കോവിഡ് മഹാമാരി പോലെയൊന്ന് വന്നാൽ അത് നേരിടാൻ മനുഷ്യരാശി സജ്ജമല്ലെന്ന് 2015-ൽ തന്നെ പറഞ്ഞ മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് പുതിയ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ്. മനുഷ്യർ ഇന്നേവരെ സൃഷ്ടിച്ച എന്തിനെക്കാളും വേഗത്തിൽ നിർമിതബുദ്ധി (എഐ), ജനസമൂഹങ്ങളെ മാറ്റിമറിക്കുമെന്നാണ് അദ്ദേഹം തന്റെ 2026 ആനുവൽ ലെറ്ററിൽ പറഞ്ഞിരിക്കുന്നത്. എഐ ദുഷ്ടലാക്കുള്ള ആളുകളുടെ കയ്യിൽപ്പെട്ടാൽ ബയോടെററിസം (ജൈവതീവ്രവാദം) ആയുധമായി അത് ഉപയോഗിക്കപ്പെട്ടേക്കാം എന്നാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പേടി. നിലവിലെ തൊഴിൽരംഗത്തെ എഐ തകർത്തേക്കാമെന്നും അദ്ദേഹം ഭയക്കുന്നു. രസകരമായ കാര്യം എന്താണെന്നുവെച്ചാൽ, ഗേറ്റ്സിന്റെ മുന്നറിയിപ്പ് വന്ന് ആഴ്ചകൾക്കുള്ളിൽ മനുഷ്യർ ജോലിയെടുക്കാത്ത ഫാക്ടറി ചൈനയിൽ പ്രവർത്തനമാരംഭിച്ച വാർത്ത പ്രസിദ്ധീകരിക്കപ്പെട്ടു എന്നും കാണാം.
മനുഷ്യനേക്കാൾ ശേഷിയുള്ള എഐ വരും
ഗേറ്റ്സിന്റെ മുന്നറിയിപ്പുകളിലേക്കു തിരിച്ചുവന്നാൽ, എഐ നമുക്ക് ഇപ്പോഴുള്ള പല പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ സഹായിക്കുമെന്ന് അദ്ദേഹം പറയുന്നു. എന്നാൽ, അത് പല പുതിയ വെല്ലുവിളികളും ഉയർത്തുകയും ചെയ്യും. എഐ വികസിപ്പിക്കുന്ന മേഖലയിൽ പണിയെടുക്കുന്ന പലരും ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസും (എജിഐ), മുഴുവൻ ശേഷിയുള്ള ഹ്യൂമനോയിഡ് റോബോട്ടുകളും ഉടൻ വരുമെന്ന് പ്രവചിക്കും. എന്നാൽ, അവർ പറഞ്ഞ സമയത്തിനുള്ളിൽ അത് സംഭവിക്കുന്നുമില്ല. അങ്ങനെ വരുമ്പോൾ അവ ഒരിക്കലും സംഭവിക്കില്ലെന്ന തോന്നലുണ്ടാക്കുന്നു. പക്ഷെ, എഐ എത്ര ശേഷിയാർജിക്കുമെന്നോ, എത്ര മികവാർന്ന റോബോട്ടുകൾ വരുമെന്നോ ഉള്ള കാര്യത്തിന് പരിധി വെക്കാനാവില്ല. ഈ സാങ്കേതികവിദ്യകൾ മനുഷ്യർക്കുള്ള ശേഷി മറികടക്കുമെന്നാണ് താൻ കരുതുന്നതെന്ന് ഗേറ്റ്സ് പറയുന്നു.
എന്താണ് എജിഐ?
മനുഷ്യസമാനമായ ബുദ്ധിവൈഭവം എഐ കൈവരിച്ചേക്കാമെന്ന് പല ഗവേഷകരും കരുതുന്നു. മനുഷ്യരെപ്പോലെ ഏതു മേഖലയിലെയും കാര്യങ്ങൾ ഗ്രഹിക്കാനും പഠിക്കാനും ഏതുതരം ബൗദ്ധികജോലിയും ചെയ്യാനുമുള്ള ശേഷി ആർജിച്ച എഐ എന്ന സങ്കല്പസാഹചര്യത്തെയാണ് എജിഐ എന്ന് വിളിക്കുന്നത്. ഇന്നത്തെ നിർമിതബുദ്ധിയെ വിളിക്കുന്നത് 'നാരോ എഐ' എന്നാണ്. ഒരു പരിധിക്കുള്ളിൽ മാത്രം പ്രവർത്തിക്കുന്ന ഒന്ന്. വിവർത്തനം, റെക്കമെൻഡേഷൻ സിസ്റ്റംസ്, ഡ്രൈവിങ് അസിസ്റ്റൻസ് തുടങ്ങി ചില മേഖലകളിൽ ഡേറ്റ നൽകി പരിശീലിപ്പിച്ച് പ്രവർത്തിപ്പിക്കുന്ന നിർമിതബുദ്ധിയാണ് ഇപ്പോൾ ലഭ്യമാക്കിയിരിക്കുന്നത്. ഇതിന്റെ മികവ് കുറച്ചുകാണേണ്ടതില്ല. എന്നാൽ, അതിന് പല മടങ്ങ് അപ്പുറത്തായിരിക്കും എജിഐയുടെ ശേഷി.
അതേസമയം, എജിഐ സൃഷ്ടിക്കാൻ ഒരിക്കലും സാധിച്ചേക്കില്ലെന്നും ഏതുസമയത്തും സാധിച്ചേക്കുമെന്നും പരസ്പരവിരുദ്ധമായ വാദങ്ങൾ ഇപ്പോഴും ഉണ്ട്. എജിഐ, അല്ലെങ്കിൽ മനുഷ്യരുടെ ശേഷിക്ക് അപ്പുറത്തുള്ള എഐ സൃഷ്ടിക്കപ്പെട്ട ശേഷം മാത്രമായിരിക്കും ആ ടെക്‌നോളജി ഇപ്പോൾ കൈവരിച്ചുകൊണ്ടിരിക്കുന്ന പുരോഗതി മന്ദീഭവിക്കൂവെന്നും ഗേറ്റ്സിന് അഭിപ്രായമുണ്ട്.
അധികം ജോലിക്കാർ വേണ്ടിവരില്ല
എഐയുടെ ശേഷി കൂടുതൽ കൂടുതൽ പ്രയോജനപ്പെടുത്തി തുടങ്ങുന്നതോടെ പല മേഖലകളിലും കുറച്ചു ജോലിക്കാർ മതിയാകും. ദുരുദ്ദേശ്യമുള്ള വ്യക്തികൾ എഐ ഉപയോഗിക്കാമെന്നുള്ളതും തൊഴിൽവിപണി താറുമാറാക്കാമെന്നുള്ളതും ശരിക്കുള്ള ഭീഷണികളാണ്. ഈ ടെക്‌നോളജി എങ്ങനെ വികസിപ്പിക്കണമെന്നും നിയന്ത്രിക്കണമെന്നും വിന്യസിക്കണമെന്നുമുള്ള കാര്യങ്ങൾ നാം ചർച്ചചെയ്യണമെന്ന് ഗേറ്റ്സ് പറയുന്നു. ഇക്കാര്യം പല വർഷങ്ങളായി സുപ്രസിദ്ധ ചരിത്രകാരനും തത്ത്വചിന്തകനുമായ യുവാൾ നോവ ഹരാരിയും പറഞ്ഞുവരുന്നതാണ്.
ജൈവതീവ്രവാദം ഭയക്കേണ്ടത്
തന്റെ 2015-ലെ 'ടെഡ് ടോക്കി'ൽ ലോകം ഒരു മഹാമാരിയെ നേരിടാൻ സജ്ജമല്ലെന്ന് താൻ മുന്നറിയിപ്പു നൽകിയിരുന്നുവെന്ന് അദ്ദേഹം ഓർമിപ്പിക്കുന്നു. അന്ന് നാം അതിനുവേണ്ട മുന്നൊരുക്കങ്ങൾ നടത്തിത്തുടങ്ങിയിരുന്നെങ്കിൽ, പിന്നീട് നേരിടേണ്ടിവന്ന പ്രശ്നങ്ങൾ കുറയ്ക്കാമായിരുന്നു. ഇന്ന് അതിലേറെ വലിയൊരു ഭീഷണിയുണ്ട്. ഓപ്പൺ സോഴ്‌സ് എഐ ടൂളുകൾ ഉപയോഗിച്ച് ഏതെങ്കിലും ഗവൺമെന്റിതര ഗ്രൂപ്പ് ബയോടെററിസം ആയുധം സൃഷ്ടിച്ചേക്കാമെന്നതാണ് അതെന്ന് ഗേറ്റ്സ് പറയുന്നു. ജൈവതീവ്രവാദത്തിനും സമീപഭാവിയിൽ ഉണ്ടായേക്കാവുന്ന തൊഴിൽനഷ്ടത്തിനുമെതിരെ ഇപ്പോൾ മുന്നൊരുക്കം നടത്തിത്തുടങ്ങണമെന്നാണ് ഗെയ്റ്റ്‌സ് പറയുന്നത്.
തൊഴിൽമേഖല താറുമാറായാൽ
എഐയുടെ ശേഷി പ്രയോജനപ്പെടുത്തി കുറച്ചു തൊഴിലാളികളുമായി നമുക്ക് കൂടുതൽ ഉല്പന്നങ്ങളും സേവനങ്ങളും നൽകാനാകും. ഗണിതശാസ്ത്രപരമായ അർഥത്തിൽ ഈ പുതിയ ശേഷികൾ എല്ലാവർക്കും ഗുണകരമായ രീതിയിൽ നൽകാൻ സാധിച്ചേക്കും. എഐ കരുത്താർജിക്കുമ്പോൾ ഒരാഴ്ചയിൽ പണിയെടുക്കേണ്ട ദിവസങ്ങളുടെ എണ്ണം കുറയ്ക്കാം. അതുപോലെ, ഉത്തരവാദിത്വപ്പെട്ടവർക്ക് തങ്ങളുടെ രാജ്യങ്ങളിൽ ചില മേഖലകളിൽ എഐ ഉപയോഗിക്കുന്നത് വേണ്ടെന്നുവെക്കാൻ തീരുമാനിക്കുകയും ചെയ്യാം.
തന്റെ ന്യൂസ്‌ലെറ്ററിൽ ഗേറ്റ്സ് നൽകുന്നത് അവ്യക്തതകൾക്കിടയില്ലാത്ത ഒരു സന്ദേശമാണ്: നാം പ്രതീക്ഷിക്കുന്നതിനേക്കാൾ വേഗത്തിൽ എഐ സമൂഹങ്ങളെയും സമ്പദ്‌വ്യവസ്ഥകളെയും തൊഴിൽമേഖലകളെയും മാറ്റിമറിക്കും. പുതിയ സാങ്കേതികവിദ്യ കൊണ്ടുള്ള നേട്ടങ്ങൾ വലുതാണ്. എന്നാൽ, അതുകൊണ്ടുവന്നേക്കാവുന്ന അപായങ്ങളും വലുതാണ്. രണ്ടിനേയും അവഗണിക്കാനുമാവില്ല.
ഗേറ്റ്സിന്റെ മുന്നറിയിപ്പിലെ കാതലായ ഭാഗങ്ങളിലൊന്ന് തൊഴിൽനഷ്ടത്തെ കുറിച്ചുള്ളതാണ്. കമ്പനികൾ ഇനി വ്യക്തികളെ ജോലിക്കെടുക്കുന്ന രീതി മാറ്റിയേക്കും. ഇത് സോഫ്റ്റ്‌വെയർ മേഖലയിൽ കണ്ടുതുടങ്ങിക്കഴിഞ്ഞു. എഐ ടൂളുകൾ ഉപയോഗിച്ച് എൻജിനീയർമാർ പ്രോഗ്രാമുകൾ ടെസ്റ്റ് ചെയ്യുകയും വേഗത്തിൽ കോഡിങ് നടത്തുകയും ചെയ്യുന്നു. ഈ എളുപ്പവഴി വന്നതോടെ ഇനി ഡവലപ്പർമാർക്ക് കൂടുതൽ പ്രോഗ്രാമുകൾ എഴുതാം.
ഗേറ്റ്സിന്റെ മറ്റൊരു ഭീതി സമൂഹത്തിനു മൊത്തം പ്രയോജനപ്രദമാകേണ്ട സമ്പത്ത് ചുരുക്കം ചിലരിലേക്ക് ഒതുങ്ങുമോ എന്നതാണ്. ഇക്കാര്യത്തിൽ ഗവൺമെന്റുകളും സ്ഥാപനങ്ങളും ഉണർന്നു പ്രവർത്തിക്കേണ്ട സമയമായെന്ന് അദ്ദേഹം പറയുന്നു. എഐക്ക് മാത്രമായി നീതി ഉറപ്പാക്കാൻ സാധിക്കില്ല. അതിന് ഗവൺമെന്റ് പോലെയുള്ള സംവിധാനങ്ങളും പുതിയ മാറ്റങ്ങൾ മുന്നിൽക്കണ്ട് പ്രവർത്തിച്ചുതുടങ്ങണം. ഇതൊക്കെയാണെങ്കിലും താനൊരു ശുഭാപ്തിവിശ്വാസക്കാരനാണെന്നും ഗേറ്റ്‌സ് ലെറ്ററിൽ പറയുന്നു. മുന്നിലുള്ളത് നല്ലകാലം ആയിരിക്കാമെന്നാണ് അദ്ദേഹം കരുതുന്നത്.
ഗേറ്റ്സിന്റെ ലെറ്റർ പ്രസിദ്ധീകരിച്ച് ആഴ്ചകൾക്കുള്ളിൽത്തന്നെ ചൈനയിൽ ഷഓമി കമ്പനി മനുഷ്യരാരും ജോലി ചെയ്യാത്ത സ്മാർട്ട്‌ഫോൺ ഫാക്ടറി പ്രവർത്തിപ്പിക്കുന്ന കാര്യം റിപ്പോർട്ട് ചെയ്യപ്പെട്ടു. ഈ 'ഡാർക്ക് റോബോട്ട് ഫാക്ടറി'ക്ക് സെക്കൻഡിൽ ഒരു ഫോൺ വെച്ച് പുറത്തിറക്കാനുള്ള ശേഷിയുണ്ടെന്നും പറയപ്പെടുന്നു. ഇത്തരം ഓട്ടോമേഷൻ മുഴുവൻ ചൈനയ്ക്കുള്ളിൽ വ്യാപിക്കുമെന്ന് ഉറപ്പാണ്. അത് മറ്റു രാജ്യങ്ങളിലേക്കും അതിവേഗം എത്തിയേക്കാം. ജോലികൾ ചെയ്ത് ജീവിക്കാനുള്ള വക കണ്ടെത്തുന്നവരാണ് നമ്മിൽ പലരും. അങ്ങനെ നോക്കിയാൽ, നിലവിലെ തൊഴിൽമേഖലയെ എഐ തകർത്തേക്കുമെന്ന അദ്ദേഹത്തിന്റെ മുന്നറിയിപ്പ് ഏറെ ഗൗരവത്തിലെടുക്കേണ്ടതുതന്നെയാണ്.
പുതിയ തൊഴിൽമേഖലകൾ ഉണ്ടാകാം
നിലവിലെ പല ജോലികളും വർഷങ്ങൾക്കുള്ളിൽ ഇല്ലാതായേക്കാം എന്നത് ഒരു വാസ്തവംതന്നെ ആയിരിക്കാം. വികസിത രാജ്യങ്ങളിൽ എഐ, ഓട്ടോമേഷൻ സാങ്കേതികവിദ്യകൾ എത്തുന്ന അത്രവേഗത്തിൽ ഇന്ത്യ പോലെയുള്ള ഒരു രാജ്യത്ത് അത് എത്തണമെന്നില്ല. എന്നാൽ, അത് വരികതന്നെ ചെയ്യും. അത്തരം ഒരു സാഹചര്യത്തെക്കുറിച്ച് ഓർക്കുമ്പോഴും പ്രതീക്ഷ കൈവിടേണ്ടതില്ല എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. കാരണം, ഒട്ടും പ്രതീക്ഷിക്കാത്ത തൊഴിൽമേഖലകൾ തുറക്കപ്പെടാം.
ഉദാഹരണത്തിന് രണ്ടു പതിറ്റാണ്ടിനു മുമ്പ് യൂട്യൂബർമാർ എന്നൊരു കൂട്ടം ആളുകൾ വരുമെന്നും അവർക്ക് പ്രതിമാസം നല്ലൊരു തുക നേടാനാകും എന്നും ആരെങ്കിലും പ്രവചിച്ചാൽ അന്ന് ചിരിച്ചുതള്ളിക്കളയാനേ വഴിയുള്ളൂ. അതുപോലെ പുതിയ തൊഴിൽമേഖലകൾ ഉണ്ടായേക്കാം എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
റീ സ്കില്ലിങ്
വരുംതലമുറകൾ സ്ഥിരം ജോലി എന്ന സങ്കല്പം ഇനി കൊണ്ടുനടക്കാതിരിക്കുന്നത് ആയിരിക്കാം ആരോഗ്യകരമെന്നും അഭിപ്രായമുണ്ട്. പുതിയ കഴിവുകൾ സ്ഥിരമായി വളർത്തിയെടുക്കേണ്ട സാഹചര്യമാണ് ഉരുത്തിരിഞ്ഞുവരുന്നത്. ഉദാഹരണത്തിന് തനിയെ ഓടുന്ന വണ്ടികൾ വരുമ്പോൾ ട്രക്ക് ഡ്രൈവർമാർക്ക് യോഗ അധ്യാപകരാകാൻ ശ്രമിക്കാം. യോഗ പഠിപ്പിക്കാനുള്ള ശേഷി എഐ ആർജിച്ചേക്കും എന്നു മുന്നിൽക്കണ്ട് മറ്റെന്തെങ്കിലും കഴിവ് വളർത്താൻ ആരംഭിക്കാം. ഇത്തരത്തിൽ പുതിയ സ്കില്ലുകൾ നിരന്തരം ആർജിക്കേണ്ട ഒരു ഭാവിയിലേക്കായിരിക്കാം നാം എത്തുന്നതെന്ന് കരുതപ്പെടുന്നു.
Content Highlights: Beyond Covid: Bill Gates Issues Scarier Warning About AI and Human Survival
Published: 19 Feb 2026, 05:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented