മനുഷ്യനെ ചന്ദ്രനില്‍ എത്തിച്ച നാസയുടെ അപ്പോളോ ദൗത്യങ്ങളിലാണ് മനുഷ്യര്‍ ബഹിരാകാശത്ത് ഏറ്റവും ദൂരം സഞ്ചരിച്ചത്. അപ്പോളോ ദൗത്യങ്ങള്‍ പൂര്‍ത്തിയായി വര്‍ഷങ്ങള്‍ക്ക് ശേഷം മനുഷ്യനെ ഏറ്റവും കൂടുതല്‍ ദൂരം എത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്‌പേസ് എക്‌സ് വിക്ഷേപിച്ച ദൗത്യമാണ് പോളാരിസ് ഡൗണ്‍. ചൊവ്വാഴ്ച ഉച്ചയ്ക്ക് വിക്ഷേപിച്ച പേടകം ഇപ്പോള്‍ ഭൂമിയില്‍ നിന്ന് 1400 കിമീ ദൂരെയുള്ള ഭ്രമണ പഥത്തില്‍ സഞ്ചരിക്കുകയാണ്. 

To advertise here,

അപ്പോളോ ദൗത്യങ്ങള്‍ക്ക് ശേഷം ഭൂമിയില്‍ നിന്ന് 400 കിമീ ഉയരത്തിലുള്ള ബഹിരാകാശ നിലയത്തിലേക്ക് മാത്രമാണ് മനുഷ്യര്‍ ഇതുവരെ സഞ്ചരിച്ചിട്ടുള്ളത്. ഈ ദൂര പരിധി മറികടന്നാണ് ഇപ്പോള്‍ പോളാരിസ് ഡൗണ്‍ ദൗത്യ സംഘം യാത്ര ചെയ്തിരിക്കുന്നത്. ബഹിരാകാശ ഗവേഷകരോ, ശാസ്ത്രജ്ഞരോ അല്ലാതെ സ്വകാര്യ വ്യക്തികളാണ് സംഘത്തിലുള്ളത് എന്ന പ്രത്യേകതയും പോളാരിസ് ഡൗണ്‍ ദൗത്യത്തിലുണ്ട്. 

നേട്ടം കൈവരിച്ച സ്‌പേസ് എക്‌സ് ദൗത്യ സംഘാംഗങ്ങള്‍ക്ക് കമ്പനി മേധാവി ഇലോണ്‍ മസ്‌ക് ആശംസ നേര്‍ന്നു. 'ഭൂതകാലത്തേക്കാള്‍ ശോഭനമായ ഭാവിയ്ക്കായി കൂടുതല്‍ ഉയരങ്ങളിലേക്ക് പരിശ്രമിക്കുക, പ്രപഞ്ചത്തിന്റെ പുതിയ രഹസ്യങ്ങള്‍ അറിയാന്‍ എല്ലാ ദിവസവും രാവിലെ പ്രചോദനം ഉള്‍കൊണ്ട് ഉണരുക.'-മസ്‌ക് കുറിച്ചു. 

സെപ്റ്റംബര്‍ 12 ന് ദൗത്യ സംഘാംഗങ്ങള്‍ ഒരു സ്‌പേസ് വാക്കും നടത്തും. വ്യവസായിയായ ജാരെഡ് ഐസാക്ക്മാന്‍, സ്‌കോട്ട് പൊറ്റീറ്റ്, സാറാ ഗില്ലിസ്, അന്നാ മേനോന്‍ എന്നിവരാണ് ദൗത്യ സംഘാംഗങ്ങള്‍. സ്‌പേസ് എക്‌സ് വികസിപ്പിച്ച ബഹിരാകാശ വസ്ത്രം ധരിച്ചുള്ള ആദ്യത്തെ ബഹിരാകാശ നടത്തം എന്ന സവിശേഷതയും, സ്വകാര്യ കമ്പനികളുടെ പ്രതിനിധികള്‍ നടത്തുന്ന ആദ്യ ബഹിരാകാശ നടത്തം എന്ന പ്രത്യേകതയും ഇതിനുണ്ട്.