ന്യൂഡല്‍ഹി: ആണവോര്‍ജ രംഗത്ത് നിർണായക ചുവടുവെപ്പിനൊരുങ്ങി ഇന്ത്യ. കല്‍പ്പാക്കത്തെ പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടറിന് (പിഎഫ്ബിആര്‍) ആണവ ഇന്ധനം നിറയ്ക്കാന്‍ അറ്റോമിക് എനര്‍ജി റെഗുലേറ്ററി ബോര്‍ഡ് അനുമതി നല്കി. ഇതിന് പിന്നാലെ നിയന്ത്രിത ചെയിന്‍ റിയാക്ഷന് ആരംഭിക്കും. ഇന്ത്യയുടെ സ്വാശ്രയ ആണവോര്‍ജ്ജ പദ്ധതിയ്ക്ക് ഇത് ഒരു നാഴികക്കല്ലാണെന്നും പിഎഫ്ബിആര്‍ സുരക്ഷിതമായ റിയാക്ടറാണെന്നും അറ്റോമിക് എനര്‍ജി റെഗുലേറ്ററി ബോര്‍ഡ് ചെയര്മാന് ദിനേഷ് കുമാര്‍ ശുക്ല പറഞ്ഞു.
പ്ലൂട്ടോണിയമാണ് ഇവിടെ ആണവ ഇന്ധനമായി ഉപയോഗിക്കുന്നത് തോറിയം ആദ്യമായി ആണവോര്‍ജ്ജ സ്രോതസ്സായി ഉപയോഗിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു. ഇന്ത്യയില്‍ യുറേനിയത്തിന്റെ പരിമിതമായ ശേഖരം മാത്രമാണുള്ളത്. പ്രകൃതിദത്ത പ്ലൂട്ടോണിയം ഇല്ലാത്തതിനാല്‍ അറ്റോമിക് പ്ലാന്റുകളിലാണ് അവ നിര്‍മിക്കുന്നത്. അതേസമയം ഇന്ത്യയില്‍ തോറിയത്തിന്റെ വലിയ ശേഖരമുണ്ട്. അതിനാല്‍ തോറിയം ഇന്ധനമായി ഉപയോഗിക്കുന്നതിനുള്ള സങ്കീര്‍ണ്ണമായ സാങ്കേതികവിദ്യ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് ഇന്ത്യ.
തോറിയം ഇന്ധനമായി ഉപയോഗിക്കാനായാല്‍ രാജ്യത്തിന് ഊര്‍ജ്ജ സ്വാതന്ത്ര്യം ഉറപ്പുവരുത്താനാവുമെന്നും ഊര്‍ജത്തിന്റെ 'അക്ഷയപാത്രം' ആയിരിക്കും അതെന്നും വിദഗ്ദര്‍ വിലയിരുത്തുന്നു.
കൂടുതല്‍ ഇന്ധനം ഉല്പാദിപ്പിക്കാനാവുന്ന റിയാക്ടറുകളാണ് ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടര്‍. ഇക്കാരണത്താലാണ് അളവറ്റ ഊര്‍ജ സ്രോതസായി ഇത്തരം റിയാക്ടറുകളെ കണക്കാക്കുന്നത്. കഴിഞ്ഞ 39 വര്‍ഷങ്ങളായി ഒരു ഫാസ്റ്റ് ബ്രീഡര്‍ ടെസ്റ്റ് റിയാക്ടര്‍ (എഫ്ബിടിആര്‍) കല്‍പ്പാക്കത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.
2003 ലാണ് ഇന്ത്യയിലെ ഏറ്റവും നൂതനമായ ന്യൂക്ലിയര്‍ റിയാക്ടറായ - പ്രോടോട്ടൈപ്പ് ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടര്‍ നിര്‍മിക്കുന്നതിന് ഭാരതീയ നാഭികിയ വിദ്യുത് നിഗം ലിമിറ്റഡിന് (ഭവിനി) രൂപം നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചത്.
കഴിഞ്ഞ 20 വര്‍ഷക്കാലമായി പിഎഫ്ബിആറിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഇത്രയും സങ്കീര്‍ണമായ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന റിയാക്ടര്‍ മറ്റൊരു രാജ്യത്തിനുമില്ല. ആത്മനിര്‍ഭര്‍ ഭാരത് എന്ന ആശയം മുന്‍നിര്‍ത്തി ഭവിനി പൂര്‍ണമായും തദ്ദേശീയമായാണ് പിഎഫ്ബിആര്‍ വികസിപ്പിച്ചെടുത്തത്. 5677 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരുന്നതെങ്കിലും അത് മറികടന്ന് 6740 കോടി രൂപയോളം പദ്ധതിക്ക് ചെലവാക്കിയിട്ടുണ്ട്.
എംഎസ്എംഇകള്‍ ഉള്‍പ്പടെ 200 ല്‍ അധികം ഇന്ത്യന്‍ വ്യവസായങ്ങളില്‍ നിന്നുള്ള സംഭാവനകളും പദ്ധതിയ്ക്കുണ്ട്. കമ്മീഷന് ചെയ്തുകഴിഞ്ഞാല്‍ റഷ്യയ്ക്ക് ശേഷം ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടര്‍ വാണിജ്യപരമായി പ്രവര്‍ത്തിപ്പിക്കുന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യമാറും.
Content Highlights: Prototype Fast Breeder Reactor, PFBR, Kalpakkam Atomic Ractor Lead
Published: 31 Jul 2024, 11:59 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented