ഛിന്നഗ്രഹങ്ങളില്‍ നിന്ന് ഭൂമിയെ രക്ഷിക്കാനുള്ള പ്രതിരോധ സംവിധാനമൊരുക്കാന്‍ ചൈന. ഇതിനായുള്ള പ്ലാനറ്ററി ഡിഫന്‍സ് സംഘത്തെ ചൈന തയ്യാറാക്കുന്നുവെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. 2024 വൈ.ആര്‍.4 എന്ന് പേരിട്ടിരിക്കുന്ന ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാധ്യതയുണ്ടെന്ന് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി വ്യക്തമാക്കിയിരുന്നു. 2032 ല്‍ ഈ ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാധ്യത 2.2 ശതമാനമാണ്. 90 മീറ്ററോളം വലിപ്പമുള്ള ഈ ഛിന്നഗ്രഹത്തിനെ ഹവായ് യുണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് തിരിച്ചറിഞ്ഞത്.
ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാധ്യത തിരിച്ചറിഞ്ഞ് അന്താരാഷ്ട്രതലത്തില്‍ ഈ ഛിന്നഗ്രഹത്തിനെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ചൈനയുടെ രംഗപ്രവേശം. ഛിന്നഗ്രഹത്തെ തടയുന്ന ദൗത്യത്തിലേക്കായി ചൈന വിദഗ്ധരെ റിക്രൂട്ട് ചെയ്യുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. 2030ല്‍ ഛിന്നഗ്രത്തിലേക്ക് ഇടിച്ചിറങ്ങി അതിന്റെ സഞ്ചാരപാതയില്‍ വ്യതിയാനം വരുത്താനുള്ള ലക്ഷ്യമാണ് ചൈനയ്ക്കുള്ളത്.
പ്ലാനറ്ററി ഡിഫന്‍സ് എന്ന പേരിലാണ് ചൈന ആളുകളെ റിക്രൂട്ട് ചെയ്യുന്നത്. ഛിന്നഗ്രഹങ്ങളെ തുടര്‍ച്ചയായി നിരീക്ഷിക്കുക, അപകടകരമായ മാറ്റങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ നേരത്തെ മുന്നറിയിപ്പ് നല്‍കുക തുടങ്ങിയവയൊക്കെയാണ് ലക്ഷ്യങ്ങള്‍. നിലവില്‍ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ റിസ്‌ക് ലിസ്റ്റിലുള്ള ഛിന്നഗ്രഹമാണ് 2024 വൈ.ആര്‍4. ഭൂമിയില്‍ ഇടിച്ചിറങ്ങാനുള്ള സാധ്യത കൂടുതലുള്ള ഛിന്നഗ്രഹങ്ങളെയാണ് ഈ ലിസ്റ്റിലുള്‍പ്പെടുത്തുക.
പ്ലാനറ്ററി ഡിഫന്‍സ് മേഖലയില്‍ സ്വന്തമായി ശക്തിതെളിയിക്കുക എന്നതാണ് ചൈനയുടെ ലക്ഷ്യം. നിലവില്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ മാത്രമാണ് ഈ മേഖലയില്‍ വിജയകരമായ പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. 2022ല്‍ ഡാര്‍ട്ട് (ഡബിള്‍ ആസ്റ്ററോയ്ഡ് റീഡയറക്ഷന്‍ ടെസ്റ്റ് ) എന്ന പേരില്‍ ഇത് നടപ്പിലാക്കിയിരുന്നു. ഡിമോര്‍ഫോസ് എന്ന ഛിന്നഗ്രത്തില്‍ ഇടിച്ച് അതിന്റെ സഞ്ചാരപാതയില്‍ മാറ്റംവരുത്തിയാണ് നാസ പദ്ധതി നടപ്പിലാക്കിയത്. സമാനമായ പദ്ധതിയാണ് ചൈനയും ലക്ഷ്യമിടുന്നത്.
പ്ലാനറ്ററി ഡിഫന്‍സ് മേഖലയില്‍ സ്വന്തമായൊരു സംവിധാനവും പദ്ധതിയുമൊക്കെയാണ് ചൈനലക്ഷ്യം വയ്ക്കുന്നത്. ഇതിന്റെ ഭാഗമായി 2030ല്‍ ഡാര്‍ട്ട് മാതൃകയില്‍ ഒരു ബഹിരാകാശ ദൗത്യത്തിന് ഒരുങ്ങുകയാണ് ചൈന.
Content Highlights: China is developing a planetary defense system to deflect asteroids
Published: 12 Feb 2025, 06:22 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented