
ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമുഖത്ത് നിന്ന് ഇല്ലാതായവയാണ് മാമത്തുകള്‍. അതുകൊണ്ടു തന്നെ ഇവയെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്താൻ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇടയ്ക്കിടെ കണ്ടെത്തുന്ന ഫോസിലുകളില്‍ കൂടിയും മറ്റും ഇവയെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ഗവേഷകര്‍ക്ക് ശേഖരിക്കാന്‍ സാധിച്ചു. പ്രായം, പരിണാമപരമായ പ്രത്യേകതകള്‍ എന്നിവയെ പറ്റി കൂടുതല്‍ വിവരങ്ങളറിയാനും ഫോസിലുകള്‍ ഗുണകരമായി. സാങ്കേതികവിദ്യ വളര്‍ന്നതും ഫോസിലുകളെ പറ്റി ആഴത്തില്‍ പഠിക്കാന്‍ ഗവേഷകര്‍ക്ക് സഹായകരമായി. ഇതുവരെ കണ്ടെത്തിയ മാമത്ത് ഫോസിലുകളെ അടിസ്ഥാനമാക്കിയുള്ള പഠനം ഇന്നും ഗവേഷകര്‍ തുടരുകയാണ്. ഈ പട്ടികയില്‍ ഏറ്റവും ഒടുവിലായി ഇടം കണ്ടെത്തിയിരിക്കുന്നത് ഒരു കുട്ടിമാമത്താണ്. റഷ്യയിലെ സൈബീരിയയിലാണ് കുട്ടിമാമത്തിനെ കണ്ടെത്തിയത്.
സൈബീരിയയിലെ കുട്ടിമാമത്ത്
സൈബീരിയയുടെ ഭാഗമായ യകൂട്ടിയയിലാണ് കുട്ടിമാമത്തിന് കണ്ടെത്തുന്നത്. റഷ്യന്‍ ഗവേഷകരാണ് നിര്‍ണായകമായ കണ്ടെത്തലിന് പിന്നില്‍. റഷ്യയിലെ യാന നദിത്തടത്തില്‍ നിന്ന് കണ്ടെത്തിയതിനാല്‍ 'യാന' എന്ന പേരാണ് പെണ്‍ മാമത്തിന് നല്‍കിയിരിക്കുന്നത്. 180 കിലോഗ്രാം ഭാരവും നാലടിയോളം നീളവുമാണ് യാനയ്ക്കുണ്ടായിരുന്നത്. ലോകത്ത് ഇന്നുവരെ കണ്ടെത്തിയതില്‍ ഏറ്റവും നന്നായി സംരക്ഷിക്കപ്പെട്ട മാമത്തിന്റെ ഫോസിലാണ് ഗവേഷകര്‍ക്ക് ഇത്തവണ ലഭിച്ചത്. ഇത് ഉപയോഗിച്ച് മാമത്തുകളെ പറ്റി കൂടുതലറിയാനുള്ള ശ്രമങ്ങളിലാണ് ഗവേഷകര്‍. സൈബീരിയയില്‍ കണ്ടെത്തിയ മാമത്തിന്റെ ഫോസിലിന് 50,000 വര്‍ഷം പഴക്കമാണ് കല്‍പ്പിക്കപ്പെടുന്നത്. റേഡിയോ കാര്‍ബണ്‍ അനാലിസിസ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഫോസിലിന്റെ പഴക്കം രേഖപ്പെടുത്തിയത്. ഇത്രയേറെ വര്‍ഷം പഴക്കമുള്ള മാമത്ത് ഫോസില്‍ കണ്ടെത്തുന്നതും അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന ഒന്ന് കൂടിയാണ്. യാനയുടേത് ഉള്‍പ്പെടെ ലോകത്ത് ഏഴ് മാമത്ത് ഫോസിലുകള്‍ മാത്രമാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്.

കണ്ടെത്തിയത് ഇങ്ങനെ
ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമൂടിയ ഗര്‍ത്തങ്ങളിലൊന്നായ (permafrost crater) ബത്താഗെയ്ക് ക്രേറ്ററില്‍ നിന്നുമാണ് യാനയെ ലഭിക്കുന്നത്. ബത്താഗെയ്ക് ക്രേറ്ററിന്റെ ഒരുഭാഗം ഉരുകിയതോടെയാണ് മാമത്തിന്റെ ഫോസില്‍ ശ്രദ്ധയില്‍പ്പെടുന്നത്. ബത്താഗെയ്കിന് സമീപം ആള്‍ത്താമസമുള്ള മേഖലകളുണ്ട്. പ്രദേശവാസികളാണ് ഗര്‍ത്തത്തില്‍ മാമത്തിന്റെ ഫോസിലിനെ ആദ്യമായി കണ്ടെത്തുന്നത്. കുട്ടിമാമത്തിന്റെ ഒരു ഭാഗം മഞ്ഞുരുകിയതോടെ പുറത്തുവന്നിരുന്നു. പ്രദേശവാസികള്‍ മറ്റ് വഴികളിലൂടെ ഗര്‍ത്തത്തില്‍ നിന്ന് യാനയെ ഉയര്‍ത്തിയെടുത്തു. തുടര്‍ന്ന് മാമത്തിന്റെ ഫോസില്‍ ഉപരിതലത്തിലെത്തുകയായിരുന്നു. സാധാരണയായി തുമ്പിക്കൈയാണ് മഞ്ഞുരുകി ആദ്യം പുറത്തുവരുന്നതെങ്കില്‍, അത് പക്ഷികളോ മറ്റ് ജീവികളോ ഭക്ഷിച്ചിരിക്കാന്‍ സാധ്യതയുണ്ട്. യാനയുടെ കാര്യത്തിൽ അതുണ്ടായില്ല. അതേസമയം ശരീരഭാഗങ്ങളില്‍ ചിലത് മറ്റ് ജീവികള്‍ ആഹാരമാക്കിയിരുന്നു. എന്നാല്‍ യാനയുടെ തല നല്ലരീതിയില്‍ സംരക്ഷിക്കപ്പെട്ടിരുന്നു. ഇതിലൂടെ മാമത്തുകളെ പറ്റിയുള്ള കൂടുതല്‍ രഹസ്യങ്ങളുടെ ചുരുളഴിക്കാനൊരുങ്ങുകയാണ് ഗവേഷകര്‍. യാനയുടെ ഫോസിലിന് 50,000 വര്‍ഷം പഴക്കമുണ്ടെങ്കിലും യാന മരിക്കാന്‍ സാധ്യതയുള്ള വര്‍ഷത്തെ പറ്റി കൂടുതല്‍ വിവരങ്ങള്‍ ഗവേഷകര്‍ക്ക് ലഭ്യമായിട്ടില്ല. യാന ചത്ത വര്‍ഷത്തെ പറ്റി വ്യക്തത ലഭിക്കുന്നതിനായി നിലവില്‍ പരിശോധനകള്‍ നടത്തിവരികയാണ് ഗവേഷകര്‍.
ചെളിയില്‍ കുടുങ്ങിയതോ?
യാന ചത്തതിന്റെ കാരണങ്ങളെ പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. എന്നാല്‍ ചെളിനിറഞ്ഞ പ്രദേശം ഒരു സാധ്യതയായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ചെളിയില്‍ കുടുങ്ങി അനങ്ങാന്‍ കഴിയാതെയാകാം യാന ചത്തതെന്നാണ് മാമത്തുകളുമായി ബന്ധപ്പെട്ട ഗവേഷണം നടത്തുന്ന വിദഗ്ധര്‍ വ്യക്തമാക്കുന്നത്. ചെളിയില്‍ കുടുങ്ങിയ യാന മരണത്തിന് കീഴടങ്ങി ആയിരക്കണക്കിന് വര്‍ഷങ്ങളോളം അവിടെ തന്നെ തുടരുകയായിരുന്നുവെന്നും വിദഗ്ധര്‍ വരച്ചുകാട്ടുന്നു. ഏകദേശം ഒരു വയസ്സ് പ്രായമാണ് യാനയ്ക്ക് കണക്കാക്കുന്നതെങ്കിലും യഥാര്‍ഥ പ്രായത്തെ സംബന്ധിച്ച് വ്യക്തതയായിട്ടില്ല. യാനയുടെ പ്രായം കണക്കാക്കാനുള്ള ശ്രമങ്ങളും നിലവില്‍ തുടരുകയാണ്. യാനയുടെ ഫോസില്‍ നിലവില്‍ നോര്‍ത്ത്-ഈസ്റ്റേണ്‍ ഫെഡറല്‍ യൂണിവേഴ്‌സിറ്റിയിലാണുള്ളത്. മഞ്ഞുമൂടിയ ഗര്‍ത്തത്തിലെ മഞ്ഞ് ഉരുകിത്തീര്‍ന്നതോടെയാണ് യാനയുടെ ഫോസില്‍ വെളിച്ചത്ത് വരുന്നത്. ഇതില്‍ കാലാവസ്ഥാ വ്യതിയാനത്തിനുള്ള പങ്കും ഗവേഷകര്‍ തള്ളിക്കളയുന്നില്ല.

പിന്നില്‍ കാലാവസ്ഥാ വ്യതിയാനം
ഒന്നുചീഞ്ഞാലെ മറ്റൊന്നിന് വളമാകൂ എന്ന് നാം പറയാറുണ്ടല്ലോ. യാനയുടെ വിഷയത്തിലും അത് തന്നെയാണ് സംഭവിച്ചിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം വന്‍തോതില്‍ എല്ലായിടങ്ങളിലും മഞ്ഞുരുകിക്കൊണ്ടിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമൂടിയ ഗര്‍ത്തങ്ങളിലൊന്നായ ബത്താഗെയ്ക് ക്രേറ്ററിലും വില്ലനാകുന്നത് കാലാവസ്ഥാ വ്യതിയാനമാണ്. ഇത്തരത്തില്‍ കാലാവസ്ഥാ വ്യതിയാനം മൂലം മഞ്ഞുരുകിയതാണ് സൈബീരിയയിലെ കുട്ടിമാമത്ത് വെളിച്ചത്ത് വരുന്നതിന് കാരണമായത്. മാമത്തുകളെ മാത്രമല്ല, മറ്റനേകം ജീവജാലങ്ങളുടെ ഫോസിലുകള്‍ ഇത്തരത്തില്‍ റഷ്യയിലുള്ള യകൂട്ടിയയിലെ മഞ്ഞുമൂടിയ ഗര്‍ത്തങ്ങളില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. അതിനാല്‍ യകൂട്ടിയയെ ചരിത്രാതീകാലം മുതല്‍ ജീവികളെ കേടുവരാതെ സൂക്ഷിക്കുന്ന പ്രകൃതിയുടെ ഫ്രീസറെന്നാണ് അറിയപ്പെടുന്നത്. സൈബീരിയയില്‍ മാമത്തിന്റെ ഫോസില്‍ കണ്ടെത്തുന്നതിന് മുന്‍പ് ആറ് വട്ടമാണ് മാമത്തുകളുടെ ഫോസില്‍ ലഭിച്ചിട്ടുള്ളത്. ഇതില്‍ അഞ്ചെണ്ണം റഷ്യയിലും ഒരെണ്ണം കാനഡയിലുമാണ് കണ്ടെത്തിയത്. ഫോസിലുകളെ പറ്റിയുള്ള പഠനങ്ങള്‍ക്ക് മാത്രമല്ല ഗവേഷകര്‍ മുന്‍തൂക്കം നല്‍കുന്നത്. പുരാതനകാലത്ത് അപ്രത്യക്ഷമായ ജീവജാലങ്ങളെ മടക്കികൊണ്ടുവരാനുള്ള ശ്രമങ്ങളും നിലവില്‍ നടക്കുന്നുണ്ട്.
മടങ്ങിവരുമോ വംശമറ്റവ?
ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമായ വൂളി മാമത്തുകളെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി 2024 ഒക്ടോബറില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. കൊള്ളോസ്സല്‍ ബയോസയന്‍സസ് എന്ന കമ്പനിയാണ് പരിശ്രമങ്ങള്‍ക്ക് പിന്നില്‍. ഇപ്പോള്‍ നടക്കുന്ന ഗവേഷണങ്ങള്‍ വിജയകരമായാല്‍ നാലുവര്‍ഷത്തിനുള്ളില്‍ വൂളി മാമത്തുകള്‍ മടങ്ങിവരുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സിയായ സിഐഎയുടെ സാമ്പത്തിക പിന്തുണയുള്ള കമ്പനിയാണ് കൊള്ളോസ്സല്‍ ബയോസയന്‍സസ്. വംശനാശത്തെ പ്രതിരോധിക്കാനുളള മുന്നേറ്റങ്ങള്‍ നടത്തുന്ന ലോകത്തിലെ ആദ്യത്തെ കമ്പനിയെന്നാണ് കൊള്ളോസ്സല്‍ ബയോസയന്‍സസ് അവകാശപ്പെടുന്നത്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ വംശനാശം സംഭവിച്ച ജീവികളുടെ ജീനുകള്‍ വീണ്ടെടുക്കാനും ജീവികളെ പുനഃസൃഷ്ടിക്കാനുമുള്ള പദ്ധതികളാണ് കമ്പനി നടപ്പാക്കുന്നത്. വൂളി മാമത്തുകളെ മാത്രമല്ല, ഡോഡോ പക്ഷിയെയും ടാസ്മാനിയന്‍ കടുവയെയും ഇത്തരത്തില്‍ മടക്കികൊണ്ടുവരാന്‍ സാധിച്ചേക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
വൂളി മാമത്തുകള്‍
ചിത്രങ്ങള്‍ കാണുമ്പോള്‍ വൂളി മാമത്തുകള്‍ ഭീകരജീവിയാണെന്ന് തോന്നിയേക്കാമെങ്കിലും ആഫ്രിക്കന്‍ ആനയുടെ വലിപ്പം മാത്രമാണ് അവയ്ക്കുണ്ടായിരുന്നത്. കടുത്ത മഞ്ഞില്‍ നിന്ന് രക്ഷപ്പെടാന്‍ രോമക്കെട്ടുകളുണ്ടായിരുന്നു വൂളി മാമത്തുകള്‍ക്ക്. 13 അടി വരെ നീളത്തിലാണ് വൂളി മാമത്തുകള്‍ കാണപ്പെടുക. എട്ടു ടണ്‍ വരെ ഭാരവും വൂളി മാമത്തുകള്‍ക്കുണ്ട്. വൂളി മാമത്തുകളുടെ ചെവി വളരെ ചെറുതാണ്. വൂളി മാമത്തുകളുടെ ഏറ്റവും അടുത്ത ജനിതകബന്ധു ഏഷ്യാറ്റിക് ആനകളാണ്. വൂളി മാമത്തുകള്‍ വംശമറ്റ് പോകാനുള്ള യഥാര്‍ഥ കാരണം വ്യക്തമല്ല. എന്നാല്‍ മനുഷ്യര്‍ കൂടുതലായി വേട്ടയാടിയതോ കാലാവസ്ഥാ മാറ്റങ്ങളോ ആകാം ഇവ വംശമറ്റുപോകുന്നതിലേക്ക് നയിച്ചതെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കാലാവസ്ഥാ മാറ്റം അവയുടെ ആവാസവ്യവസ്ഥകള്‍ നശിപ്പിച്ചു. മനുഷ്യരുടെ വേട്ടയാടല്‍ കൂടിയായപ്പോള്‍ വൂളി മാമത്തുകള്‍ പൂര്‍ണമായും വംശമറ്റു.
Content Highlights: baby mammoth remains have been found in permafrost covered region of yakutia
Published: 25 Dec 2024, 08:00 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented