എവിടെയോ ഉള്ളൊരു പൂമ്പാറ്റ ചിറകടിക്കുമ്പോള്‍ അത് മറ്റൊരിടത്തെ കൊടുങ്കാറ്റിന് കാരണമാകുന്നു എന്ന് പറയുന്ന ബട്ടര്‍ഫ്‌ളൈ ഇഫക്ട് എന്ന പ്രതിഭാസത്തെ കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. ഇപ്പോള്‍ അത്തരത്തിലൊരു 'പൂമ്പാറ്റ'യാണ് ഭൂമിക്ക് ആശങ്കയാകുന്നത്. കോടിക്കണക്കിന് കിലോമീറ്റര്‍ അകലെ സൂര്യനിലാണ് ആശങ്കയുടെ 'ചിറകടി'യുമായി പൂമ്പാറ്റ പ്രത്യക്ഷപ്പെട്ടത്. 

To advertise here,

സൂര്യന്റെ അന്തരീക്ഷത്തിലെ പൂമ്പാറ്റയുടെ ആകൃതിയിലുള്ള കൊറോണല്‍ ദ്വാരമാണ് ഇപ്പോള്‍ ശാസ്ത്രലോകത്തെ പ്രധാന സംസാരവിഷയങ്ങളിലൊന്ന്. അഞ്ച് ലക്ഷം കിലോമീറ്റര്‍ വലുപ്പമുള്ളതാണ് ഈ 'കറുത്ത പൂമ്പാറ്റ' എന്നാണ് നാസയുടെ സോളാര്‍ ഡയനാമിക്‌സ് ഒബ്‌സര്‍വേറ്ററി പറയുന്നത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച ഇതിന്റെ ചിത്രം ശാസ്ത്രജ്ഞര്‍ പകര്‍ത്തി. കൊറോണല്‍ ഹോളുകള്‍ ഇടയ്ക്കിടെ സൂര്യനില്‍ ഉണ്ടാകാറുണ്ടെങ്കിലും ഇത്തവണത്തെ അതിന്റെ സവിശേഷമായ 'പൂമ്പാറ്റ രൂപ'മാണ് കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്. 

സൂര്യന്റെ പുറംപാളിയിലുണ്ടാകുന്ന ഈ ദ്വാരം ബഹിരാകാശ കാലാവസ്ഥയെ തകിടംമറിക്കാന്‍ ശേഷിയുള്ളതാണ്. കാരണം ഇതുവഴിയാണ് സൗരവാതം സൗരയൂഥത്തിലേക്ക് പ്രവഹിക്കുന്നത്. താരതമ്യേനെ ചൂടും സാന്ദ്രതയും കുറഞ്ഞ പ്ലാസ്മ നിറഞ്ഞതിനാലാണ് കൊറോണല്‍ ഹോളുകള്‍ സൂര്യന്റെ ഉപരിതലത്തില്‍ ഇരുണ്ടനിറത്തില്‍ കാണപ്പെടുന്നത്. 

ബഹാരാകാശത്ത് 'വീശിയടിക്കുന്ന' സൗരവാതം ഭൂമിയുടെ സമീപമെത്തുമ്പോള്‍ ഭൂമിയുടെ കാന്തികമണ്ഡലം പരിച പോലെ പ്രവര്‍ത്തിക്കുകയും സൗരവാതത്തിലൂടെയെത്തുന്ന കണങ്ങളെ ധ്രുവപ്രദേശങ്ങളിലേക്ക് വഴിതിരിച്ചുവിടുകയും ചെയ്യും. ഇതാണ് ആകാശവിസ്മയമായ ധ്രുവദീപ്തി അല്ലെങ്കില്‍ അറോറ (നോര്‍ത്തേണ്‍ ലൈറ്റ്‌സ്, സതേണ്‍ ലൈറ്റ്‌സ്) എന്ന പ്രതിഭാസത്തിന് കാരണമാകുന്നത്. 'പൂമ്പാറ്റ ദ്വാരത്തി'ല്‍ നിന്നുള്ള സൗരവാതം ഞായറാഴ്ച ഭൂമിക്ക് അടുത്തെത്തിയിട്ടുണ്ട്. 

സൗരവാതങ്ങള്‍ ഭൂമിയുടെ കാന്തികമണ്ഡലത്തില്‍ പതിക്കുന്നതിന്റെ ഫലമായി ഭൗമകാന്തികകൊടുങ്കാറ്റുകള്‍ അഥവാ ജിയോമാഗ്നറ്റിക് സ്‌റ്റോംസ് ഉണ്ടാകും. ഏറ്റവും തീവ്രത കുറഞ്ഞ ജി1 മുതല്‍ ഏറ്റവും തീവ്രതയുള്ള ജി5 വരെയുള്ള ഭൗമകാന്തികകൊടുങ്കാറ്റുകളാണ് ഉണ്ടാകുക. തീവ്രത കൂടിയ ഭൗമകാന്തികകൊടുങ്കാറ്റുകള്‍ ജിപിഎസ്, റേഡിയോ സിഗ്നലുകള്‍, വിമാന-കപ്പല്‍ നാവിഗേഷനുകള്‍, വൈദ്യുതിവിതരണ സംവിധാനങ്ങള്‍ തുടങ്ങിയവയെ പ്രതികൂലമായി ബാധിക്കും. 'പൂമ്പാറ്റ ദ്വാര'ത്തില്‍ നിന്നുള്ള സൗരവാതം കാരണമുണ്ടാകുന്ന ഭൗമകാന്തികകൊടുങ്കാറ്റ് ജി1 അല്ലെങ്കില്‍ ജി2 ഗണത്തിലാകും ഉള്‍പ്പെടുക എന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. അതിനാല്‍ ഇത് ഭൂമിയില്‍ കാര്യമായ കുഴപ്പങ്ങളുണ്ടാക്കില്ല.