തുര്‍ക്കിയിലെ കറമാനിലുള്ള ടോപ്രാക്ടെപെയിൽ (പുരാതന ഐറിനോപോളിസ്)  ഏഴാം നൂറ്റാണ്ടിനും എട്ടാം നൂറ്റാണ്ടിനും ഇടയില്‍ പഴക്കമുള്ളതെന്നു കരുതപ്പെടുന്ന അഞ്ച് റൊട്ടികള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. ഈ റൊട്ടികള്‍ അനാറ്റോലിയന്‍ ഉപദ്വീപില്‍ ഇതുവരെ കണ്ടെത്തിയവയില്‍ ഏറ്റവും മികച്ച രീതിയില്‍ സംരക്ഷിക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നവയാണെന്ന് തുര്‍ക്കി ടുഡേ റിപ്പോര്‍ട്ടില്‍ പറയുന്നു. ബാര്‍ലി മാവ് ഉപയോഗിച്ച് നിര്‍മിച്ച ഈ റൊട്ടികള്‍ മധ്യകാലഘട്ടത്തിലെ അനാറ്റോലിയയിലെ ദൈനംദിന ഭക്ഷണരീതികളെ കുറിച്ചും ക്രിസ്ത്യന്‍ ആരാധനയുമായി ബന്ധപ്പെട്ട ആചാരങ്ങളെക്കുറിച്ചും പുതിയ വിവരങ്ങള്‍ നല്‍കുന്നവയാണ്.

To advertise here,

തീ മൂലമോ ഉയര്‍ന്ന താപം മൂലമോ സംഭവിച്ച കാര്‍ബണൈസേഷന്‍ വഴിയാണ് ഈ അപ്പങ്ങള്‍ സംരക്ഷിക്കപ്പെട്ടത്. ഓക്‌സിജന്റെ സാന്നിധ്യമില്ലാതെ ചൂടാവുമ്പോള്‍ ജൈവവസ്തുക്കള്‍ കരിയായി മറുകയും അതേ രൂപത്തില്‍ തന്നെ നിലനില്‍ക്കുകയും ചെയ്യും.  റൊട്ടിയിലെ അലങ്കാരപ്പണികള്‍ വളരെ വ്യക്തമായി കാണാവുന്ന വിധത്തിലാണ് അത് സംരക്ഷിക്കപ്പെട്ടിരിക്കുന്നത്.

ഒരു റൊട്ടിയില്‍  'With our Gratitude to Blessed Jesus' എന്നര്‍ത്ഥം വരുന്ന ഗ്രീക്ക് ഭാഷയിലുള്ള ലിഖിതം കാണാം. ഈ റൊട്ടിയിലെ ചിഹ്നങ്ങള്‍ കാര്‍ഷിക പശ്ചാത്തലത്തെ സൂചിപ്പിക്കുന്നതാണെന്ന് ഗവേഷകര്‍ വിലയിരുത്തുന്നു. സാധാരണയായി രക്ഷകനായ യേശുവിനെ ചിത്രീകരിക്കുന്ന രൂപങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഇവിടെ യേശുവിനെ ഒരു കര്‍ഷകന്റെ രൂപത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇത് സമൃദ്ധി, അധ്വാനം, നിലനില്‍പ്പ് എന്നിവയെ പ്രതിനിധാനം ചെയ്യുന്നുവെന്നും ഗവേഷകര്‍ കരുതുന്നു. മറ്റ്  റൊട്ടികളില്‍ മാള്‍ട്ടീസ് കുരിശ് ചിഹ്നങ്ങള്‍ പതിപ്പിച്ചിരിക്കുന്നു. കുരിശിന്റെ ചിഹ്നങ്ങളും യേശുവിന് സമര്‍പ്പക്കുന്നതായ വാക്യങ്ങളും കാണുമ്പോള്‍, ഈ  റൊട്ടികള്‍ പുരാതന ക്രിസ്ത്യന്‍ ആചാരങ്ങളുടെ ഭാഗമായി ഉപയോഗിച്ചിരുന്നവയാകാമെന്നാണ് ഗവേഷകരുടെ നിഗമനം. എന്നാല്‍, ഇവയെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ വിശദമായ പഠനങ്ങള്‍ നടന്നുവരികയാണ്.

തുര്‍ക്കിയുടെ കള്‍ച്ചര്‍ ആന്‍ഡ് ടൂറിസം മന്ത്രാലയത്തിന്റെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് കള്‍ച്ചറല്‍ ഹെറിറ്റേജ് ആന്‍ഡ് മ്യൂസിയംസിന്റെ അനുമതിയോടെ, കറമാന്‍ മ്യൂസിയത്തിന്റെ നേതൃത്വത്തിലാണ് ടോപ്രാക്ടെപെ/ഐറിനോപോളിസ് പുരാവസ്തു ഭൂമിയിലെ ഖനന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. മ്യൂസിയം ഡയറക്ടര്‍ എര്‍കാന്‍ എര്‍ ആണ് ഈ ഖനനത്തിന് നേതൃത്വം നല്‍കുന്നത്.

ടോപ്രാക്ടെപെയില്‍ നിന്ന് കണ്ടെത്തിയ ഈ മുദ്രകളുള്ള ബ്രെഡുകള്‍, അനാറ്റോലിയയിലെ ധാന്യ സംസ്‌കരണത്തിന്റെയും ബേക്കറി പാരമ്പര്യത്തിന്റെയും ചരിത്രം വെളിപ്പെടുത്തുന്നതിനൊപ്പം, ആദ്യകാല ക്രിസ്ത്യന്‍ ആരാധനകളെക്കുറിച്ചുള്ള അമൂല്യമായ തെളിവുകളും നല്‍കുന്നു.