തിരുവനന്തപുരം: വിഖ്യാത ഭൗതികശാസ്ത്രജ്ഞൻ എർവിൻ ഷ്രോഡിങ്ങറുടെ ‘ക്വാണ്ടം പൂച്ച’ വെള്ളിയാഴ്ച കേരളപര്യടനം തുടങ്ങും. ‘കാക്കയും പ്രാവും പറക്കുന്ന പോലെയീ പൂച്ച പറക്കാത്തതെന്തുകൊണ്ടെ’ന്നു പാട്ടുപാടി പറഞ്ഞുതരും. വെളിച്ചത്തിന്റെ തരംഗദൈർഘ്യം പഠിച്ച ഡോ. സി.വി. രാമന്റെ മുറി, മേരി ക്യൂറിയുടെ മേശ തുടങ്ങിയവ വിവരിച്ചുതരും. ഫ്ളൂറസന്റിന്റെ തിളക്കത്തിനുപിന്നിലുള്ള രഹസ്യവുമറിയാം. ആണവഘടനമുതൽ സൗരയൂഥംവരെ വെർച്വൽ ലാബിലൂടെ കണ്ടറിയാം.
ഐക്യരാഷ്ട്രസംഘടന ക്വാണ്ടം സിദ്ധാന്തത്തിന്റെ ശതാബ്ദി ആഘോഷിക്കുന്നതിന്റെ ഭാഗമായി കൊച്ചിൻ ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ‘ശാസ്ത്ര സമൂഹകേന്ദ്രം’ മുൻകൈയെടുത്തു സംഘടിപ്പിക്കുന്നതാണ് ‘ക്വാണ്ടം പൂച്ചയുടെ കേരളപര്യടനം’ എന്നുപേരിട്ട ശാസ്ത്രസംവാദപരിപാടി.
ക്വാണ്ടം ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും നേട്ടം ലോകമെമ്പാടും ആഘോഷിക്കുന്ന സാഹചര്യത്തിൽ വെള്ളിയാഴ്ച തുടങ്ങി ഫെബ്രുവരിവരെയാണ് പര്യടനം. കോളേജുകൾ വേദിയാവുന്ന പ്രദർശനത്തിൽ ഓരോ സ്കൂളിൽനിന്നും നൂറുവീതം കുട്ടികളെ പങ്കെടുപ്പിക്കും. ശാസ്ത്രസാഹിത്യപരിഷത്തും സയൻസ് പോർട്ടലായ ‘ലൂക്ക’യുമായി സഹകരിച്ചാണ് പരിപാടി.
ഓരോ ജില്ലയിലും അഞ്ചുദിവസമാണ് പര്യടനം. ക്വാണ്ടം ശാസ്ത്രത്തിന്റെ ആരംഭകാലം, ഇന്ത്യൻ സംഭാവനകൾ, ആവർത്തനപട്ടികയിലെ മൂലകങ്ങൾ, റേഡിയേഷൻ കാണാവുന്ന ക്ലൗഡ് ചേംബർ, ലേസർ പരീക്ഷണം, ഹോളോഗ്രഫി, സെമികണ്ടക്ടർ തുടങ്ങീ ക്വാണ്ടം സയൻസുമായി ബന്ധപ്പെട്ട ദൃശ്യവിസ്മയങ്ങൾ പ്രദർശനത്തിലുണ്ടാവും.
പ്രത്യേകപരിശീലനം ലഭിച്ച മുന്നൂറോളം വിദ്യാർഥികൾ ശാസ്ത്രസംവാദകരായി ഉണ്ടാവും.
എന്താണ് ക്വാണ്ടം പൂച്ച?
ക്വാണ്ടം വസ്തുക്കളുടെ സ്വഭാവം ചർച്ചചെയ്യാൻ 1935-ൽ എർവിൻ ഷ്രോഡിങ്ങർ ഒരു ചിന്താപരീക്ഷണം തയ്യാറാക്കി.
ഒരു ഇരുട്ടുമുറിയിൽ സ്റ്റീൽപ്പെട്ടിയിൽ ഒരു പൂച്ച, ഒരു റേഡിയോ ആക്ടീവ് പദാർഥം, റേഡിയോ ആക്ടീവ് കണം പുറത്തേക്കുവന്നാൽ പൊട്ടിവീഴാൻപാകത്തിൽ ക്രമീകരിച്ച ചുറ്റിക, ചുറ്റികവീണാൽ പൊട്ടുംവിധത്തിൽവെച്ചിരിക്കുന്ന ഒരു കുപ്പി വിഷവാതകം. കുപ്പിപൊട്ടിയാൽ പൂച്ച ചാവും. എന്നാൽ, കണം പുറത്തേക്കുവരുന്നില്ലെങ്കിൽ പൂച്ച ജീവിച്ചിരിക്കും.
എന്നാൽ, പുറത്തുനിന്നുകൊണ്ട് പെട്ടിക്കുള്ളിൽ എന്തുസംഭവിക്കുന്നു എന്ന് നമുക്കുപറയാൻ കഴിയില്ല. എന്നാൽ, ക്വാണ്ടം മെക്കാനിക്സിന്റെ നിയമപ്രകാരം പെട്ടിയിൽനിന്ന് ഒരേസമയം കണം പുറത്തേക്കുവന്നു, വന്നില്ല എന്ന അവസ്ഥയിലാണ്. അതുപ്രകാരം ചുറ്റിക വീണു, വീണില്ല. അതായത്, പൂച്ച ഒരേസമയം ജീവിച്ചിട്ടുമുണ്ട്, മരിച്ചിട്ടുമുണ്ട് എന്ന സൂപ്പർ പൊസിഷൻ അവസ്ഥ.
എന്നാൽ, നിങ്ങൾ പെട്ടി തുറക്കുകയാണെങ്കിൽ നേരത്തേ പറഞ്ഞ സൂപ്പർ പൊസിഷൻ അവസ്ഥ അപ്രത്യക്ഷമാകുന്നു. അൻപതുശതമാനം സാധ്യതയോടെ നിങ്ങൾ ഒരു ജീവനുള്ള പൂച്ചയെ കാണും, അൻപതുശതമാനം സാധ്യതയോടെ നിങ്ങൾ ഒരു ചത്ത പൂച്ചയെ കാണും. ക്വാണ്ടം മെക്കാനിക്സ് എന്ന ശാസ്ത്രശാഖയുടെ നേരത്തേയുള്ള കോപ്പൻഹേഗൻ വ്യാഖ്യാനത്തിലെ ചില പോരായ്മകൾ ചൂണ്ടിക്കാട്ടാൻവേണ്ടി നടത്തിയ ഒരു ചിന്താപരീക്ഷണമാണിത്. ഒരു പൂച്ചയ്ക്ക് യഥാർഥത്തിൽ ഇങ്ങനെ സംഭവിക്കില്ല.
Content Highlights: Erwin Schrödinger's 'Quantum Cat' begins Kerala tour: CUSAT organizes a science exhibition and debate to celebrate the centenary of Quantum Theory.
Published: 06 Nov 2025, 08:01 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented