കൊച്ചി: പുതുവര്‍ഷത്തില്‍ കേരളത്തിന്റെ വൈദ്യുതിയിലും പുതുമവരും. ബാറ്ററിയില്‍ വൈദ്യുതി സംഭരിക്കുന്ന പദ്ധതിയിലേക്ക് സംസ്ഥാനം ചുവടുവെക്കുകയാണ്. കേരളത്തിനായി 125 മെഗാവാട്ട് ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റത്തിന് (ബി.ഇ.എസ്.എസ്.) സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ടെന്‍ഡര്‍ ക്ഷണിച്ചു.
വൈദ്യുതിബോര്‍ഡ് നിര്‍ദേശിക്കുന്ന സ്ഥലത്തായിരിക്കും ഇത് സ്ഥാപിക്കുക. പകല്‍ 'ബെസ്സി'ല്‍ കയറ്റുന്ന വൈദ്യുതി രാത്രിയില്‍ ഉപയോഗിക്കാനാകുന്ന വലിയ വിപ്ലവമാണ് വരാന്‍ പോകുന്നത്. ടാറ്റയും അദാനിയും മറ്റുമാണ് ബെസ്സ് രംഗത്തെ അതികായര്‍.
സംസ്ഥാനത്ത് പകല്‍ വൈദ്യുതിലഭ്യത അധികമാണ്. അതേസമയം, രാത്രിയില്‍ ക്ഷാമവും. പകല്‍ ലഭിക്കുന്ന വൈദ്യുതിയില്‍ ശരാശരി 150 കോടി യൂണിറ്റ് ഒരുവര്‍ഷം ഉപയോഗിക്കാതെ തിരിച്ചുനല്‍കുന്നുണ്ട്. സറണ്ടര്‍ചെയ്യുന്ന വൈദ്യുതിക്ക് ഫിക്‌സഡ് ചാര്‍ജ് ഇനത്തില്‍ യൂണിറ്റിന് നാലു രൂപയോളം നല്‍കണം. വൈദ്യുതി നഷ്ടത്തിനുപുറമേ 600 കോടി രൂപയോളം ഫിക്‌സഡ് ചാര്‍ജായും നഷ്ടം വരുന്നു. സറണ്ടര്‍ ചെയ്യുന്ന വൈദ്യുതി 'ബെസ്സി'ല്‍ കയറ്റാനായാല്‍ ഇത് ഒഴിവാക്കാനാകും.
സംസ്ഥാനത്ത് ഘട്ടംഘട്ടമായി 3,300 മെഗാവാട്ട് ബാറ്ററി സ്റ്റോറേജ് സംവിധാനത്തിനാണ് ലക്ഷ്യമിടുന്നത്. നേരത്തേ വൈദ്യുതി ബോര്‍ഡ് 10 മെഗാവാട്ടിന്റെ ബെസ്സിനായി ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു. അതിന് പ്രതികരണമുണ്ടായില്ല. ഇതേത്തുടര്‍ന്നാണ് സോളാര്‍ എനര്‍ജി കോര്‍പ്പറേഷനെ (സെക്കി) സമീപിച്ചത്. സെക്കി വിളിക്കുന്ന ടെന്‍ഡറില്‍ വന്‍കിട ഗ്രൂപ്പുകള്‍ പങ്കെടുക്കുമെന്നത് ഉറപ്പാണ്.
വൈദ്യുതിബോര്‍ഡ് നല്‍കുന്ന സ്ഥലത്തായിരിക്കും സ്വകാര്യകമ്പനി 'ബെസ്സ്' സ്ഥാപിക്കുക. ഇതില്‍ സംഭരിക്കാനുള്ള വൈദ്യുതിയും ബോര്‍ഡ് നല്‍കണം. പകല്‍ സറണ്ടര്‍ ചെയ്യുന്ന വൈദ്യുതി ബെസ്സിലേക്ക് നല്‍കും. ഇത് ദിവസം നാലുമണിക്കൂര്‍ ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നത്. 125 മെഗാവാട്ട് ശേഷിയുള്ള ബെസ്സില്‍നിന്ന് നാലുമണിക്കൂര്‍ നേരത്തേക്ക് പ്രതിദിനം അഞ്ച് ലക്ഷം യൂണിറ്റ് രാത്രി ഏടുക്കാനാകും.
ഉപയോഗിക്കുന്ന മണിക്കൂറിനനുസരിച്ചാണ് കമ്പനിക്ക് പണം നല്‍കേണ്ടി വരുക. ഗുജറാത്ത് ടെന്‍ഡര്‍ ക്ഷണിച്ചതില്‍ ഒരുമെഗാവാട്ട് രണ്ട് മണിക്കൂറിന് ഉപയോഗിക്കുന്നതിനാണ് ഒരുമാസത്തേക്ക് 3.41 ലക്ഷം രൂപ വന്നത്.
Content Highlights: Kerala to install a 125MW battery energy storage system to utilize surplus solar power.
Published: 03 Jan 2025, 08:30 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented