സാങ്കേതികവിദ്യ വളരെയധികം പുരോഗമിച്ചപ്പോഴും ദീര്‍ഘകാലം ചാര്‍ജ് നിലനില്‍ക്കുന്ന ബാറ്ററി എന്നത് നമുക്കിപ്പോഴും എത്തിപ്പിടിക്കാനാകാത്ത ഉയരത്തിലാണ് എന്ന യാഥാര്‍ഥ്യം സിനിമകളിലൂടെയുൾപ്പെടെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാല്‍ ചാര്‍ജ് തീരുമെന്ന പേടി ഇനി വേണ്ട എന്ന സൂചനയാണ് ശാസ്ത്രലോകത്തുനിന്നുള്ള പുതിയവാര്‍ത്തകള്‍ നല്‍കുന്നത്. പുതിയ കണ്ടെത്തല്‍ പ്രകാരം ബാറ്ററികള്‍ ചാര്‍ജ് കുറയാതെ പതിറ്റാണ്ടുകളോളം പ്രവര്‍ത്തിക്കും. 

To advertise here,

യു.എസ്സില്‍ നിന്നുള്ള ഒരു കൂട്ടം ഗവേഷകരാണ് അടുത്ത തലമുറ ബാറ്ററി വികസിപ്പിച്ചത്. ആണവോര്‍ജ്ജത്തിലാണ് ബാറ്ററി പ്രവര്‍ത്തിക്കുക. എന്നാല്‍ ഇതിന് പ്രവര്‍ത്തിക്കാനായി ആണവ റിയാക്ടറുകളിലും മറ്റും ഉപയോഗിക്കുന്നതുപോലുള്ള ഇന്ധനങ്ങള്‍ ആവശ്യമില്ല. പകരം റിയാക്ടറുകളും മറ്റും പുറന്തള്ളുന്ന ആണവ മാലിന്യങ്ങളാണ് ഈ ബാറ്ററികള്‍ വൈദ്യുതോര്‍ജ്ജമാക്കി മാറ്റുന്നത്. മൈക്രോചിപ്പുകള്‍ക്ക് ആണവ റേഡിയേഷനില്‍ നിന്ന് ഊര്‍ജ്ജം പകരുന്ന ബാറ്ററി ശാസ്ത്രജ്ഞര്‍ പരീക്ഷിച്ചുകഴിഞ്ഞു. 

ഒഹായോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ആണവമാലിന്യത്തില്‍ പ്രവര്‍ത്തിക്കുന്ന ബാറ്ററി വികസിപ്പിച്ചത്. ആണവ മാലിന്യങ്ങള്‍ പുറന്തള്ളുന്ന ആംബിയന്റ് ഗാമാ വികിരണങ്ങളെ സൈന്റിലേറ്റര്‍ ക്രിസ്റ്റലുകള്‍ ഉപയോഗിച്ച് പ്രകാശമാക്കി മാറ്റും. ഈ പ്രകാശത്തെ സോളാര്‍ സെല്ലുകള്‍ ഉപയോഗിച്ച് വൈദ്യുതിയാക്കി മാറ്റിയാണ് ആണവ മാലിന്യ ബാറ്ററി പ്രവര്‍ത്തിക്കുന്നത്. 

'മാലിന്യമെന്ന് കരുതിയ ഒന്നിനെ ഞങ്ങള്‍ നിധിയാക്കി മാറ്റിയിരിക്കുന്നു' എന്നാണ് ഒഹായോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ മെക്കാനിക്കല്‍ ആന്‍ഡ് എയ്‌റോസ്‌പേസ് എന്‍ജിനീയറിങ് വിഭാഗം പ്രൊഫസര്‍ റെയ്മണ്ട് കാവോ പറഞ്ഞത്. ഒപ്റ്റിക്കല്‍ മെറ്റീരിയല്‍സ്: എക്‌സ് എന്ന പിയര്‍ റിവ്യൂഡ് ജേര്‍ണലിലാണ് ആണവ മാലിന്യത്തില്‍ പ്രവര്‍ത്തിക്കുന്ന ബാറ്ററി സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. 

റേഡിയോ ആക്ടീവായ പദാര്‍ഥങ്ങള്‍ ഉള്‍പ്പെടാത്തതിനാല്‍ ഈ ബാറ്ററി സ്പര്‍ശിക്കുന്നതിന് യാതൊരു പ്രശ്‌നവുമില്ലെന്ന് ശാസ്ത്രജ്ഞർ പറയുന്നു. എന്നാല്‍ ഇത് പൊതുജനങ്ങള്‍ക്ക് വേണ്ടിയല്ല വികസിപ്പിച്ചത്. പകരം ആഴക്കടലിലെ പര്യവേഷണങ്ങള്‍ക്കും ബഹിരാകാശ ഗവേഷണങ്ങള്‍ക്കുമാണ് ഉപയോഗിക്കുക. 

ആണവോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ബാറ്ററികള്‍ക്ക് പതിറ്റാണ്ടുകളോളം തുടര്‍ച്ചയായി വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയും. റീച്ചാര്‍ജ് ചെയ്യുന്നത് പോലുള്ള തലവേദനകളും ഇതോടെ ഒഴിവാകും. നേരത്തേ ചൈനയും ആണവോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ബാറ്ററി വികസിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.