സ്വന്തം ബഹിരാകാശ നിലയം വിക്ഷേപിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസ്. അന്താരാഷ്ട്ര ബഹിരാകാശ നിലയം പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതോടെയാണ് തങ്ങളുടെ സ്വതന്ത്ര ബഹിരാകാശ നിലയം റഷ്യ പ്രഖ്യാപിച്ചിരിക്കുന്നത്. റഷ്യന്‍ ഓര്‍ബിറ്റല്‍ സ്‌റ്റേഷന്‍ (ആര്‍ഒഎസ്) എന്ന് വിളിക്കുന്ന ഈ ബഹിരാകാശ നിലയത്തിന്റെ നിര്‍മാണം 2033 ഓടുകൂടി പൂര്‍ത്തിയാക്കാനാണ് റഷ്യയുടെ പദ്ധതി. 

To advertise here,

യുഎസ്, റഷ്യ, യൂറോപ്പ്, കാനഡ, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ സഹകരണത്തില്‍ വിന്യസിക്കപ്പെട്ട അന്താരാഷ്ട്ര ബഹിരാകാശ നിലയം 2030 ല്‍ ഭൂമിയില്‍ ഇടിച്ചിറക്കി തകര്‍ക്കാനാണ് പദ്ധതി. 2028 ഓടുകൂടി നിലയത്തില്‍ നിന്ന് പിന്‍മാറുമെന്ന് റഷ്യ പ്രഖ്യാപിച്ചിരുന്നു. 

റോസ്‌കോസ്‌മോസ് പുറത്തുവിട്ട സമയക്രമം അനുസരിച്ച് റഷ്യന്‍ ഓര്‍ബിറ്റല്‍ സ്‌റ്റേഷന്റെ ആദ്യ റിസര്‍ച്ച് ആന്റ് എനര്‍ജി മോഡ്യൂള്‍ 2027 ല്‍ വിക്ഷേപിക്കും. 2030 ഓടുകൂടി യൂണിവേഴ്‌സല്‍ നോഡല്‍, ഗേറ്റ് വേ, ബേസ് ലൈന്‍ മോഡ്യൂളുകളും വിക്ഷേപിക്കും. ഇതോടുകൂടി ഓര്‍ബിറ്റല്‍ സ്‌റ്റേഷന്റെ പ്രധാന ഭാഗത്തിന്റെ നിര്‍മാണം പൂര്‍ത്തിയാവും. പദ്ധതിയുടെ രണ്ടാം ഘട്ടം 2031-33 വര്‍ഷങ്ങളില്‍ ആരംഭിക്കും. ടിഎസ്എം1, ടിഎസ്എം2 എന്നീ പ്രത്യേക ആവശ്യങ്ങള്‍ക്കായുള്ള രണ്ട് മോഡ്യൂളുകള്‍ കൂടി വിക്ഷേപിക്കുകയും നിലയവുമായി ബന്ധിപ്പിക്കുകയും ചെയ്യും. 

ഏകദേശം 60890 കോടി റൂബിള്‍ (58009 കോടി രൂപ) ആണ് പദ്ധതി ചെലവ് കണക്കാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്കായുള്ള കരാറുകളില്‍ റഷ്യ അടുത്തിടെ ഒപ്പിട്ടിരുന്നു. മറ്റ് രാജ്യങ്ങളുമായും റഷ്യ സഹകരണത്തിന് ശ്രമിക്കുന്നുണ്ട്. അന്താരാഷ്ട്ര ബഹിരാകാശ നിലയം സ്ഥാപിക്കപ്പെടുന്നതിന് മുമ്പ് സല്യൂട്ട്, മിര്‍ എന്നീ ബഹിരാകാശനിലയങ്ങള്‍ റഷ്യയ്ക്കുണ്ടായിരുന്നു. 

അന്താരാഷ്ട്ര ബഹിരാകാശ നിലയം പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതോടെ സജീവമായ ഏക ബഹിരാകാശ നിലയം ചൈനയുടെ ടിയാന്‍ഗോങ് ആയിരിക്കും. 2028 ലാണ് ഇന്ത്യയുടെ ബഹിരാകാശ നിലയമായ ഭാരതീയ അന്തരീക്ഷ സ്റ്റേഷന്റെ ആദ്യ മോഡ്യൂളിന്റെ വിക്ഷേപണം തീരുമാനിച്ചിരിക്കുന്നത്. 2035 ഓടുകൂടി ഇന്ത്യയും സ്വന്തം ബഹിരാകാശ നിലയം പൂര്‍ത്തിയാക്കും. അങ്ങനെയെങ്കില്‍ 2035 ആവുമ്പോഴേക്കും സജീവമായ മൂന്ന് ബഹിരാകാശ നിലയങ്ങള്‍ ഭൂമിയെ ചുറ്റുന്നുണ്ടാവും. 

അന്താരാഷ്ട്ര ബഹിരാകാശ നിലയം പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതോടെ യുഎസില്‍ നിന്ന് സ്വകാര്യ കമ്പനികളുടെ ബഹിരാകാശ നിലയങ്ങള്‍ വിന്യസിക്കപ്പെട്ടേക്കും. യുഎസ് സ്വകാര്യ കമ്പനിയായ ആക്‌സിയം സ്‌പേസിന്റെ ബഹിരാകാശ നിലയവും 2030 ന് മുമ്പായി വിക്ഷേപിക്കപ്പെടുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇത് കൂടാതെ ആര്‍ട്ടെമിസ് ദൗത്യത്തിനൊപ്പം ചന്ദ്രനെ വലം വെക്കുന്ന 'ഗേറ്റ് വേ' എന്ന ആദ്യ ബഹിരാകാശ നിലയം സ്ഥാപിക്കാനാണ് നാസ ലക്ഷ്യമിടുന്നത്.