ലോകമെമ്പാടുമുള്ള വനങ്ങളെ കുറിച്ചും ഭൂമിയുടെ കാർബൺ ചക്രത്തിൽ അവയുടെ നിർണായക പങ്കിനെ കുറിച്ചും ആഴത്തിലുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായി രൂപകല്പന ചെയ്തിരിക്കുന്ന യൂറോപ്യൻ സ്പേസ് ഏജൻസിയുടെ (ഇഎസ്എ) ബയോമാസ് ഉപഗ്രഹം വിക്ഷേപിച്ചു. ഫ്രഞ്ച് ഗയാനയിലെ കൊറോവിലുള്ള യൂറോപ്പിന്റെ സ്പേസ് പോർട്ടിൽ നിന്ന് വീഗ-സീ റോക്കറ്റിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2:45-നായിരുന്നു വിക്ഷേപണം.

To advertise here,

വിക്ഷേപണത്തിന് ഒരു മണിക്കൂറിനുള്ളിൽ തന്നെ ബയോമാസ് ഉപഗ്രഹം റോക്കറ്റിൽ നിന്ന് വേർപെട്ടു. ഇന്ത്യൻ സമയം വൈകിട്ട് 4:18-ന് ജർമനിയിലെ ഇഎസ്എയുടെ യൂറോപ്യൻ സ്പേസ് ഓപ്പറേഷൻ സെന്ററിലെ സാറ്റലൈറ്റ് കൺട്രോളറുകൾക്ക് ആന്റാർട്ടിക്കയിലെ ട്രോൾ ഗ്രൗണ്ട് സ്റ്റേഷൻ വഴി ബയോമാസ് ഭ്രമണപഥത്തിൽ നിശ്ചയിച്ചത് പോലെ പ്രവർത്തിക്കുന്നുണ്ടെന്ന ആദ്യ സിഗ്നൽ ലഭിച്ചു. വരും ദിവസങ്ങളിൽ ഉപഗ്രഹത്തിന്റെ പ്രവർത്തനം കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള ശ്രമങ്ങൾ നടക്കും.

എയർബസ് യുകെയുടെ നേതൃത്വത്തിൽ 50 കമ്പനികൾ ചേർന്നാണ് ബയോമാസ് വികസിപ്പിച്ചത്. ബഹിരാകാശത്തേക്ക് 3300 കിലോഗ്രാം ഭാരമെത്തിക്കാൻ ശേഷിയുള്ളതാണ് യൂറോപ്പിന്റെ വീഗ-സി റോക്കറ്റ്.

പി-ബാൻഡ് സിന്തറ്റിക് അപ്പർച്ചർ റഡാർ ബഹിരാകാശത്ത് ആദ്യമായെത്തിച്ച ബയോമാസ് ദൗത്യത്തിലൂടെ ഭൂമിയിലെ വനപ്രദേശങ്ങളുടെ നിലവിലെ അവസ്ഥയെന്താണെന്ന് പഠിക്കാനും അവയ്ക്ക് എന്തൊക്കെ മാറ്റങ്ങൾ സംഭവിക്കുന്നുവെന്ന് മനസ്സിലാക്കാനും സാധിക്കും. ഒപ്പം ഭൂമിയിലെ കാർബൺ ചക്രത്തിൽ വനങ്ങളുടെ പങ്ക് മനസ്സിലാക്കാനും സാധിക്കുമെന്ന് യുഎസ് സ്പേസ് ഏജൻസി പറഞ്ഞു.

ബയോമാസ് ഉപയോഗിച്ച് ലോകത്തെ വനപ്രദേശങ്ങളിൽ എത്രത്തോളം കാർബൺ ശേഖരിച്ചുവെച്ചിരിക്കുന്നുവെന്ന് മനസ്സിലാക്കാൻ തങ്ങൾ തയ്യാറായിരിക്കുന്നു. ഇതുവഴി കാർബൺ ചക്രത്തെക്കുറിച്ചും ഭൂമിയിലെ കാലാവസ്ഥാ സംവിധാനത്തെ കുറിച്ചുള്ള നമ്മുടെ അറിവുകളിലെ വിടവുകൾ നികത്താൻ സാധിക്കും. ഇഎസ്എ പറഞ്ഞു.

അന്തരീക്ഷത്തിലെ കാർബൺ ഡൈഓക്സൈഡ് വൻതോതിൽ ആഗിരണം ചെയ്യുകയും സംഭരിക്കുകയും ചെയ്യുന്ന വനങ്ങളാണ് ഭൂമിയിലെ താപനില നിലനിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത്. ഭൂമിയുടെ ഹരിത ശ്വാസകോശം എന്നാണ് വനങ്ങളെ വിശേഷിപ്പിക്കാറ്. ഒരു വർഷം 800 കോടി ടൺ കാർബൺ ഡൈഓക്സൈഡ് ആഗിരണം ചെയ്യാൻ വനങ്ങൾക്ക് സാധിക്കും. എന്നാൽ വൻതോതിലുള്ള വനനശീകരണം സംഭരിച്ചുവെച്ചിരിക്കുന്ന കാർബൺ തിരിച്ച് അന്തരീക്ഷത്തിലെത്തുന്നതിന് കാരണമാവുകയും അത് കാലാവസ്ഥാ വ്യതിയാനത്തിന് ഇടയാക്കുകയും ചെയ്യുന്നു.

വനനശീകരണവും വനങ്ങളിലെ കാർബൺ ശേഖരത്തെയും ഭൂമിയുടെ കാലാവസ്ഥയിലും താപനിലയിലും അന്തരീക്ഷത്തിലെ കാർബൺ ഡൈഓക്സൈഡിന്റെ അളവ് വർധിക്കുന്നതിലും വനങ്ങളുടെ സ്വാധീനമെന്താണെന്നത് സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ശാസ്ത്രജ്ഞരുടെ പക്കലുണ്ടായിരുന്നില്ല.

പി-ബാൻഡ് സിന്തറ്റിക് റഡാർ ഉപയോഗിച്ച് വനങ്ങളിലെ വൃക്ഷങ്ങളിൽ ശേഖരിച്ചിരിക്കുന്ന കാർബണിന്റെ അളവെത്രയാണെന്നും അത് വൃക്ഷങ്ങളിൽ എവിടെയാണ് ശേഖരിച്ചിരിക്കുന്നതെന്നും പഠിക്കാനാവും. ഇത് ഭൂമിയിലെ കാർബൺ ശേഖരത്തെ കുറിച്ചും വന നഷ്ടം വനത്തിന്റെ പുനർവളർച്ച എന്നിവ സംബന്ധിച്ച അസ്ഥിരതകൾ കുറയ്ക്കാൻ സഹായകമാവുമെന്നും ഇഎസ്എ പറഞ്ഞു.