അതേസമയം, അത്യാഹിത സന്ദർഭങ്ങളിൽ അടിയന്തര സഹായമെന്ന തലത്തിൽ ഇവയ്ക്ക് പ്രവർത്തിക്കാനുമാകും. യുക്രൈൻ യുദ്ധഭൂമിയിലെ സ്റ്റാർലിങ്കിന്റെ പ്രവർത്തനം ഇവിടെയാണ് ഓർക്കേണ്ടത്. യുക്രൈനിൽ അടിസ്ഥാന സൗകര്യങ്ങളെല്ലാം തകർത്ത് റഷ്യ മുന്നേറുമ്പോൾ ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് നൽകിയ സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് സേവനമാണ് പട്ടാളക്കാർക്ക് രക്ഷയായത്. ആ സാധ്യതയുടെ വില നന്നായി അറിയാവുന്നതുകൊണ്ടാണ് മസ്ക് ആ പേരും പറഞ്ഞ് യുക്രൈനിനെ വിരട്ടിയതും. ബങ്കറുകളിലും മറ്റും ഒളിച്ചിരുന്ന പട്ടാളക്കാർക്ക് വീഡിയോ ഉൾപ്പെടെയുള്ള വിവരങ്ങൾ കൈമാറാനും അതുവഴി യുദ്ധഭൂമിയിൽ മേൽക്കൈ നേടാനും സ്റ്റാർലിങ്ക് സഹായകമായത് വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. സമീപകാലത്തെ ഈ ഉദാഹരണം മാത്രംമതി സാറ്റലൈറ്റ് ഇന്റർനെറ്റിന്റെ കരുത്തറിയാൻ.
ഉയർന്ന ഭ്രമണപഥങ്ങളിലുള്ള ഉപഗ്രഹങ്ങളുമായി ആശയവിനിമയം നടത്താനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അത്ര ഊർജം വേണ്ട എന്ന് മാത്രമല്ല, അത്ര കരുത്തുള്ള ട്രാൻസ്മിഷൻ ഉപകരണങ്ങളുടെ ആവശ്യവും ഇവയ്ക്കില്ല. അതുകൊണ്ടുതന്നെ മറ്റുള്ളവയെ അപേക്ഷിച്ച് ഓപ്പറേറ്റർമാർക്ക് ചെലവും കുറവാണ്. എന്നാൽ വേഗക്കുറവ്, കാലാവസ്ഥ മാറിയാലുള്ള സിഗ്നൽ പ്രതിസന്ധി, മൊബൈൽ/ബ്രോഡ്ബാൻഡ് നിരക്കുകളെ അപേക്ഷിച്ച് കൂടുതൽ നിരക്ക് നൽകേണ്ടി വരും തുടങ്ങിയവയാണ് ന്യൂനതകൾ.
എന്തൊക്കെയായാലും യുദ്ധമേഖലയിൽ സ്റ്റാർലിങ്ക് സ്കോർ ചെയ്തത് ബഹിരാകാശ ഉപഗ്രഹ ആശയവിനിമയരംഗത്ത് വലിയ മത്സരത്തിന് ഇടനൽകിയിട്ടുണ്ട് എന്നത് കാണാതെപോകരുത്. ആശയ വിനിമയരംഗത്തെ പുതിയ മേഖല എന്ന നിലയിൽ സാറ്റലൈറ്റ് ഇന്റർനെറ്റ് വ്യാപകമാകുമ്പോൾ അതിനൊപ്പം പ്രതിസന്ധികളും മറുഭാഗത്ത് വളരുന്നുണ്ട്. ഈയിടെ യുക്രൈൻ യുദ്ധകാലത്ത് പരാതികളുമായി ചൈന അന്താരാഷ്ട്ര വേദികളിലെത്തിയത് ഉദാഹരണം. ലോ എർത്ത് ഓർബിറ്റിൽ 50,000 ഉപഗ്രങ്ങൾക്കുമാത്രമേ സ്ഥാനമുള്ളൂ എന്നും അതിൽ 90 ശതമാനവും സ്റ്റാർലിങ്ക് കൈയടക്കി എന്നുമായായിരുന്നു വാദം. വരുംവർഷങ്ങളിൽ 2,000 ഉപഗ്രഹങ്ങൾകൂടി വിക്ഷേപിക്കാൻ തയ്യാറെടുക്കുകയാണ് ചൈന. ആ സാങ്കേതികക്കുതിപ്പിൽ ഇന്ത്യക്ക് എന്ത് സ്ഥാനംവഹിക്കാനാവുമെന്ന ചോദ്യത്തിനും പ്രസക്തിയുണ്ട്. ബഹിരാകാശ ഗവേഷണരംഗത്ത് മുൻപന്തിയിൽ നിൽക്കുന്ന ഇന്ത്യയിൽ സേവനംനൽകാൻ തയ്യാറെടുക്കുന്ന കമ്പനികൾ ആശ്രയിക്കുന്നത് വിദേശ കമ്പനികളുടെ ഉപഗ്രഹങ്ങളെയാണ് എന്നത് ഇവിടെ പ്രസക്തമാണ്.
In Short | Starlink India, backed by SpaceX and Elon Musk, is set to revolutionize satellite internet by partnering with Bharti Airtel and Reliance Jio, aiming to expand rural connectivity and enhance internet access in remote areas. Competing with OneWeb and Amazon Kuiper, Starlink’s LEO satellites promise faster speeds compared to traditional broadband internet but at a higher Starlink price in India. As the telecom sector in India debates 5G vs satellite internet, regulatory approvals and internet regulations in India will shape its success. Starlink’s satellite communication can bridge the digital divide, boosting Digital India initiatives and offering a new frontier for India’s internet access. With future advancements, Jio satellite internet and Starlink will redefine the future of internet in India.
Content Highlights: Starlink’s long-awaited entry into India, in partnership with Bharti Airtel and Reliance Jio
Published: 15 Mar 2025, 04:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented