
ഞാന്‍ 1993 ജനുവരിയില്‍ മുംബൈയിലെ ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ ഡോക്ടര്‍ ആര്‍. ചിദംബരമായിരുന്നു സ്ഥാപനത്തിന്റെ മേധാവി. ഏതാനും മാസങ്ങള്‍ക്കുശേഷം അദ്ദേഹം ആണവോര്‍ജവകുപ്പ് ചെയര്‍മാന്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു.
1962-ലാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസില്‍നിന്ന് ഡോക്ടറേറ്റ് നേടിയ ഡോ. ചിദംബരം മുംബൈയിലെ ബി.എ.ആര്‍.സി.യില്‍ ജോലിയില്‍ പ്രവേശിച്ചത്. 1974, 1998 വര്‍ഷങ്ങളില്‍ പൊഖ്റാനില്‍ നടന്ന ആണവ സ്‌ഫോടന പരീക്ഷണങ്ങളില്‍ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. ഒരു ലോകോത്തര ഭൗതികശാസ്ത്രജ്ഞന്‍ എന്ന നിലയില്‍ ഹൈ പ്രഷര്‍ ഫിസിക്‌സ്, ക്രിസ്റ്റലോഗ്രാഫി, മെറ്റീരിയല്‍ സയന്‍സ് തുടങ്ങിയ വിഷയങ്ങളിലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളാണ് ഇന്ത്യയിലെ ആധുനിക മെറ്റീരിയല്‍ സയന്‍സ് ഗവേഷണത്തിന് അടിത്തറയിട്ടതെന്ന് പറയാം.
ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിനുശേഷം 2001 മുതല്‍ പതിനേഴ് വര്‍ഷം അദ്ദേഹം സര്‍ക്കാരിന്റെ പ്രധാന ശാസ്ത്ര ഉപദേഷ്ടാവും കാബിനറ്റിന്റെ ശാസ്ത്ര ഉപദേശക സമിതിയുടെ ചെയര്‍മാനുമായിരുന്നു. 1994-'95-ല്‍ ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സിയുടെ ബോര്‍ഡ് ഓഫ് ഗവണേഴ്സിന്റെ ചെയര്‍മാനായിരുന്നു അദ്ദേഹം.
'2020-നു ശേഷം ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സി(ഐ.എ.ഇ.എ)യുടെ പ്രാധാന്യം' എന്ന വിഷയത്തില്‍ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി 2008-ല്‍ ഐ.എ.ഇ.എ. ഡയറക്ടര്‍ ജനറല്‍ നിയോഗിച്ച പ്രമുഖ വ്യക്തികളുടെ കമ്മിറ്റിയിലും അദ്ദേഹം അംഗമായിരുന്നു.
1974-ലെ ഇന്ത്യയുടെ ആദ്യ ആണവപരീക്ഷണം. അതിനായി ഉപയോഗിച്ച 'പ്ലൂട്ടോണിയം ബോള്‍'വഹിച്ച് പ്രത്യേകദൗത്യസംഘം മുംബൈയില്‍നിന്ന് പൊഖ്‌റാനിലേക്കു പോയി. പ്രധാന വാഹകനായി പ്രത്യേക സുരക്ഷാവേഷത്തില്‍ ആര്‍. ചിദംബരവും. 'സമാധാനപരമായ ആണവസ്‌ഫോടനം' എന്നാണ് ചിദംബരം അതിനെ വിശേഷിപ്പിച്ചത്. ആണവ സ്‌ഫോടനത്തിലെ ചിദംബരത്തിന്റെ പങ്ക് ചൂണ്ടിക്കാട്ടി ഉപരോധത്തിന്റെ ഭാഗമായി അമേരിക്ക അദ്ദേഹത്തിന് വിസ നിഷേധിച്ചിരുന്നു.
ശാസ്ത്രപുരോഗതിയും ശാസ്ത്രപഠനവുമാണ് മനുഷ്യന്റെ ജീവിതനിലവാരം ഉയര്‍ത്തുന്നതെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചിരുന്നു. ശാസ്ത്രവിജ്ഞാനങ്ങള്‍ പങ്കുവെക്കുന്നതിനായി നമ്മുടെ രാജ്യത്ത് പലഭാഗങ്ങളിലായി, നഗര, ഗ്രാമ വ്യത്യാസമില്ലാതെ ചിതറിക്കിടക്കുന്ന ഗവേഷണ സ്ഥാപനങ്ങള്‍, യൂണിവേഴ്സിറ്റികള്‍, ലൈബ്രറികള്‍, കാര്‍ഷിക വിജ്ഞാനകേന്ദ്രങ്ങള്‍ തുടങ്ങിയവയെല്ലാം ബന്ധിപ്പിച്ചുകൊണ്ടുള്ള നാഷണല്‍ നോളജ് നെറ്റ്വര്‍ക്കിന്റെ (എന്‍.കെ.എന്‍.) പ്രധാന ശില്പികളിലൊരാളാണ് ഡോ. ചിദംബരം.
പുറത്തുനിന്ന് സാങ്കേതികവിദ്യകള്‍ ഇറക്കുമതി ചെയ്യുന്നതിന് അദ്ദേഹം എന്നും എതിരായിരുന്നു. ഇത്തരത്തില്‍ ലഭിക്കുന്ന സാങ്കേതികവിദ്യകള്‍ കാലഹരണപ്പെട്ടതായിരിക്കുമെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു. രാജ്യത്തിന്റെ സുസ്ഥിരമായ വികസനത്തിന് സാങ്കേതികവിദ്യകളില്‍ സ്വയംപര്യാപ്തത കൈവരിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ആണവ ഗവേഷണങ്ങള്‍ക്ക് അതിവേഗ കണക്കുകൂട്ടലുകള്‍ നടത്താനായി സൂപ്പര്‍ കംപ്യൂട്ടറുകള്‍ ആവശ്യമായിരുന്നു.
എന്നാല്‍, നമ്മുടെ രാജ്യത്തിന് ഈ സാങ്കേതികവിദ്യ അപ്രാപ്യമായിരുന്ന കാലത്ത് പാരലല്‍ കംപ്യൂട്ടിങ് സാങ്കേതിക വിദ്യയിലൂടെ 'അനുപം' ശ്രേണിയിലുള്ള സൂപ്പര്‍ കംപ്യൂട്ടറുകളുടെ വികസനം പ്രോത്സാഹിപ്പിക്കുന്നതിനും അതിനായുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതിനും ഡോ. ചിദംബരം നല്‍കിയ സംഭാവനകള്‍ വിലപ്പെട്ടതായിരുന്നു.
ജീവിതം ശാസ്ത്രത്തിനുവേണ്ടി സമര്‍പ്പിച്ച ഒരാളായിരുന്നു ഡോ. ചിദംബരമെങ്കിലും ശാസ്ത്രീയകലകളുടെയും, കായിക വിനോദങ്ങളുടെയും ആസ്വാദനത്തിനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. അണുശക്തിനഗര്‍, ചെമ്പൂര്‍ പരിസരങ്ങളില്‍ നടക്കുന്ന സാംസ്‌കാരിക പരിപാടികളില്‍ പലതും അദ്ദേഹത്തിന്റെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായിരുന്നു.
(ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ സയന്റിഫിക് ഓഫീസറാണ് ലേഖകന്‍)
Content Highlights: Learn about Dr. R. Chidambaram`s life, contributions to India`s nuclear program and his role
Published: 05 Jan 2025, 08:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented