പ്രാചീന കാലത്ത് ചൊവ്വയില്‍ സമുദ്രങ്ങളുണ്ടായിരുന്നതിന്റെ തെളിവുകള്‍ കണ്ടെത്തി ശാസ്ത്രജ്ഞര്‍. ചൈനയുടെ ഷുറോങ് റോവര്‍ കണ്ടെത്തിയ വിവരങ്ങളില്‍ നിന്നാണ് ചൊവ്വയുടെ ഉപരിതലത്തിനടയില്‍ പ്രാചീന കടല്‍ തീരം മറഞ്ഞിരിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്. ചൊവ്വയില്‍ ഒരുകാലത്ത് ജലം ഉണ്ടായിരുന്നുവെന്ന നിരീക്ഷണത്തിന് ശക്തിപകരുന്നതാണ് ഈ കണ്ടെത്തല്‍.
ജലവുമായുള്ള നിരന്തര സമ്പര്‍ക്കത്തിന്റെ ഫലമായി രൂപമാറ്റം സംബന്ധിച്ച ചൊവ്വയിലെ പ്രദേശങ്ങളുടെ ചിത്രങ്ങള്‍ 1970 കളില്‍ നാസയുടെ മരിനര്‍ ഓര്‍ബിറ്റര്‍ പകര്‍ത്തിയതിന് പിന്നാലെയാണ് ചൊവ്വയില്‍ ഒരു കാലത്ത് ജലസാന്നിധ്യമുണ്ടായിരുന്നുവെന്ന വാദം ശക്തമാവുന്നത്. അതുമായി ബന്ധപ്പെട്ട ശാസ്ത്രീയ സംവാദങ്ങള്‍ക്കും അത് തുടക്കമിട്ടു. 450 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പുവരെ ചൊവ്വയില്‍ വെള്ളമുണ്ടായിരുന്നുവെന്നാണ് ഏറ്റവും പുതിയ ഗവേഷണങ്ങള്‍ പറയുന്നത്. എങ്കിലും ചൊവ്വയില്‍ വലിയ സമുദ്രങ്ങള്‍ നിലനിന്നിരുന്നോ എന്ന ചോദ്യവും നിലനില്‍ക്കുന്നുണ്ട്.
ചൊവ്വയുടെ ഉത്തരാര്‍ദ്ധഗോളത്തിന്റെ ഭാഗങ്ങളില്‍ പുരാതന സമുദ്രത്താല്‍ മൂടിയിരുന്നുവെന്നാണ് ചൈനയിലെ ഗ്വാങ്‌ഷോ സര്‍വകലാശാലയിലെ ജിയാന്‍ഹുയി ലിയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘത്തിന്റേയും അമേരിക്കന്‍ ശാസ്ത്രജ്ഞരുടേയും കണ്ടെത്തല്‍. ഷുറോങ് റോവറില്‍ നിന്നുള്ള ഭൂഗര്‍ഭ ഇമേജിങ് ഡാറ്റ വിശകലനം ചെയ്താണ് പുരാതന തീരദേശ നിക്ഷേപങ്ങള്‍ക്ക് സമാനമായ അവിശിഷ്ട രൂപങ്ങള്‍ കണ്ടെത്തിയത്.
ഷുറോങ് ചൊവ്വാ ദൗത്യം
അഗ്നി ദൈവം എന്നര്‍ത്ഥമുള്ള ഷുറോങ് എന്ന പേരിട്ടിരിക്കുന്ന ചൈനയുടെ ഷുറോങ് റോവര്‍ ദൗത്യം 2020ലാണ് വിക്ഷേപിച്ചത്. 2021 മുതല്‍ 2022 വരെയായിരുന്നു ദൗത്യം. ചൊവ്വയിലെ യുടോപ്യ പ്ലാനിഷ്യ എന്നറിയപ്പെടുന്ന 3300 കിമീ വ്യാസമുള്ള ഗര്‍ത്ത മേഖലയിലാണ് പേടകം ഇറങ്ങിയത്. ഈ പ്രദേശത്ത് വലിയ അളവില്‍ ജലമുണ്ടായിരുന്നുവെന്നാണ് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത്.
മണ്ണിനടിയിലേക്ക് കടന്നു ചെല്ലുന്ന റഡാര്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് ചൊവ്വയുടെ ഉപരിതലത്തിന് 100 മീറ്റര്‍ താഴ്ചയില്‍ ഷുറോങ് റോവര്‍ സ്‌കാന്‍ ചെയ്തു. ഈ പരിശോധനയിലാണ് ഭൂമിയിലെ കടല്‍ത്തീരത്തിന് സമാനമായ രൂപങ്ങള്‍ ഉപരിതലത്തിന് താഴെയുള്ളതായി കണ്ടെത്തിയത്.
Content Highlights: Scientists discover evidence of ancient oceans on Mars using data from China`s Zhurong rover.
Published: 25 Feb 2025, 05:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented