ചൈനയുടെ സഹായത്തോടെ നിരീക്ഷണ ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് ബഹിരാകാശത്തുനിന്നുള്ള രഹസ്യനിരീക്ഷണ ശേഷി വർധിപ്പിക്കുകയാണ് പാകിസ്താൻ. ചൈനയുടെ സഹായത്തോടെ ആറ് നിരീക്ഷണ ഉപഗ്രഹങ്ങളാണ് പാകിസ്താൻ വിജയകരമായി വിക്ഷേപിച്ചത്. ഇന്ത്യയുടെ സ്വന്തം ഗതിനിർണയ സംവിധാനമായ നാവിക് (NavIC) സാങ്കേതിക തകരാറുകൾ മൂലം വെല്ലുവിളികൾ നേരിടുന്ന സമയത്താണ് ഈ നീക്കം.
കഴിഞ്ഞ 16 മാസങ്ങൾക്കിടെയാണ് ആറ് ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങൾ പാകിസ്താൻ വിക്ഷേപിച്ചത്. ഇന്ത്യൻ ഭൂപ്രദേശങ്ങളിലെ നീക്കങ്ങൾ വളരെ കൃത്യതയോടെയും അടിക്കടിയും നിരീക്ഷിക്കാൻ ശേഷിയുള്ള ഒരു നിരീക്ഷണ ശൃംഖല രൂപീകരിക്കാൻ ഇതിലൂടെ അവർക്ക് സാധിച്ചു.
എന്നാൽ കേവലം പൊതുജനാവശ്യങ്ങൾക്ക്മാത്രമായല്ല ഈ സംവിധാനം പാകിസ്താൻ വിന്യസിച്ചിരിക്കുന്നതെന്നും വ്യക്തമായ സൈനിക താത്പര്യങ്ങൾ അതിനുപിന്നിലുണ്ടെന്നും ഇന്ത്യയെ ലക്ഷ്യമിട്ടുള്ള നിരീക്ഷണ ശൃംഖലയാണിതെന്നും വിദഗ്ധർ വിലയിരുത്തുന്നു.
ഉയർന്ന നിലവാരമുള്ള ചിത്രങ്ങൾ പകർത്താനും രഹസ്യ സൈനിക കേന്ദ്രങ്ങളും താവളങ്ങളും തിരിച്ചറിയാനും ഇത്തരമൊരു നിരീക്ഷണ സംവിധാനം പാകിസ്താനെ സഹായിച്ചേക്കും. പഹൽഗാം ഭീകരാക്രമണത്തിനും ഓപ്പറേഷൻ സിന്ദൂറിനും വളരെ മുമ്പുതന്നെ പാകിസ്താൻ ഇത്തരം ഒരു നിരീക്ഷണ സംവിധാനം ഒരുക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നു എന്നത് തന്ത്രപരമായ പ്രാധാന്യം വ്യക്തമാക്കുന്നു.
പ്രതിസന്ധിയിലായി ഇന്ത്യയുടെ 'നാവിക്'
അമേരിക്കയുടെ ജി.പി.എസിനു പകരമായി ഐ.എസ്.ആർ.ഒ. (ISRO) വികസിപ്പിച്ചെടുത്ത നാവിഗേഷൻ സംവിധാനമാണ് നാവിക് (NavIC). കാർഗിൽ യുദ്ധകാലത്ത് വിദേശ നാവിഗേഷൻ സേവനങ്ങളെ ആശ്രയിക്കുന്നതിലെ അപകടം തിരിച്ചറിഞ്ഞാണ് ഇന്ത്യ ഈ പദ്ധതിക്ക് രൂപം നൽകിയത്. എന്നാൽ 2026-ഓടെ ഈ പദ്ധതി വലിയ വെല്ലുവിളികളെ നേരിടുകയാണ്.
നാവിക് ഉപഗ്രഹങ്ങളിലെ സുപ്രധാന ഭാഗമായ റുബീഡിയം അറ്റോമിക് ക്ലോക്കുകൾ പലതും പ്രവർത്തനരഹിതമായി. കൃത്യമായ സ്ഥാനനിർണയത്തിന് ഈ ക്ലോക്കുകൾ അത്യന്താപേക്ഷിതമാണ്. 2013-നും 2016-നും ഇടയിൽ വിക്ഷേപിച്ച ആദ്യതലമുറ ഉപഗ്രഹങ്ങൾ പലതും അവയുടെ കാലാവധി പൂർത്തിയാക്കിക്കഴിഞ്ഞു. കാലപ്പഴക്കം ചെന്ന ഉപഗ്രഹങ്ങൾക്ക് പകരമായി വിക്ഷേപിച്ച രണ്ടാം തലമുറ ഉപഗ്രഹമായ NVS-02, സാങ്കേതിക തകരാറുകൾ മൂലം കൃത്യമായ ഭ്രമണപഥത്തിൽ എത്തിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചില്ല. നിലവിൽ ഏഴ് ഉപഗ്രഹങ്ങൾ വേണ്ട സ്ഥാനത്ത് വെറും മൂന്ന് ഉപഗ്രഹങ്ങൾ (IRNSS-1B, IRNSS-1I, NVS-01) മാത്രമാണ് പൂർണമായി പ്രവർത്തിക്കുന്നത്. വിശ്വസനീയമായ നാവിഗേഷൻ സേവനങ്ങൾക്ക് കുറഞ്ഞത് നാല് ഉപഗ്രഹങ്ങളും ഒരു പ്രാദേശിക ശൃംഖലയ്ക്ക് ഏഴ് ഉപഗ്രഹങ്ങളും അത്യാവശ്യമാണെന്നിരിക്കെയാണിത്.
വെറുമൊരു നാവിഗേഷൻ സംവിധാനം എന്നതിലുപരി ഇന്ത്യയുടെ സുരക്ഷാ കാര്യങ്ങളിൽ നാവിക് വലിയ പങ്ക് വഹിക്കുന്നുണ്ട്. മിസൈൽ ഗൈഡൻസ്, നാവിക പ്രവർത്തനങ്ങൾ, സുരക്ഷിതമായ സൈനിക ആശയവിനിമയം, ദുരന്ത നിവാരണം എന്നിവയ്ക്ക് നാവിക് അത്യന്താപേക്ഷിതമാണ്. നിലവിലെ തിരിച്ചടികൾക്കിടയിലും ഐ.എസ്.ആർ.ഒ. രണ്ടാം തലമുറ നാവിക് ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിനായുള്ള തയ്യാറെടുപ്പിലാണ്. സ്മാർട്ട്ഫോണുകളിൽ നാവിക് കൂടുതൽ ലഭ്യമാക്കുന്നതിനായി L1-ബാൻഡ് സിഗ്നലുകൾ കൂടി ഇതിൽ ഉൾപ്പെടുത്തുന്നുണ്ട്. പാകിസ്താൻ ബഹിരാകാശത്ത് തങ്ങളുടെ നിരീക്ഷണ കണ്ണുകൾ ശക്തമാക്കുമ്പോൾ, ഇന്ത്യയുടെ സ്വന്തം നാവിഗേഷൻ സംവിധാനം എത്രയും വേഗം പൂർണസജ്ജമാക്കേണ്ടത് രാജ്യത്തിന്റെ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണ്.
Content Highlights: As Pakistan bolsters its space surveillance capabilities by launching six spy satellites with China's assistance to monitor Indian territories, India's indigenous navigation system, NavIC, is currently grappling with critical technical failures and a shortage of operational satellites.
Published: 11 Jun 2026, 07:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented