പണം നൽകുന്ന ഉപയോക്താക്കൾക്ക് വെരിഫിക്കേഷൻ ബാഡ്ജുകൾ നൽകുന്നതിലെ വഞ്ചനാപരമായ സമീപനം ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിന് 120 മില്യൺ യൂറോ (13.8 കോടി ഡോളർ) പിഴ ചുമത്തി യൂറോപ്യൻ യൂണിയൻ. ഡിജിറ്റൽ സർവീസസ് ആക്ട് പ്രകാരമാണ് ടെക് ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോമിനെതിരായ നടപടി.

To advertise here,

എക്‌സിന്റെ നീല ടിക്കറ്റ് സംവിധാനം ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കാൻ സാധ്യതയുണ്ടെന്ന് യൂറോപ്യൻ യൂണിയൻ നേരത്തെതന്നെ ചൂണ്ടിക്കാട്ടിയിരുന്നു. മുമ്പ് സെലിബ്രിറ്റികൾ, ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ തുടങ്ങിയ പ്രമുഖരുടെ അക്കൗണ്ടുകൾ സ്ഥിരീകരിക്കുന്നതിനാണ് നീല ടിക്ക് നൽകിയിരുന്നത്. എന്നാൽ 2022-ൽ ഇലോൺ മസ്‌ക് ട്വിറ്റർ വാങ്ങി എക്‌സ് എന്ന് പേരുമാറ്റിയതിന് ശേഷം പെയ്ഡ് ഫീച്ചറായി നീല ടിക്ക് നൽകിത്തുടങ്ങി. ഈ മാറ്റം ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് യൂറോപ്യൻ യൂണിയൻ കണ്ടെത്തിയിട്ടുള്ളത്.

ഇതോടെ യൂറോപ്യൻ യൂണിയനിൽപ്പെട്ട രാജ്യങ്ങളിൽ പുതിയ വെരിഫിക്കേഷൻ സംവിധാനം ഏർപ്പെടുത്താൻ എക്‌സ് സമ്മതിച്ചതായാണ് പുറത്തുവരുന്ന വിവരം. നീല ടിക്കുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം ഒഴിവാക്കാൻ എക്‌സ്തന്നെ പരിഹാര നിർദേശങ്ങൾ സമർപ്പിച്ചിട്ടുണ്ട്. ഈ നിർദ്ദേശങ്ങൾ യൂറോപ്യൻ കമ്മീഷൻ ശ്രദ്ധാപൂർവ്വം വിലയിരുത്തും.

അതിനിടെ പ്ലാറ്റ്ഫോമിലെ പരസ്യങ്ങളെക്കുറിച്ച് സുതാര്യമായ വിവരങ്ങൾ കമ്പനി നൽകിയിട്ടില്ലെന്നും സ്വതന്ത്ര ഗവേഷകർക്ക് അവരുടെ ഡാറ്റ ആക്‌സസ് ചെയ്യാൻ അനുവദിച്ചിട്ടില്ലെന്നും അധികൃതർ ആരോപിച്ചു. മാർച്ച് 12-നകം പ്രശ്‌നങ്ങൾ പരിഹരിക്കാൻ എക്‌സിനോട് യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലാത്തപക്ഷം അധിക പിഴ ചുമത്തിയേക്കാം.

നടപടിക്കെതിരെ കമ്പനി അപ്പീൽ ഫയൽചെയ്തിട്ടുണ്ട്. മസ്‌കിന്റെ ഉടമസ്ഥതയിലുള്ള നിർമിതബുദ്ധി (എഐ) കമ്പനിയായ xAI, എക്‌സ് പ്ലാറ്റ്ഫോമുകൾ എന്നിവ 17.5 ബില്യൺ (1750 കോടി) ഡോളറിന്റെ കടബാധ്യത തീർക്കാൻ ശ്രമിക്കുന്നതിനിടെയാണ് യൂറോപ്യൻ യൂണിയൻ ഭീമമായ പിഴ ചുമത്തിയിട്ടുള്ളതെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.