നാസയും ഐഎസ്ആര്‍ഒയും ആദ്യമായി സഹകരിക്കുന്ന നൈസര്‍ (NASA-ISRO Synthetic Aperture Radar) ദൗത്യം ഈ വര്‍ഷം വിക്ഷേപിക്കില്ല വ്യാഴാഴ്ച ഐഎസ്ആര്‍ഒ ലോക്‌സഭയില്‍ സമര്‍പ്പിച്ച ഈ വര്‍ഷം വിക്ഷേപിക്കാനിരിക്കുന്ന ദൗത്യങ്ങളുടെ പട്ടികയില്‍ നൈസര്‍ ദൗത്യം ഇടം പിടിച്ചിട്ടില്ല. ഭൗമ നിരീക്ഷണ ദൗത്യമാണ് നൈസര്‍. ഒരു ഭൂപ്രദേശത്തിന്റെ ഒരു സെന്റീമീറ്ററോളം വലിപ്പമുള്ള ദൃശ്യങ്ങള്‍ പോലും സൂക്ഷ്മതയോടെ പകര്‍ത്താന്‍ നൈസര്‍ ദൗത്യത്തിന് സാധിക്കും. വനനശീകരണം, സസ്യ സമ്പത്തിലുള്ള മാറ്റം, മഞ്ഞുരുകല്‍ പോലുള്ള ഭൗമോപരിതലത്തില്‍ വരുന്ന നേരിയ മാറ്റങ്ങള്‍ പോലും പഠന വിധേയമാക്കാന്‍ ഇതുവഴി സാധിക്കും. ഒപ്പം കാലാവസ്ഥാ വ്യതിയാനം, പ്രകൃതി ദുരന്തം എന്നിവ സംബന്ധിച്ചുള്ള വിവരങ്ങള്‍ നല്‍കാനും ഈ ദൗത്യത്തിനാകും. 

To advertise here,

ഈ വര്‍ഷം പകുതിയാകുന്നതോടെ നൈസര്‍ ഉപഗ്രഹം വിക്ഷേപിക്കാനാണ് തീരുമാനിച്ചിരുന്നത്. അമേരിക്കയില്‍ വെച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ ഉപഗ്രഹം കഴിഞ്ഞ വര്‍ഷം ബെംഗളുരുവില്‍ എത്തിച്ചിരുന്നു. എന്നാല്‍ ഉപഗ്രഹത്തിന്റെ ചില ഭാഗങ്ങളും, ആന്റിനയും കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് വിശദ പരിശോധനയില്‍ കണ്ടെത്തി. ഇത് പരിഹരിക്കുന്നതിനായി ഈ വര്‍ഷം അവസാനത്തോടെ ഉപഗ്രഹം യുഎസിലേക്ക് തിരികെ കൊണ്ടുപോയേക്കും.

അതേസമയം ഈ വര്‍ഷം രണ്ടാം പകുതിയില്‍ നൈസര്‍ ദൗത്യം വിക്ഷേപിക്കാനാകുമെന്ന പ്രതീക്ഷ ഐഎസ്ആര്‍ഒയ്ക്കുണ്ട്. എങ്കിലും പാര്‍ലമെന്റില്‍ ഈ വര്‍ഷത്തെ ബഹിരാകാശ ദൗത്യങ്ങള്‍ ഏതെല്ലാമെന്ന ചോദ്യത്തിന് മറുപടിയായി നല്‍കിയ പട്ടികയില്‍ നൈസര്‍ ഉള്‍പ്പെട്ടിട്ടില്ല.  

അടുത്ത ആഞ്ച് മാസത്തിനുള്ളില്‍ ആറ് ദൗത്യങ്ങളാണുള്ളത്. ഗഗന്‍യാന്‍ ദൗത്യത്തിന്‍ കീഴിലുള്ള ആദ്യ ആളില്ലാ വിക്ഷേപണം അക്കൂട്ടത്തിലുണ്ട്. ബഹിരാകാശത്ത് വെച്ച് ഉപഗ്രഹ ഭാഗങ്ങള്‍ പരസ്പരം ബന്ധിപ്പിക്കുന്ന സാങ്കേതിക വിദ്യയുടെ പരീക്ഷണമായ സ്‌പേഡെക്‌സ് അഥവാ സ്‌പേസ് ഡോക്കിങ് എക്‌സ്പിരിമെന്റ് ദൗത്യം ഈ വര്‍ഷം വിക്ഷേപിക്കും. ബഹിരാകാശ നിലയം സ്ഥാപിക്കുന്നതിന് മുന്നോടിയായുള്ള സാങ്കേതിക വിദ്യാ പരീക്ഷണമാണിത്. ചന്ദ്രയാന്‍ 4 ദൗത്യത്തിന് വേണ്ടിയും സ്‌പേഡെക്‌സ് സാങ്കേതിക വിദ്യ ഉപയോഗിക്കുമെന്ന് ഐഎസ്ആര്‍ഓ മേധാവി എസ് സോമനാഥ് പ്രഖ്യാപിച്ചിരുന്നു.  

ഗാന്ധി നഗറിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പ്ലാസ്മ റിസര്‍ച്ച് വികസിപ്പിച്ച ഇലക്ട്രോണിക് പ്രൊപ്പല്‍ഷന്‍ സംവിധാനത്തിന്റെ പരീക്ഷണമായ ടിഡിഎസ്-01 ദൗത്യം, ഗതിനിര്‍ണയ ഉപഗ്രഹമായ എന്‍വിഎസ്-02, പുതിയ എസ്എസ്എസ്എല്‍വി റോക്കറ്റ് എന്നീ ദൗത്യങ്ങളും പട്ടികയിലുണ്ട്.