സ്റ്റാര്‍ലൈനര്‍ പേടകത്തെ സഞ്ചാരികളില്ലാതെ തിരികെ ഇറക്കാന്‍ തീരുമാനിച്ചെങ്കിലും പേടകത്തില്‍ പുതിയ പ്രശ്‌നങ്ങള്‍ കാണപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍. മനുഷ്യനെ വഹിച്ചുള്ള ആദ്യ പരീക്ഷണ ദൗത്യവുമായെത്തിയ പേടകം സാങ്കേതിക തകരാറിനെ തുടര്‍ന്ന് ദിവസങ്ങളായി നിലയത്തിൽ കുടുങ്ങിക്കിടക്കുകയാണ്. പേടകത്തില്‍ നിലയത്തിലെത്തിയ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസിനേയും ബച്ച് വില്‍മറിനേയിം മറ്റൊരു പേടകത്തില്‍ തിരിച്ചെത്തിക്കുമെന്നും പേടകത്തെ തനിയെ ഇറക്കുമെന്നും നാസ ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രഖ്യാപിച്ചത്.
അതിനിടെ പുതിയ പ്രശ്‌നങ്ങള്‍ പേടകത്തില്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ നിന്ന് വിചിത്ര ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ബച്ച് വില്‍മര്‍. ആര്‍സ് ടെക്‌നിക്ക എന്ന വെബ്‌സൈറ്റാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്. പേടകത്തിലെ സ്പീക്കറില്‍ നിന്ന് വിചിത്രമായ ശബ്ദം ഉണ്ടാവുന്നുവെന്നും അതിന് കാരണം അറിയില്ലെന്നും വില്‍മര്‍ റിപ്പോര്‍ട്ട് ചെയ്തു.
ഒരു സോണാര്‍ പിങ് പോലുള്ള സ്പന്ദന ശബ്ദം പോലെയായിരുന്നു അത് എന്ന് വില്‍മര്‍ പറയുന്നു. ഇത്തരത്തിലുള്ള അപാകതകള്‍ ബഹിരാകാശ സഞ്ചാരികളുടെ ശ്രദ്ധയില്‍ പെടുന്നതും റിപ്പോര്‍ട്ട് ചെയ്യുന്നതും വളരെ സാധാരണമാണ്. അവ പലതും പേടകത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാറില്ല. സ്റ്റാര്‍ലൈനറിലെ സ്പീക്കറില്‍ ഈ ശബ്ദം ഉണ്ടാവാനുള്ള കാരണം വ്യക്തമല്ല. അത് കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് മിഷന്‍ കണ്‍ട്രോള്‍ സെന്റര്‍.
മൂന്ന് മാസങ്ങളായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ തുടരുന്ന സ്റ്റാര്‍ലൈനര്‍ പേടകം ഈ മാസം തിരിച്ചിറക്കും. ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകള്‍ പ്രവര്‍ത്തനരഹിതമായതുമാണ് കാരണം. സാങ്കേതിക പ്രശ്‌നമുള്ള പേടകത്തില്‍ സഞ്ചാരികളെ തിരികെ ഇറക്കുന്നത് വെല്ലുവിളി ആയതിനാല്‍ അവരെ മറ്റൊരു പേടകത്തില്‍ തിരിച്ചെത്തിക്കാന്‍ നാസ തീരുമാനിക്കുകയായിരുന്നു. സ്‌പേസ് എക്‌സിന്റെ ക്രൂ 9 പേടകത്തിലാണ് സുനിതാ വില്യംസും ബച്ച് വില്‍മറും തിരികെ എത്തുക.
Content Highlights: Nasa astronaut Barry Wilmore,
Published: 02 Sept 2024, 05:21 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented