റ് വര്‍ഷം മര്‍ച്ചന്റ് നേവിയിലെ ജോലി, ഒരു അവധിക്കാലത്ത് അമ്മയെ സഹായിക്കാന്‍ തുടങ്ങിയ കൂണ്‍കൃഷി, അതങ്ങ് വളര്‍ന്നപ്പോള്‍ കപ്പലിലെ ജോലി വിട്ട് മുഴുവന്‍ സമയവും കൂണ്‍ കൃഷിയിലേക്ക്.. കണ്ണൂരുകാരനായ രാഹുല്‍ ഇപ്പോള്‍ എത്തിനില്‍ക്കുന്നത് വര്‍ഷം ലക്ഷങ്ങള്‍ വരുമാനമുള്ള , സംസ്ഥാനസര്‍ക്കാരിന്റെ മികച്ച കര്‍ഷകനുള്ള പുരസ്‌കാരം സ്വന്തമാക്കിയ ഒന്നാന്തരമൊരു കൃഷിക്കാരനാണ്. കോവിഡിന് ശേഷം ലോകത്തിന്റെ സ്ഥിതിഗതികള്‍ മാറി മറിഞ്ഞപ്പോള്‍ കീഴ്‌മേല്‍ മാറിയത് രാഹുലിന്റെ ജീവിതം കൂടിയാണ്. വീട്ടിലെ കൃഷിയും അടുത്തുള്ള കര്‍ഷകരേയും ചെറുപ്പം മുതലേ കണ്ടുവളര്‍ന്ന രാഹുല്‍ പുതിയതായി എന്ത് ചെയ്യാമെന്ന ആലോചനയിലാണ് കൂണ്‍ കൃഷിയുടേയും കൂണില്‍ നിന്നുള്ള മറ്റ് ഉത്പന്നങ്ങളുടേയും കേരളത്തിലെ പ്രചാരകരിലൊരാളായി രാഹുല്‍ മാറിയിരിക്കുന്നത്. ചിപ്പിക്കൂണ്‍,പാൽക്കൂണ്‍ തുടങ്ങിയ വെറൈറ്റികള്‍ മാത്രമല്ല കൂണ്‍ കൃഷി ആരംഭിക്കാനുള്ള വിത്തുകള്‍ മുതല്‍ കൂണില്‍ നിന്നുള്ള വിവിധ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ വരെ രാഹുല്‍ തുടക്കമിട്ട മണ്‍സൂണ്‍ മഷ്‌റൂംസ്സ് എന്ന ബ്രാന്‍ഡിലൂടെ ഇന്ന് വിപണിയിലേക്കെത്തുന്നുണ്ട്. കൂണ്‍ കൃഷിയിലൂടെ പുതിയ ജീവിതം പടുത്തുയര്‍ത്തിയ രാഹുല്‍ ഗോവിന്ദ് തന്റെ വിജയഗാഥ പങ്കുവെയ്ക്കുന്നു. 

To advertise here,

കപ്പലില്‍ നിന്ന് കൂണ്‍ കൃഷിയിലേക്ക് 

കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി പുന്നാടാണ് സ്വദേശം. ചെന്നൈയിലെ ഇന്റര്‍നാഷണല്‍ മാരിടൈം അക്കാദമിയിലെ പഠനത്തിന് ശേഷം 2012ലാണ് മര്‍ച്ചന്റ് നേവിയില്‍ ജോലി കിട്ടുന്നത്. മൂന്ന് നാല് സെയിലിങ്ങിന് ശേഷം ഇടവേളയ്ക്കായി നാട്ടിലെത്തിയപ്പോഴാണ് അമ്മയ്ക്ക് വേണ്ടി ചെറുതായി കൂണ്‍ കൃഷിക്ക് തുടക്കം കുറിക്കുന്നത്. വീട്ടിലെ വിറകുപുരയിലായിരുന്നു നൂറു ബെഡ്ഡിലെ ആദ്യ  കൃഷി. വളരെ ചെറിയ രീതിയിലായിരുന്നു അത് ആരംഭിച്ചത്. വീണ്ടും ഞാന്‍ കപ്പലിലേക്ക് തിരിച്ചുപോയെങ്കിലും അമ്മൂമ്മയ്ക്ക് സുഖമില്ലാതായതോടെ തിരിച്ചുവന്ന് വീട്ടില്‍ കുറച്ചേറെ നാള്‍ നില്‍ക്കേണ്ടി വന്നു. സ്ഥിരമായി വരുമാനമുണ്ടാക്കാനുള്ള വഴി എന്താണ് എന്ന ആലോചനയിലാണ് അതിനിടയിലാണ് കൂണ്‍ കൃഷി സജീവമാക്കിയാലോ എന്ന ആശയം വന്നത്. പിന്നെ രണ്ടും കല്‍പിച്ച് അതിനായി അങ്ങ് ഇറങ്ങുകയായിരുന്നു. കണ്ണൂര്‍ കൃഷി വിജ്ഞാന്‍ കേന്ദ്രം നല്‍കിയ കൂണ്‍ കൃഷി പരിശീലനം നേടുന്നത്. അന്ന് കൂണിന്റെ പേര് പോലും അറിയാത്ത അവസ്ഥയിലായിരുന്നു ഞാന്‍. അമ്മയ്ക്ക് വേണ്ടി പരിശീലനത്തിനായി പോയി ഞാന്‍ പരിശീലനം നേടി തിരിച്ചുവരികയായിരുന്നു യഥാര്‍ഥത്തില്‍. ആ പരിശീലനത്തില്‍ വെച്ചാണ് കൂണ്‍ കൃഷിക്ക് വലിയ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയത്. അതോടെ കൂണ്‍കൃഷി സീരിയസ്സായി ചെയ്യാമെന്ന് തീരുമാനിച്ചു. 

ആദ്യം വിറകുപുരയിലായിരുന്നു ചെയ്തിരുന്നതെങ്കില്‍ പതിയെ ഒരു മുറി കൂടി കൃഷിക്കായി ഒരുക്കി. വൈക്കോലിലായിരുന്നു ആദ്യം കൃഷി ചെയ്തിരുന്നത്. വലിയ നഷ്ടങ്ങള്‍ തുടക്കത്തില്‍ സഹിക്കേണ്ടി വന്നെങ്കിലും പതിയെ പച്ചപിടിച്ചു. ആളുകള്‍ക്ക് കൂണ്‍ കഴിക്കാന്‍ താല്‍പര്യമുണ്ടെങ്കിലും അധികം കിട്ടാനില്ലാത്ത സ്ഥിതിയായിരുന്നു. അതുകൊണ്ട് മാര്‍ക്കറ്റില്‍ നിന്ന് കിട്ടിയതും പോസിറ്റീവായ പ്രതികരണമായിരുന്നു. കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ മൂന്ന് സുഹൃത്തുക്കള്‍ കൂടി എനിക്കൊപ്പം ചേര്‍ന്നു. അതോടെ കൃഷി കുറച്ചുകൂടി വിപുലമാക്കി. ആയിരം ബെഡ്ഡ് ചിപ്പിക്കൂണ്‍ അധികമായി കൃഷി ചെയ്യാന്‍ തുടങ്ങി. കുറച്ചൊന്ന് മെച്ചപ്പെട്ടു, ഞങ്ങള്‍ ഇരിട്ടിയിലും സമീപത്തെ എല്ലാ ടൗണുകളിലേക്ക്, കൃത്യമായി പറഞ്ഞാല്‍ 140 കിലോമീറ്റര്‍ പരിധിയിലുള്ള എല്ലാ പ്രധാനപ്പെട്ട ടൗണുകളിലെ വലിയ കടകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും കൂണ്‍ പാക്കറ്റ് ചെയ്ത് വിതരണം ചെയ്യാന്‍ തുടങ്ങി. പക്ഷെ കോവിഡ് ലോക്ക്ഡൗണ്‍ എത്തിയതോടെ എല്ലാം മാറിമറിഞ്ഞു. കൃഷി ചെയ്തുണ്ടാക്കുന്ന ഈ കൂണെല്ലാം എവിടെ വിതരണം ചെയ്യുമെന്നതായിരുന്നു അന്നത്തെ പ്രശ്‌നം. അങ്ങനെ നാട്ടില്‍, ചുറ്റുപാടുള്ള വീടുകളിലും കടകളിലും സ്ഥാപനങ്ങളിലും സ്ഥിരമായി കൂണ്‍ വിതരണം ചെയ്യാന്‍ തുടങ്ങി. ചെക്ക് പോസ്റ്റ്, സര്‍ക്കാര്‍ ഓഫീസ്, പോലീസ് സ്‌റ്റേഷന്‍ തുടങ്ങി 10-15 കിലോമീറ്റര്‍ പരിധിയിലുള്ള ആവശ്യക്കാരെ കണ്ടുപിടിച്ചതോടെ നാട്ടില്‍ തന്നെ ഈ കൂണുകള്‍ക്ക് ഒരു കസ്റ്റമര്‍ ഗ്രൂപ്പുണ്ടായി. ഡയറക്ട് മാര്‍ക്കറ്റിങ്ങിന്റെ സാധ്യതയായിരുന്നു ലോക്ക്ഡൗണ്‍ കാലത്ത് ഞങ്ങളറിഞ്ഞത്. 

ലോക്ക്ഡൗണില്‍ എല്ലാരും ചെയ്തതു പോലെ ഒരു യൂട്യൂബ് ചാനല്‍ ഞാനും തുടങ്ങി. കൂണ്‍ കൃഷിയെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെയ്ക്കുകയായിരുന്നു ഉദ്ദേശം. കൂണ്‍ കൃഷിയെ കുറിച്ചും a-z കാര്യങ്ങള്‍ വിശദീകരിക്കുന്ന വീഡിയോ കാണാനും ആയിരക്കണക്കിന് ആളുകളുണ്ടായിരുന്നു. ആളുകള്‍ക്ക് കൂണ്‍ കൃഷി ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് അറിയിച്ചതോടെ വിത്തുകള്‍ വിതരണം ചെയ്യാനും തുടങ്ങി. താല്‍പര്യവും വിത്തും ഉണ്ടെങ്കിലും കൃഷിക്കുള്ള ഫാം നിര്‍മിക്കുന്നത് എങ്ങനെയാണെന്നൊക്കെ പലര്‍ക്കും പ്രശ്‌നമായിരുന്നു. അത് മനസ്സിലായതോടെ ഫാമുകള്‍ നിര്‍മിച്ചുകൊടുക്കാനും തുടങ്ങി. അതിനിടെയാണ് 2020ല്‍ തൃശൂരില്‍ വൈഗ കാര്‍ഷികോത്സവം നടന്നത്. അന്ന് മണ്‍സൂണ്‍ മഷ്‌റൂമിനും സ്റ്റാള്‍ ഉണ്ടായിരുന്നു. അന്ന് ആദ്യമായി മഷ്‌റൂം സൂപ്പ് ഞങ്ങള്‍ അവതരിപ്പിച്ചു. വിവിധ തരം കൂണുകള്‍ക്ക് പുറമേ സൂപ്പ്, കൂണ്‍ അച്ചാര്‍ തുടങ്ങി കൂണില്‍ നിന്നുള്ള നിരവധി ഉത്പന്നങ്ങളിലൂടെ ഏകദേശം ഒരു ലക്ഷം രൂപയുടെ വില്‍പനയാണ് മൂന്ന് ദിവസം കൊണ്ട് ഞങ്ങള്‍ക്കുണ്ടായത്. അപ്പോഴാണ് ഇവയ്‌ക്കെല്ലാം വലിയ സാധ്യതയും മാര്‍ക്കറ്റുമുണ്ടെന്ന് തിരിച്ചറിയുന്നത്. മുഴുവനായി കൂണ്‍ കൃഷിയിലേക്ക് എത്തിയതോടെ പിന്നെ എനിക്ക് കപ്പലിലേക്ക് തിരിച്ചുപോകാന്‍ തോന്നിയില്ല. 

വിവാഹത്തലേന്ന് പോലും കൃഷി, ലക്ഷങ്ങളുടെ നഷ്ടം 

2022 ജനുവരി 17നായിരുന്നു എന്റെ വിവാഹം. കൂണ്‍ കൃഷിയിലേക്കിറങ്ങി അത്യാവശ്യം വരുമാനമൊക്കെ വന്നിരുന്ന സമയമായിരുന്നു അത്. കല്ല്യാണത്തിന് രണ്ട് ദിവസം മുന്‍പ് വരെ ഞാന്‍ കൃഷിക്ക് വേണ്ടി കൂണ്‍ ബെഡ്ഡുകള്‍ ഉണ്ടാക്കുകയായിരുന്നു. മൂന്ന് ഫാമിലേക്കുമുള്ള ബഡ്ഡുകള്‍ ചെയ്തുവെച്ച് മൂടിവെച്ചിരുന്നു. കല്ല്യാണ തലേന്ന് വന്ന നൂറുകണക്കിന് ആളുകള്‍ ഈ ഫാമിലേക്ക് കൂട്ടമായി കയറി. കൂണ്‍ കൃഷി ചെയ്യുന്നുണ്ടെന്ന് നാട്ടുകാര്‍ക്കറിയാം, പക്ഷെ എന്താണ് ഈ ഫാമിനുള്ളില്‍ ഉള്ളതെന്നോ എങ്ങനെയാണ് അത് ചെയ്യുന്നതെന്നോ ആര്‍ക്കുമറിയില്ല. അതറിയാനായാണ് ആളുകള്‍ കയറിയത്. പായസത്തിന്റേയും വെള്ളത്തിന്റേയും ഗ്ലാസ്സും പ്ലേറ്റും എല്ലാം കൂടി ആന കരിമ്പിന്‍ കാട്ടില്‍ കയറിയത് പോലെയായിരുന്നു ഫാമിന്റെ സ്ഥിതി. ആളുകള്‍ക്ക് കൗതുകമായിരുന്നെങ്കിലും എനിക്കുണ്ടായത് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമായിരുന്നു. മൂന്ന് ലക്ഷം രൂപയുടെ കൂണുകളാണ് മുഴുവനായി കേടുവന്നുപോയത്. വിവാഹം കഴിഞ്ഞിട്ട് കൈയില്‍ പൈസയില്ല, പിന്നേയും പുതിയ ബെഡ്ഡുകളുണ്ടാക്കി കൃഷി തുടങ്ങിയെങ്കിലും അതും പൂര്‍ണമായും നശിച്ചു. പിന്നേയും നഷ്ടം. മണ്ണില്‍ ഫംഗസ് ബാധ കൂടി വന്നതോടെ വീണ്ടും കൂണ്‍ നശിച്ചു. തുടര്‍ച്ചയായി മൂന്നുതവണയാണ് എനിക്ക് ഇതെല്ലാം കളയേണ്ടി വന്നത്. കൂണ്‍ കര്‍ഷകനെ വിവാഹം ചെയ്ത് കയറി വന്ന പെണ്ണ് കാണുന്നത് തുടര്‍ച്ചയായ പരാജയങ്ങളായിരുന്നു. വളരെ പാടുപെട്ടാണ് അത്തരം കഷ്ടപ്പാടുകളില്‍ നിന്നെല്ലാം കരകയറി വന്നത്. 

മഷ് പെല്ലറ്റും ഫാമും 

2023ലാണ് രാഹുലും സംഘവും കൂണ്‍ കൃഷിക്കായി മഷ് പെല്ലറ്റ് അവതരിപ്പിക്കുന്നത്. രാഹുലിന്റെ പാര്‍ട്‌നര്‍ കൂടിയായ ആദം ഷംസുദീനായിരുന്നു ഈ ആശയത്തിന് പിന്നില്‍. പരമ്പരാഗത കൂണ്‍ കൃഷി രീതിയായ വൈക്കോല്‍ ബഡ്ഡുകള്‍ക്ക് പകരം ഉപയോഗിക്കാവുന്ന സംഗതിയാണ് മഷ് പെല്ലറ്റുകള്‍. കാല്‍നൂറ്റാണ്ടിലേറെക്കാലമായി കേരളത്തില്‍ കൂണ്‍ കൃഷി നടത്തുന്നുണ്ട്. അതെല്ലാം ഈ വൈക്കോലിലോ ചകിരിച്ചോറിലോ കരിമ്പിന്‍ ചണ്ടിയിലോ ഒക്കെയാണ് ചെയ്തിരുന്നത്. ഇവയില്‍ ചെയ്യുമ്പോഴുണ്ടാവുന്ന പല പ്രശ്‌നങ്ങളേയും സ്റ്റെപ്പുകളേയും മറികടക്കാന്‍ ഈ മഷ് പെല്ലറ്റുകള്‍ക്ക് കഴിയും. കൂണ്‍ കര്‍ഷകര്‍ നേരിട്ടിരുന്ന പ്രധാന വെല്ലുവിളികളായ അണുനശീകരണം, ഉപയോഗിക്കുന്ന വൈക്കോല്‍പോലുള്ള മാധ്യമങ്ങളുടെ ഗുണമേന്മ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് 'മഷ് പെല്ലറ്റ്' രീതി. ഇതിനൊരു മാറ്റമെന്ന നിലയിലാണ് നൂതനകൃഷിരീതിയായി മഷ് പെല്ലറ്റ് ഞങ്ങള്‍ അവതരിപ്പിച്ചത്. യൂട്യൂബ് ചാനലില്‍ ഇതിനെ കുറിച്ച് വീഡിയോ ഇട്ടപ്പോഴും ആളുകള്‍ അതൊന്നും നടപടിയാവുന്ന കാര്യമല്ലെന്നായിരുന്നു പ്രതികരിച്ചിരുന്നത്. എന്നാല്‍ വാങ്ങി പരീക്ഷിച്ചവര്‍ക്ക് പറയാനുണ്ടായിരുന്നത് മികച്ച അഭിപ്രായമായിരുന്നു. 

റബറിന്റെ അറക്കപ്പൊടി കൃത്യമായ രീതിയില്‍ അണുനശീകരണം നടത്തി വിവിധ പോഷകങ്ങള്‍ നിശ്ചിത അനുപാതത്തില്‍ ചേര്‍ത്താണ് 'മഷ് പെല്ലറ്റ്' തയ്യാറാക്കുന്നത്. കാഴ്ചയില്‍ കാലിത്തീറ്റ പോലെയാണ് മഷ് പെല്ലറ്റ് കാണപ്പെടുന്നത്. ഒരു കിലോ മഷ് പെല്ലറ്റ് ഒരു കവറിലെടുത്ത് അതിലേക്ക് ഒന്നര ലിറ്റര്‍ തിളച്ച വെള്ളം ഒഴിച്ച് ചൂടാറിയ ശേഷം വിത്തിടാം. 15 ദിവസമാണ് വളര്‍ച്ചാസമയം. ഇതിനിടെ കവറില്‍ സുഷിരങ്ങള്‍ ഇട്ട് കുറച്ചായി വെള്ളം നനച്ച് കൊടുക്കുക. എല്ലാ പരിചരണങ്ങളും ചെയ്ത പെല്ലറ്റായതിനാല്‍ അണുനശീകരണം ആവശ്യമായി വരുന്നില്ല. അല്‍പം ശ്രദ്ധ മാത്രം നല്‍കിയാല്‍ അനായാസം കൂണ്‍ വളര്‍ത്തിയെടുക്കാനാകും. ഏകദേശം രണ്ട് വര്‍ഷം കൊണ്ട് 450 ടണ്‍ മഷ് പെല്ലറ്റാണ് ഞങ്ങള്‍ വില്‍പന നടത്തിയത്. പന്ത്രണ്ട് കോടി രൂപയുടെ കൂണ്‍ ഉത്പാദനം ഈ മഷ് പെല്ലറ്റുപയോഗിച്ച് കേരളത്തിലെ കൂണ്‍ കൃഷിയിലൂടെയുണ്ടായി. മഷ് പെല്ലറ്റുപയോഗിച്ചാല്‍ വിജയിക്കില്ലെന്ന് പറഞ്ഞവര്‍ പോലും ഇന്ന് മഷ് പെല്ലറ്റുപയോഗിച്ച് കൂണ്‍ കൃഷി ചെയ്യുന്നുണ്ട്. 

കേരളത്തിലെ 13 ജില്ലകളിലും ഇന്ന് മണ്‍സൂണ്‍ മഷ്‌റൂംസ് ടീം നിര്‍മിച്ചുകൊടുത്ത ഫാമുകളുണ്ട്. ചെലവുകുറഞ്ഞ രീതിയില്‍ 42 ഫാമുകളാണ് ഇതുവരെ ഞങ്ങള്‍ ചെയ്തത്. തൃശൂരില്‍ മാത്രമാണ് ഫാം ഇല്ലാത്തത്. അതുമാത്രമല്ല, കൂണ്‍ കൃഷിയെ കുറിച്ചുള്ള ക്ലാസ്സുകളും പരീശീലനങ്ങളും നല്‍കാന്‍ കേരളത്തിലങ്ങോളമിങ്ങോളം ഞങ്ങള്‍ പോകാറുണ്ട്. നൂറുകണക്കിന് ക്ലാസ്സുകള്‍ ഇതിനോടകം നടത്തിക്കഴിഞ്ഞു. കൃഷിയെ കുറിച്ചുള്ള സംശയങ്ങളും ആശങ്കകളും പങ്കുവെച്ച് ഫോണ്‍കോളുകളും സ്ഥിരമായി വരാറുണ്ട്. എല്ലാ ജില്ലകളിലും ഗുണമേന്മയുള്ള പെല്ലറ്റും കൂണ്‍വിത്തുകളും മണ്‍സൂണ്‍ മഷ്‌റൂംസ് വിതരണം ചെയ്യുന്നുമുണ്ട്. പതിനായിരത്തിലേറെയാണ് മണ്‍സൂണ്‍ മഷ്‌റൂമിന്റെ സ്ഥിരം ഉപഭോക്താക്കള്‍. കേരളത്തില്‍ കൂണ്‍ കൃഷി പ്രചരിപ്പിക്കാനും ഈ മേഖലയെ ശക്തിപ്പെടുത്താനും ചെറുതല്ലാത്ത പങ്കുവഹിക്കാന്‍ മണ്‍സൂണ്‍ മഷ്‌റൂമിന് സാധിച്ചുവെന്ന് അഭിമാനത്തോടെ ഇപ്പോള്‍ ഞങ്ങള്‍ക്ക് പറയാന്‍ സാധിക്കും. കൂണ്‍ കൃഷിയുടെ വിവിധ വശങ്ങളെ കുറിച്ച് വിവരങ്ങള്‍ നല്‍കുന്ന ഏതൊക്കെ സ്ഥാപനങ്ങള്‍ ഇന്ത്യയിലുണ്ടോ, അവിടെയെല്ലാം ഞങ്ങള്‍ പോയി കാര്യങ്ങള്‍ പഠിച്ചു.ഇന്ത്യയിലെ ആദ്യത്തെ കൂണ്‍ കര്‍ഷകനായ വിനോദ് ഠാക്കൂറിന്റെ ഹിമാചലിലെ സോലന്‍ എന്ന സ്ഥലത്തെ ഫാമില്‍ വരെ ഞങ്ങള്‍ പോയി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. അതിനുള്ള ഫലമെന്നോണം കൃഷി ജാഗരണും മഹേന്ദ്ര ട്രാക്ടേഴ്‌സും ഐസിഎആറും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ മില്യണയര്‍ ഫാര്‍മര്‍ ഓഫ് ഇന്ത്യ പുരസ്‌കാരം രാഹുല്‍ ഗോവിന്ദിനെ തേടിയെത്തിയത്. കാര്‍ഷിക മേഖലയില്‍ മികച്ച കൃഷിരീതികള്‍ പിന്തുടരുകയും സാമ്പത്തിക നേട്ടം കൈവരിക്കുകയും ചെയ്യുന്ന കര്‍ഷകര്‍ക്കുള്ള പ്രോത്സാഹനമാണ് ഈ പുരസ്‌കാരം. പത്ത് ലക്ഷത്തിലധികം വരുമാനമുള്ള കര്‍ഷകര്‍ക്കാണ് ഈ പുരസ്‌കാരത്തിന് അര്‍ഹത. രാഹുല്‍, ശ്രീകാന്ത്, ആദം ഷംസുദ്ദീന്‍ എന്നിങ്ങനെ മൂന്ന് പേര്‍ ചേര്‍ന്നാണ് ഇന്ന് മണ്‍സൂണ്‍ മഷ്‌റൂംസ് എന്ന ബ്രാന്‍ഡ് മുന്നോട്ടുകൊണ്ടുപോകുന്നത്. 

കൂണ്‍, അച്ചാര്‍, ബിരിയാണി, മഷ്‌റൂം മസാല

ചിപ്പിക്കൂണ്‍, ബട്ടണ്‍ മഷ്‌റൂം തുടങ്ങിയ കൂണുകള്‍ക്കൊപ്പം കൂണില്‍ നിന്നുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങളിലും മണ്‍സൂണ്‍ മഷ്‌റൂംസ് ഇന്ന് ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. കൂണ്‍ കൊണ്ട് തയ്യാറാക്കാവുന്ന പത്തിലേറെ ഉത്പന്നങ്ങള്‍ ഇപ്പോള്‍ ഇവര്‍ വിപണിയിലിറക്കിയിട്ടുണ്ട്. അച്ചാര്‍, ബിരിയാണി, മഷ്‌റൂം മസാല തുടങ്ങിയവയാണ് അവയില്‍ ഏറ്റവും ട്രെന്‍ഡിങ് ആയ ഉത്പന്നങ്ങള്‍. ദീര്‍ഘകാലം കേടുകൂടാതെ സൂക്ഷിക്കാവുന്ന കൂണ്‍ ബിരിയാണിയും മഷ്‌റൂം മസാലയും റിട്ടോര്‍ട്ട് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി നിര്‍മിക്കുന്ന പാക്കറ്റുകളിലാണ് വിപണിയിലെത്തിക്കുന്നത്. നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍ പ്രിസര്‍വേറ്റീവുകള്‍ ഉപയോഗിക്കാതെ ദീര്‍ഘകാലം കേടുകൂടാതെ സൂക്ഷിക്കുന്നതിനാണ് ജാപ്പനീസ് റിട്ടോര്‍ട്ട് സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. എട്ടുമാസം വരെ ഉത്പന്നങ്ങള്‍ ഇത്തരത്തില്‍ സൂക്ഷിക്കാം. 

കൂണ്‍ കൃഷിക്കാവശ്യമായ കവറുകള്‍, പെല്ലറ്റുകള്‍, വിത്തുകള്‍, ബോക്‌സുകള്‍ തുടങ്ങിയവ വില്‍ക്കുന്നുണ്ട്. കേരളത്തില്‍ ഒരു മാസം 15000 വിത്തുകള്‍ വരെയാണ് മണ്‍സൂണ്‍ മഷ്‌റൂംസ് വില്‍ക്കുന്നത്. അതായത് കൂണ്‍ കൃഷി ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ഒരാള്‍ക്ക്‌ വേണ്ട എല്ലാ സാധനങ്ങളും ഞങ്ങള്‍ വില്‍ക്കുന്നുണ്ട്. ഉത്പാദനത്തിന് പുറമേ കൂണ്‍ കൃഷിയില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കുമായി 2025 ഏപ്രില്‍ ഒന്നിന് 'മഷ്റൂം എക്‌സ്പ്ലൊറേഷന്‍ & റിസര്‍ച്ച് സെന്റര്‍' എന്ന സ്ഥാപനത്തിനും മണ്‍സൂണ്‍ മഷ്‌റൂംസ് തുടക്കം കുറിച്ചിട്ടുണ്ട്. കൂണ്‍ കൃഷിയില്‍ പഠനത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച നിലവാരത്തിലുള്ള ഒരു സംവിധാനമൊരുക്കുകയാണ് ലക്ഷ്യമിടുന്നത്. കാര്‍ഷിക സര്‍വകലാശാലകളിലെ കുട്ടികള്‍ക്കടക്കം ഇന്റേണ്‍ഷിപ്പിനുള്ള സംവിധാനങ്ങള്‍ ഇവിടെയുണ്ട്. 

എട്ട് വര്‍ഷം മാത്രമാണ് മണ്‍സൂണ്‍ മഷ്‌റൂംസ് എന്ന ബ്രാന്‍ഡിന്റെ, രാഹുല്‍ എന്ന കര്‍ഷകന്റെ പ്രായം. എങ്കിലും ചുരുങ്ങിയ കാലം കൊണ്ടുതന്നെ മണ്‍സൂണ്‍ മഷ്റൂം എന്ന് പേരിട്ടിരിക്കുന്ന രാഹുലിന്റെ കാര്‍ഷിക ബിസിനസ് സംസ്ഥാനത്തെ കൂണ്‍ ഉത്പാദന കമ്പനികളില്‍ ഏറ്റവും മുന്നിലാണ്. ഒപ്പം 2024ലെ മികച്ച കൂണ്‍ കർഷകനുള്ള പുരസ്കാരവും രാഹുലിനെ തേടിയെത്തി. ഇന്ന് കേരളത്തിലെ പതിമൂന്നു ജില്ലകളിലായി ഫാമുകളും സര്‍ക്കാര്‍ പങ്കാളിത്തത്തില്‍ ആറളം ഫാമിലുള്‍പ്പെടെ കൂണ്‍ കൃഷിയും മണ്‍സൂണ്‍ മഷ്‌റൂമിന്റെ നേതൃത്വത്തില്‍ നോക്കിനടത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം മണ്‍സൂണ്‍ മഷ്റൂമിന്റെ മാധ്യമ ഉത്പന്നങ്ങള്‍ വഴി കേരളത്തില്‍ 12 കോടി രൂപയുടെ കൂണ്‍ ഉത്പാദനം നടത്താന്‍ സാധിച്ചിട്ടുണ്ട്. രാഹുലിന്റെ സംരംഭത്തിന് മാത്രം ഒരു കോടിയോളമാണ് വരുമാനം. കേവലം 100 ബെഡ്ഡില്‍ തുടക്കം കുറിച്ച യാത്രയാണ് രാഹുലിനെ ഇന്ന് കേരളത്തിലെ തന്നെ മികച്ച കൂണ്‍ സംരംഭകനാക്കി മാറ്റിയിരിക്കുന്നത്. കൂണ്‍ കൃഷിയും മൂല്യവര്‍ധിത ഉത്പന്നങ്ങളും മാത്രമല്ല തന്റെ അനുഭവവും പരിചയവും മറ്റു കര്‍ഷകരിലേക്ക് എത്തിക്കാൻ രാഹുൽ സദാസന്നദ്ധനാണ്. അതുതന്നെയാണ് അദ്ദേഹത്തിന്റെ വിജയവും. 

കേരളത്തിൽ കൂൺ ഉത്പാദനം,വിതരണം,കൂൺ കൃഷി ക്ലാസുകൾ,കൂൺപുര നിർമ്മാണം,കൂൺ വിത്തുകൾ,കൂൺകൃഷിയുടെ സാമ്പത്തിക സഹായങ്ങൾ എന്നിവയ്ക്കായി രാഹുലിനെ സമീപിക്കാം. ഫോൺ: 9895912836