കോഴിക്കോട്: ഡല്‍ഹി സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലറും പ്രശസ്ത സസ്യശാസ്ത്രജ്ഞനുമായ ദീപക് പെന്റാലിന്റെ നാമത്തില്‍ പുതിയൊരു തവളയിനം പശ്ചിമഘട്ടത്തില്‍ നിന്ന്. 'മിനര്‍വാര്യ പെന്റാലി' (Minervarya pentali) എന്ന് പേരിട്ട കുഞ്ഞന്‍ തവളയെ പത്തുവര്‍ഷത്തെ പഠനത്തിനൊടുവിലാണ് ഗവേഷകര്‍ അവതരിപ്പിച്ചത്.

ഡല്‍ഹി സര്‍വ്വകലാശാലയിലെ ഉഭയജീവി ഗവേഷകരാണ് കണ്ടെത്തലിന് പിന്നില്‍. ഉത്തര്‍പ്രദേശ് സ്വദേശി ഡോ.സൊണാലി ഗാര്‍ഗും മലയാളിയായ പ്രൊഫ.സത്യഭാമ ദാസ് ബിജുവും (എസ്.ഡി. ബിജു) ചേര്‍ന്ന് നടത്തിയ കണ്ടെത്തലിന്റെ റിപ്പോര്‍ട്ട് 'എഷ്യന്‍ ഹെര്‍പ്പറ്റോളജിക്കല്‍ റിസര്‍ച്ച്' ജേര്‍ണലിന്റെ പുതിയ ലക്കത്തിലാണുള്ളത്. 

'മിനര്‍വാര്യന്‍ തവളകള്‍' (Minervaryan frogs) എന്നറിയപ്പെടുന്ന വലിയൊരു വിഭാഗമുണ്ട്. തെക്കന്‍ പശ്ചിമഘട്ട മേഖലയില്‍ കാണപ്പെടുന്ന 'മിനര്‍വാര്യ' (Minervarya) ജീനസില്‍ പെട്ട ഈ വിഭാഗം, ഉഭയജീവി ഗവേഷകര്‍ക്ക് വലിയ ആശയക്കുഴപ്പം സൃഷ്ടിക്കുന്നവയാണ്.  

New Frog, Minervarya pentali, Sathyabhama Das Biju
ചിത്രം കടപ്പാട്: എസ്.ഡി.ബിജു, ഡല്‍ഹി യൂണിവേഴ്‌സിറ്റി 

ആശയക്കുഴപ്പം അവസാനിപ്പിക്കാനായി ഈ ജീനസിനെ കുറിച്ച് ഏതാണ്ട് പത്തുവര്‍ഷം നടത്തിയ സമഗ്രമായ പഠനത്തിനിടെയാണ്, കുഞ്ഞന്‍ തവളകളുടെ ഗണത്തില്‍ പെടുന്ന പുതിയ തവളയിനത്തെ തിരിച്ചറിഞ്ഞതെന്ന്, ഡല്‍ഹി സര്‍വ്വകലാശാലയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. 

ബാഹ്യഘടന സംബന്ധിച്ച താരതമ്യം, ജനിതക വിശകലനം, കരച്ചില്‍ പാറ്റേണുകള്‍-ഇങ്ങനെ വ്യത്യസ്ത പരിശോധനകള്‍ക്ക് ഒടുവിലാണ്, 'മിനര്‍വാര്യ പെന്റാലി' പുതിയൊരു തവള സ്പീഷീസ് ആണെന്ന് ഗവേഷകര്‍ ഉറപ്പിച്ചത്. 

New Frog, Minervarya pentali, Sathyabhama Das Biju
ചിത്രം കടപ്പാട്: എസ്.ഡി.ബിജു, ഡല്‍ഹി യൂണിവേഴ്‌സിറ്റി 

ഡല്‍ഹി സര്‍വ്വകലാശാലയില്‍ പരിസ്ഥിതി പഠനവിഭാഗത്തില്‍ ഡോ.ബിജുവിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന 'സിസ്റ്റമാറ്റിക്‌സ് ലാബി'ല്‍ (Systematics Lab) ആണ്, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഇതുവരെ തിരിച്ചറിഞ്ഞ ഉഭയജീവികളില്‍ നാലിലൊന്നു ഭാഗത്തെ കുറിച്ചുമുള്ള പഠനം നടന്നത്. '2006 ല്‍ ഈ ലാബ് സ്ഥാപിക്കാന്‍ ഏറെ പ്രോത്സാഹനം നല്‍കിയത് വൈസ്ചാന്‍സലറായിരുന്ന പ്രൊഫ.ദീപക് പെന്റാലാണ്'-ഡോ.ബിജു പറയുന്നു. 'അതിന്റെ അംഗീകാരമെന്ന നിലയ്ക്കാണ് പുതിയ തവളയിനത്തിന് അദ്ദേഹത്തിന്റെ പേര് നല്‍കിയത്'.

Minervarya pentali, Sathyabhama Das Biju
ചിത്രം കടപ്പാട്: എസ്.ഡി.ബിജു, ഡല്‍ഹി യൂണിവേഴ്‌സിറ്റി

ഒരു ഭൂപരിമിതജീവി (endemic) ആണ് പുതിയ തവളയിനം. അവ തെക്കന്‍ പശ്ചിമഘട്ടത്തില്‍ മാത്രമേ കണപ്പെടുന്നുള്ളൂ. 'തെക്കന്‍ പശ്ചിമഘട്ടത്തില്‍ ഉള്‍പ്പെട്ട, കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിവിധ സ്ഥലങ്ങളില്‍ നിന്ന് മണ്‍സൂണ്‍ കാലത്ത് ഈ സ്പീഷീസിനെ കണ്ടെത്തിയിട്ടുണ്ട്', പഠനറിപ്പോര്‍ട്ടിന്റെ മുഖ്യ രചയിതാവായ സൊണാലി അറിയിക്കുന്നു. 'ഇതുവരെ തിരിച്ചറിഞ്ഞ മിനര്‍വാര്യന്‍ തവളകളില്‍ ഏറ്റവും ചെറിയ ഇനമാണിത്. വലിപ്പക്കുറവാകാം, ഈ സ്പീഷീസിനെ ഇതുവരെ ഗവേഷകര്‍ തിരിച്ചറിയാത്തതിന് കാരണം'. 

ഡോ.ബിജുവിന്റെ മേല്‍നോട്ടത്തില്‍ ഉഭയജീവിപഠനത്തില്‍ പി.എച്ച്.ഡി. നേടിയ ഡോ.സൊണാലി, നിലവില്‍ ഡല്‍ഹി സര്‍വ്വകലാശാലയില്‍ പോസ്റ്റ് ഡോക്ടറല്‍ ഗവേഷകയാണ്.

Content Highlights: New Frog, Minervarya pentali, Sathyabhama Das Biju, Sonali Garg, Deepak Pental, Western Ghats biodiverstiy, Amphibian biology