1945-ല്‍ നാഗസാക്കിയിലും ഹിരോഷിമയിലും വര്‍ഷിച്ച അണുബോംബുകള്‍ ഉണ്ടാക്കിയതിനെക്കാള്‍ ഏകദേശം അഞ്ച് മുതല്‍ എട്ട് മടങ്ങ് വരെ ശക്തമായ സ്‌ഫോടനമായിരിക്കും ഉണ്ടാക്കുക എന്നും ഗവേഷകര്‍ പറയുന്നു.

പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.
2024 YR4 എന്ന ഛിന്നഗ്രഹം 2032-ല്‍ ചന്ദ്രനില്‍ ഇടിക്കാന്‍ സാധ്യത കണക്കിലെടുത്ത് വലിയ മുന്നൊരുക്കങ്ങള്‍ക്ക് തുടക്കംകുറിച്ച് ശാസ്ത്രലോകം. ഛിന്നഗ്രഹത്തെ വഴിതിരിച്ചുവിടുന്നതിന് പകരം അതിനെ തകര്‍ക്കാനുള്ള നീക്കമാണ് ശാസ്ത്രജ്ഞര്‍ നിര്‍ദ്ദേശിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരം. 2024 YR4 ഭൂമിക്കുതന്നെ ഭീഷണിയായേക്കാം എന്നാണ് ആദ്യഘട്ടത്തില്‍ കരുതിയിരുന്നത്. എന്നാല്‍, അതിനുള്ള സാധ്യത ഒഴിവായി. ആറ് വര്‍ഷത്തിന് ശേഷം അത് ചന്ദ്രനില്‍ ഇടിച്ചേക്കാം എന്ന സാഹചര്യം കണക്കിലെടുത്താണ് മുന്നൊരുക്കം.
ഏകദേശം 60 മീറ്റര്‍ വീതിയുള്ള ഈ ഛിന്നഗ്രഹത്തില്‍ നിന്നുള്ള ഭീഷണി താരതമ്യേന ചെറുതാണ്. എന്നാല്‍, ഇത് ചന്ദ്രനില്‍ ഇടിക്കുന്നത് നമ്മുടെ ഗ്രഹത്തിന് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാം. ഈ കൂട്ടിയിടി ഭൂമിയില്‍നിന്ന് കാണാന്‍ കഴിയുന്ന മനോഹരമായ ഒരു ഉല്‍ക്കാവര്‍ഷത്തിന് കാരണമായേക്കാം. എന്നാല്‍, അതിന്റെ ആഘാതം ടണ്‍ കണക്കിന് അവശിഷ്ടങ്ങള്‍ പുറത്തേക്ക് തെറിപ്പിക്കുമെന്നും അത് ഉപഗ്രഹങ്ങള്‍ക്കും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനും (ISS) ഭീഷണിയാകുമെന്നും വിദഗ്ദ്ധര്‍ കരുതുന്നു.
ഈ സാഹചര്യത്തിലാണ് നാസയുടെ ഗോഡാര്‍ഡ് സ്‌പേസ് ഫ്‌ളൈറ്റ് സെന്ററിലെ ബ്രെന്റ് ബാര്‍ബിയുടെ നേതൃത്വത്തിലുള്ള വിദഗ്ധരുടെ സംഘം അപകടസാധ്യത കുറയ്ക്കുന്നതിനുള്ള വിവിധ സാധ്യതകള്‍ വിശകലനം ചെയ്യുന്നത്. അവരുടെ കണ്ടെത്തലുകള്‍ പലതും ഇതിനകം പുറത്തുവന്നിട്ടുണ്ട്. ഈ ഛിന്നഗ്രഹത്തിന്റെ ഭ്രമണപഥം മാറ്റാനായി ഒരു വലിയ വസ്തുവിനെ ഇതിന്റെ വശത്തേക്ക് ഇടിച്ചിറക്കണമെന്ന് വിദഗ്ദ്ധര്‍ പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഇതൊരു നല്ല ആശയമല്ലെന്നാണ് ബാര്‍ബിയുടെ സംഘം കരുതുന്നത്.
ഛിന്നഗ്രഹത്തില്‍ ഒരു വസ്തുവിനെ ഇടിച്ചിറക്കുക എന്ന ആശയം നാസയുടെ ഡാര്‍ട്ട് (Double Asteroid Redirection Test) ദൗത്യത്തിന് സമാനമാണ്. ഈ ദൗത്യത്തില്‍ നാസ ഒരു ബഹിരാകാശ പേടകത്തെ ഡിമോര്‍ഫോസ് എന്ന ഛിന്നഗ്രഹത്തിലേക്ക് ബോധപൂര്‍വം ഇടിച്ചിറക്കുകയും അതിന്റെ ഭ്രമണപഥത്തില്‍ മാറ്റം വരുത്തുകയും ചെയ്തിരുന്നു. എന്നാല്‍, 2024 YR4-ന്റെ കാര്യം വ്യത്യസ്തമാണ്. ഒരു വഴിതിരിച്ചുവിടല്‍ ദൗത്യം ആസൂത്രണം ചെയ്യാന്‍ ലോകത്തിന് മതിയായ സമയം ലഭിച്ചേക്കില്ല എന്നതാണ് ഒരുപ്രശ്‌നം. ഭ്രമണപഥം മാറ്റുന്നതോടെ ഛിന്നഗ്രഹം ഭൂമിയിലേക്ക് തന്നെ നീങ്ങാനുള്ള സാധ്യതയുമുണ്ട്. 2024 YR4-ന്റെ പിണ്ഡത്തെക്കുറിച്ചോ ഘടനയെക്കുറിച്ചോ വ്യക്തതയില്ലാത്തത് വഴിതിരിച്ചുവിടല്‍ വെല്ലുവിളി ഉയര്‍ത്തുകയും ചെയ്യും.
ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്ത് ഛിന്നഗ്രഹത്തെ നശിപ്പിക്കുന്നതിനെക്കുറിച്ചാണ് ശാസ്ത്രജ്ഞര്‍ നിലവില്‍ ചിന്തിക്കുന്നത്. 2028-ല്‍ ഭൂമിക്കും ചന്ദ്രനും സമീപത്തുകൂടി കടന്നുപോകുമ്പോള്‍ ഛിന്നഗ്രഹത്തെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കാനാണ് നീക്കം. ഇതിലൂടെ ഛിന്നഗ്രഹത്തിന്റെ പാതയും അപകടസാധ്യതയും കൃത്യമായി നിര്‍ണ്ണയിക്കാനാണ് ലക്ഷ്യമിടുന്നത്. ആണവായുധങ്ങള്‍' ഉപയോഗിച്ച് ഈ ഛിന്നഗ്രഹത്തെ തകര്‍ക്കാനുള്ള ഒരു പദ്ധതിയും ഗവേഷകര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഉഗ്രശേഷിയുള്ള രണ്ട് ആണവായുധങ്ങള്‍ ഛിന്നഗ്രഹത്തിലേക്ക് അയച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്. 1945-ല്‍ നാഗസാക്കിയിലും ഹിരോഷിമയിലും വര്‍ഷിച്ച അണുബോംബുകള്‍ ഉണ്ടാക്കിയതിനെക്കാള്‍ ഏകദേശം അഞ്ച് മുതല്‍ എട്ട് മടങ്ങ് വരെ ശക്തമായ സ്‌ഫോടനമായിരിക്കും ഉണ്ടാക്കുക എന്നും ഗവേഷകര്‍ പറയുന്നു.
Content Highlights: ientists propose blowing up asteroid 2024 YR4 to prevent a lunar impact in 2032, potentially causing debris and impacting satellites.
Published: 24 Sept 2025, 05:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented