സൗരയൂഥത്തിന് പുറത്ത് നിന്ന് ആദ്യമായി ഗവേഷകര്‍ക്ക് റേഡിയോ സിഗ്നലുകള്‍ ലഭിച്ചു. നെതര്‍ലന്‍ഡിലെ ശക്തിയേറിയ ലോ ഫ്രീക്വന്‍സി അറേ (ലോഫര്‍) റേഡിയോ ആന്റിന ഉപയോഗിച്ചാണ് റേഡിയോ സിഗ്നല്‍ പിടിച്ചെടുത്തത്. സൗരയൂഥത്തിന് പുറത്തുള്ള ഒരു നക്ഷത്രത്തില്‍ നിന്നാണ് ഈ സിഗ്നലുകള്‍ ലഭിച്ചത്. 

ശൂന്യാകാശത്ത് മറഞ്ഞിരിക്കുന്ന ഗ്രഹങ്ങളെ കണ്ടെത്തുന്ന ഈ പുതിയ വിദ്യയിലൂടെ അന്യഗ്രഹ ജീവനെ കുറിച്ചുള്ള സൂചനയും ലഭിച്ചേക്കാം. 

ക്വീന്‍സ് ലാന്‍ഡ് സര്‍വകലാശാലയിലെ ഡോ. ബെഞ്ചമിന്‍ പോപും ഡച്ച് നാഷണല്‍ ഒബ്‌സര്‍വേറ്ററിയിലെ (ആസ്‌ട്രോണ്‍) സഹപ്രവര്‍ത്തകരുമാണ് റേഡിയോ സിഗ്നല്‍ പിടിച്ചെടുത്തത്. ലോഫാര്‍ ഉപയോഗിച്ച് പുതിയ ഗ്രഹങ്ങള്‍ക്കായുള്ള തിരക്കിലായിരുന്നു ഗവേഷക സംഘം. 

19 ചുവന്ന കുള്ളന്‍ നക്ഷത്രങ്ങളില്‍ നിന്നുള്ള സിഗ്നലുകളാണ് ഗവേഷകര്‍ പിടിച്ചെടുത്തത്. ഇതില്‍ നാലെണ്ണത്തില്‍ നിന്നുള്ള സിഗ്നലുകള്‍ അവയ്ക്ക് ചുറ്റും ഗ്രഹങ്ങള്‍ വലം വെക്കുന്നുണ്ടെന്ന സൂചന നല്‍കുന്നതാണ്. 

"നമ്മുടെ സൗരയൂഥത്തിനകത്തെ ഗ്രഹങ്ങള്‍ അവയുടെ കാന്തിക വലയം സൗരക്കാറ്റുമായി സമ്പര്‍ക്കമുണ്ടാകുന്നതിന്റെ ഫലമായി ശക്തമായ റേഡിയോ തരംഗങ്ങള്‍ പുറത്തുവിടുന്നുണ്ട്. എന്നാല്‍ സൗരയൂഥത്തിന് പുറത്ത് നിന്നുള്ള ഗ്രഹങ്ങള്‍ റേഡിയോ സിഗ്നലുകള്‍ പുറത്തുവിടുന്നുണ്ടെന്ന് ഇതുവരെ കണ്ടെത്തിയിരുന്നില്ല." ഗവേഷകര്‍ പ്രസ്താവനയില്‍ പറഞ്ഞു.  

Exoplanetഗ്രഹങ്ങളും നക്ഷത്രങ്ങലും തമ്മിലുള്ള കാന്തികബന്ധം കൊണ്ടാണ് ഈ സിഗ്നലുകള്‍ വരുന്നത് എന്ന് ഗവേഷക സംഘം ഉറപ്പിച്ചു പറയുന്നു. വ്യാഴവും അതിന്റെ ഉപഗ്രഹവും തമ്മില്‍ ഈ രീതിയിലുള്ള സമ്പര്‍ക്കമുണ്ട്.

നമ്മുടെ ഭൂമിയിലെ അറോറയും ശക്തമായ റേഡിയോ തരംഗങ്ങള്‍ പുറപ്പെടുവിക്കുന്നുണ്ട്. ഭൂമിയുടെ കാന്തിക വലയവും സൗരക്കാറ്റും തമ്മിലുള്ള സമ്പര്‍ക്കം മൂലമാണത് സംഭവിക്കുന്നത്. വ്യാഴത്തിലും ഭൂമിയില്‍ കാണുന്നതിനേക്കാള്‍ ശക്തമായ അറോറകള്‍ ഉണ്ടാവുന്നുണ്ട്. 

റേഡിയോ സിഗ്നലുകള്‍ ലഭിച്ചുവെന്ന് പറയുന്ന നക്ഷത്രങ്ങള്‍ ഗ്രഹങ്ങളുടെ കേന്ദ്ര നക്ഷത്രങ്ങളാണെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നില്ല. പക്ഷെ ഈ ഗ്രഹങ്ങള്‍ ഭൂമിയേക്കാള്‍ വലുതായിരിക്കുമെന്നാണ് അവരുടെ വിലയിരുത്തല്‍. 

പുതിയ ഗ്രഹങ്ങളുടെ കണ്ടെത്തലിലേക്ക് നയിച്ചേക്കാവുന്ന കണ്ടെത്തലാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. 2029 ഓടെ സ്‌ക്വയര്‍ കിലോമീറ്റര്‍ അറേ റേഡിയോ ടെലിസ്‌കോപ് യാഥാര്‍ത്ഥ്യമാവുന്നതോടെ ഈ വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചേക്കും.