ഭൂമിയിലുള്ള മനുഷ്യരുടെ വലിയ ഭീതികളിലൊന്നാണ് ബഹിരാകാശത്ത് നിന്നുള്ള അതിഭീമന്‍ ശിലകളുടെ പതനം. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഉല്‍ക്കാപതനം. അടുത്ത ദശാബ്ദങ്ങളിലൊന്നും അത്തരം ഒരു സംഭവം മാനവരാശി കേട്ടിട്ടില്ലെങ്കിലും സമീപകാലത്ത് വരുന്ന ചില റിപ്പോര്‍ട്ടുകള്‍ ആശങ്കപ്പെടുത്തുന്നതായിരുന്നു. സിറ്റി കില്ലര്‍ എന്നറിയപ്പെടുന്ന 2024 വൈആര്‍4 എന്ന ഛിന്നഗ്രഹം 2032 ല്‍ ഭൂമിയുമായി കൂട്ടിയിടിച്ചേക്കാമെന്നായിരുന്നു ആ പഠനങ്ങള്‍. അത് സംഭവിക്കാന്‍ 4 ശതമാനത്തോളം മാത്രമാണ് സാധ്യത. 

To advertise here,

എങ്കിലും അത് സംഭവിച്ചാല്‍, ഒരു നഗരത്തെ ഇല്ലാതാക്കാന്‍ കെല്‍പ്പുള്ള ആ ഉല്‍ക്കാപതനത്തിന്റെ അനന്തരഫലങ്ങള്‍ ഭൂമിയുടനീളം വര്‍ഷങ്ങളോളം അനുഭവിക്കേണ്ടി വന്നേക്കാം. ഇക്കാരണത്താല്‍ ലോകമെമ്പാടുമുള്ള ബഹിരാകാശ ഗവേഷകരുടെ നിരന്തരനിരീക്ഷണത്തിലാണ് ഈ ഛിന്നഗ്രഹം.

എന്നാല്‍ നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനിയില്‍ നിന്നുള്ള പുതിയ ചില വിവരങ്ങള്‍ ഈ ഛിന്നഗ്രഹത്തിന്റെ സഞ്ചാര പാത സംബന്ധിച്ച പുതിയ നിരീക്ഷണങ്ങള്‍ മുന്നോട്ടുവെക്കുന്നതാണ്. ആഗോള തലത്തില്‍ ഇന്ത്യയുള്‍പ്പടെ ആസൂത്രണം ചെയ്യുന്ന ഭാവി വന്‍കിട ബഹിരാകാശ ചാന്ദ്ര ദൗത്യങ്ങളെ പോലും ബാധിക്കാനിടയുള്ളതാണ് ഈ നിരീക്ഷണം.

അതായത്, ഇത്രയും നാള്‍ 2024 വൈആര്‍4 എന്ന ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനാണ് സാധ്യത കല്‍പിച്ചിരുന്നതെങ്കില്‍ ഭൂമിയേക്കാള്‍ ചന്ദ്രനുമായി ആ കൂട്ടിയിടി സംഭവിക്കാനാണ് സാധ്യതയെന്നാണ് പുതിയ പഠനം പറയുന്നത്. 

2024 ഡിസംബറിലാണ് സിറ്റികില്ലര്‍ എന്ന് വിളിക്കുന്ന 2024 വൈആര്‍4 നെ കണ്ടെത്തുന്നത്. 53 മുതല്‍ 67 മീറ്റര്‍ വരെ ഈ ഛിന്നഗ്രഹത്തിന് വ്യാസമുണ്ട്. അതായത്, ഏകദേശം ഒരു 15 നില കെട്ടിടത്തിന്റെ വലിപ്പമുണ്ടാവും ഇതിന്. തുടക്കത്തില്‍ ഭൂമിയുമായുള്ള കൂട്ടിയിടിക്ക് 3.1 ശതമാനം സാധ്യതയാണ് നല്‍കിയിരുന്നത്. സിറ്റികില്ലറിന്റെ വലിപ്പമുള്ള ഒരു ഛിന്നഗ്രഹത്തിന് നല്‍കിയിരുന്ന ഏറ്റവും ഉയര്‍ന്ന അപകട സാധ്യതയാണിത്. എന്നാല്‍ പിന്നീട് നടത്തിയ വിശദപഠനങ്ങളില്‍ ഈ സാധ്യത കുറഞ്ഞുവന്നു. ജനുവരിയില്‍ ആഘാത സാധ്യത 0.001 ശതമാനത്തില്‍ താഴെയായി. ഇതോടെ ഭൂമിക്ക് ഭീഷണിയുണ്ടാവില്ലെന്ന കണ്ടെത്തലിലെത്തി. 

പുതിയ പഠനം അനുസരിച്ച് 2032 ഡിസംബര്‍ 22 ന് സിറ്റികില്ലര്‍ ഛിന്നഗ്രഹം ചന്ദ്രനില്‍ ഇടിക്കാനുള്ള സാധ്യത ഇപ്പോള്‍ 2 ശതമാനം ആണെന്ന് ന്യൂ സയന്റിസ്റ്റിലെ ഒരു റിപ്പോര്‍ട്ടില്‍ ജ്യോതിശാസ്ത്രജ്ഞനായ ആന്‍ഡ്രൂ റിവ്കിന്‍ പറഞ്ഞു. ഫെബ്രുവരിയില്‍, നാസ 1.7 ശതമാനം സാധ്യതയാണ് കണക്കാക്കിയിരുന്നത്. 

ചന്ദ്രനുമായി കൂട്ടിയിടിച്ചാല്‍

ഇതിനകം ചന്ദ്രന്‍ തന്നെ ഒട്ടേറെ കൂട്ടിയിടികളുടെ ആഘാതങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. അതിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ഗര്‍ത്തങ്ങള്‍ ചന്ദ്രനില്‍ കാണാം. ചന്ദ്രനെ ലക്ഷ്യമാക്കിയാണ് സിറ്റി കില്ലര്‍ നീങ്ങുന്നതെങ്കില്‍ ആ കൂട്ടിയിടി ഒഴിവാക്കാനാവില്ല. അന്തരീക്ഷം പോലുമില്ലാത്ത ചന്ദ്രനില്‍ വളരെ എളുപ്പം തീവ്രമായ വേഗതയില്‍ ഛിന്നഗ്രഹം പതിക്കും. ആ കൂട്ടിയിടി ചന്ദ്രോപരിതലത്തില്‍ ഭീമന്‍ ഗര്‍ത്തം സൃഷ്ടിക്കും. അതിന്റെ ഭാഗമായി സൃഷ്ടിക്കപ്പെടുന്ന അവശിഷ്ടങ്ങള്‍ ബഹിരാകാശത്തേക്ക് പറന്നുയര്‍ന്നേക്കാം. ആ അവശിഷ്ടങ്ങള്‍ പുതിയ ഛിന്നഗ്രഹങ്ങളായി ഭൂമിയില്‍ പതിക്കുകയോ ബഹിരാകാശത്തെവിടേക്കെങ്കിലും സഞ്ചാരം ആരംഭിക്കുകയോ ചെയ്‌തേക്കാം. 

കൂട്ടിയിടിയുടെ ഫലമായുണ്ടാകുന്ന കണികാ മേഘങ്ങള്‍ രൂപപ്പെടുന്നതിനും അത് ബഹിരാകാശത്തെ ചന്ദ്രനും ഭൂമിക്കുമിടയിലുള്ള മനുഷ്യനിര്‍മിത ഉപകരണങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്‌തേക്കാം. ഭാവി ചാന്ദ്രദൗത്യങ്ങള്‍ക്കും ഈ കൂട്ടിയിടിയുടെ ഫലമായി ചന്ദ്രോപരിതലത്തില്‍ സൃഷ്ടിക്കപ്പെടുന്ന അവശിഷ്ടങ്ങള്‍ ഭീഷണിയായേക്കാം. എന്തായാലും ചന്ദ്രനില്‍ നടക്കുന്ന അതിഭീമന്‍ കൂട്ടിയിടി നേരില്‍ കാണാന്‍ മനുഷ്യര്‍ക്ക് അവസരം ലഭിച്ചേക്കും. 

നിരീക്ഷണം ശക്തം

2024 ഡിസംബറിലാണ് 2024 വൈആര്‍4 ഛിന്നഗ്രഹം കണ്ടെത്തിയത്. അന്ന് മുതല്‍ ശാസ്ത്രജ്ഞര്‍ ഇതിന്റെ സഞ്ചാര പാതയും സവിശേഷതകളും പഠിച്ചുവരികയാണ്. ഛിന്നഗ്രഹത്തിന്റെ സഞ്ചാര വേഗവും വലിപ്പവും മറ്റ് സവിശേഷതകളും വിശദമായി പഠിക്കുമ്പോഴാണ് അത് ഭൂമിക്ക് സൃഷ്ടിക്കുന്ന ഭീഷണി എത്രത്തോളമാണെന്ന് കണക്കാക്കാനും അതിന്റെ അപകട സാധ്യതകളും മറ്റ് പഠന സാധ്യതകളും കണക്കാക്കാന്‍ സാധിക്കുകയുള്ളൂ. ബഹിരാകാശ ദൂരദര്‍ശിനികളും ഭൂമിയില്‍ തന്നെയുള്ള ബഹിരാകാശ ദൂരദര്‍ശിനികളും ശാസ്ത്രജ്ഞര്‍ ഇതിനായി പ്രയോജനപ്പെടുത്തുന്നുണ്ട്.