കാസിനോകളിലെ ലൈറ്റിങ് അപകടകരമായ ചൂതാട്ട സ്വഭാവങ്ങളെ പ്രോത്സാഹിപ്പിക്കുമെന്ന് പുതിയ പഠനം. ഓസ്ട്രേലിയയിലെ ഫ്‌ളിന്‍ഡേഴ്സ്, മൊണാഷ് യൂണിവേഴ്സിറ്റികളിലെ ഗവേഷകര്‍ നടത്തിയ പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കാസിനോകളിലെ അലങ്കാരങ്ങള്‍ക്കും എല്‍ഇഡി സ്‌ക്രീനുകള്‍ക്കും സാധാരണയായി ഉപയോഗിക്കുന്ന നീല നിറം കൂടുതലായി അടങ്ങിയ ലൈറ്റിംഗ് തലച്ചോറിന്റെ പ്രതികരണങ്ങളെ സ്വാധീനിക്കുകയും വ്യക്തികളെ സാമ്പത്തിക നഷ്ടങ്ങളോട് സംവേദനക്ഷമത കുറഞ്ഞവരാക്കുകയും ചെയ്യുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ളത്.

To advertise here,

അപകടസാധ്യതയുള്ള കാര്യങ്ങള്‍ ചെയ്യുന്നതിലുണ്ടാകുന്ന താത്പര്യത്തില്‍ വെളിച്ചത്തിന്റെ തരംഗദൈര്‍ഘ്യം ചെലുത്തുന്ന സ്വാധീനം വിലയിരുത്തുന്നതാണ് നേച്ചറിന്റെ സയന്റിഫിക് റിപ്പോര്‍ട്‌സ് ജേണലില്‍ പ്രസിദ്ധീകരിച്ച ഈ പഠനം. നീല നിറം കൂടുതലുള്ളതും വെളിച്ചം കുറഞ്ഞതുമായ കാസിനോ സാഹചര്യങ്ങളില്‍ ഒരുകൂട്ടം ആളുകളുടെ സാമ്പത്തിക തീരുമാനങ്ങളാണ് പഠന വിധേയമാക്കിയത്.

എല്‍ഇഡി സ്‌ക്രീനുകളില്‍ നിന്നും കാസിനോ ലൈറ്റുകളില്‍ നിന്നും പതിവായി പുറന്തള്ളുന്ന നീല വെളിച്ചം ഒരാള്‍ നഷ്ടങ്ങളെയും നേട്ടങ്ങളെയും എങ്ങനെ മനസ്സിലാക്കുന്നു എന്നതിനെ സൂക്ഷ്മമായി സ്വാധീനിക്കുമെന്ന് കണ്ടെത്തിയതായി പഠനത്തിന് നേതൃത്വം നല്‍കിയ എഫ്എച്ച്എംആര്‍ഐ സ്ലീപ്പ് ഹെല്‍ത്തിലെ ഡോ. അലീസിയ ലാന്‍ഡര്‍ പറയുന്നു. നീല നിറം കൂടുതലുള്ള വെളിച്ചത്തില്‍ പരീക്ഷണങ്ങളുടെ ഭാഗമായവര്‍ നഷ്ടങ്ങളോട് സംവേദനക്ഷമത കുറഞ്ഞവരായി മാറി. സുരക്ഷിതമായ ബദലുകളേക്കാള്‍ അപകടകരമായ സാമ്പത്തിക വഴികള്‍ തിരഞ്ഞെടുക്കാന്‍ കൂടുതല്‍ താത്പര്യം കാട്ടിയെന്നും പഠനം സൂചന നല്‍കി. നഷ്ടങ്ങള്‍ ഒഴിവാക്കാന്‍ സാധാരണ നിലയില്‍ എല്ലാവര്‍ക്കും ശക്തമായ പ്രവണതയുണ്ട്. അത് പലപ്പോഴും തീരുമാനമെടുക്കലില്‍ പ്രധാനപ്പെട്ട ഘടകമാകുന്നു. എന്നിരുന്നാലും പഠനത്തിന്റെ ഭാഗമായവര്‍ നീല നിറം കൂടുതലുള്ള വെളിച്ചത്തില്‍ സാമ്പത്തിക നഷ്ടങ്ങളോട് കുറഞ്ഞ സംവേദനക്ഷമത പ്രകടിപ്പിച്ചു. ഇത് ചൂതാട്ട പ്രവണതകളെ സ്വാധീനിക്കാനും, അപകടകരമായ സ്വഭാവങ്ങളെ പ്രോത്സാഹിപ്പിക്കാനും സാധ്യതയുണ്ടെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

ലൈറ്റിങ് കുറഞ്ഞ സാഹചര്യങ്ങളില്‍ ഉണ്ടായ സാമ്പത്തിക നഷ്ടം കൂടുതല്‍ മോശമായ കാര്യമായി അവര്‍ക്ക് അനുഭവപ്പെടുന്നു. എന്നാല്‍ കാസിനോ മെഷീനുകളില്‍ കാണുന്നതുപോലുള്ള തിളക്കമുള്ള നീല നിറം കൂടുതലുള്ള വെളിച്ചത്തില്‍ സാമ്പത്തിക നഷ്ടം അവര്‍ക്ക് അത്ര മോശമായി തോന്നിയില്ല. അതിനാല്‍ ആളുകള്‍ അപകടസാധ്യത ഏറ്റെടുക്കാന്‍ കൂടുതല്‍ സന്നദ്ധരായി. നീല വെളിച്ചം തീരുമാനമെടുക്കലുമായി ബന്ധപ്പെട്ട തലച്ചോറിന്റെ ഭാഗങ്ങളിലെ ന്യൂറല്‍ പ്രോസസ്സിംഗിനെ സ്വാധീനിക്കുകയും അതുവഴി നഷ്ടങ്ങളുമായി ബന്ധപ്പെട്ട വികാരങ്ങളെ മന്ദീഭവിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് ഈ പഠനം സൂചിപ്പിക്കുന്നത്. അതിനിടെ, പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ക്ക് നഷ്ടങ്ങളോടുള്ള ആകുലത കൂടുതലാണെന്ന് പഠനം കണ്ടെത്തി. രണ്ടു തരത്തിലുള്ള ലൈറ്റിങ് സാഹചര്യങ്ങളിലും അവര്‍ അപകടസാധ്യത ഏറ്റെടുക്കാന്‍ കൂടുതല്‍ മടി കാണിച്ചുവെന്നും ഗവേഷകര്‍ പറയുന്നു.