വാട്‌സാപ്പ് ഒരു തമാശ പറഞ്ഞതാണ്, പക്ഷേ, പണി പാളി. ഉപഭോക്താക്കള്‍ക്കിടയില്‍ സ്വകാര്യതയെ കുറിച്ച് ആശങ്കകള്‍ക്കിടയാക്കുന്നതായിരുന്നു ആ തമാശ. 'lol എന്ന് അവസാനിപ്പിച്ച് സന്ദേശം അയക്കുന്നവ ആളുകളെ, ഞങ്ങള്‍ നിങ്ങളെ കാണുന്നു, ഞങ്ങള്‍ നിങ്ങളെ ബഹുമാനിക്കുന്നു. ' എന്ന് എഴുതി എക്‌സില്‍ പങ്കുവെച്ച പോസ്റ്റാണ് പണിയായത്. ചാറ്റുകള്‍ എൻഡ് ടു എൻഡ് എന്‍ക്രിപ്റ്റഡ് ആണെന്ന് പറഞ്ഞിട്ട് വാട്‌സാപ്പ് എങ്ങനെയാണ് എല്ലാവരേയും കാണുന്നത് എന്നും സ്വകാര്യത ഇല്ലേ എന്നും ചോദിച്ചുകൊണ്ട് കമന്റുകള്‍ നിറഞ്ഞു.

To advertise here,

വാട്‌സാപ്പിനെ കളിയാക്കി ഒരുപാട് ട്രോളുകളും വന്നു. എൻഡ് ടു എൻഡ് എന്‍ക്രിപ്ഷന്‍ എക്‌സില്‍ ട്രെന്‍ഡിങായി.

ഉടന്‍ തന്നെ വാട്‌സാപ്പ് വിശദീകരണവുമായി എത്തി. ആദ്യ പോസ്റ്റില്‍ 'ഞങ്ങള്‍ നിങ്ങളെ കാണുന്നു'(We See you) എന്നത് കൊണ്ട് അര്‍ത്ഥമാക്കിയത് lol എന്ന് സന്ദേശത്തില്‍ എഴുതാന്‍ ഇഷ്ടപ്പെടുന്നവരെ ഞങ്ങള്‍ മനസിലാക്കുന്നു, തിരിച്ചറിയുന്നു എന്നെല്ലാമുള്ള അര്‍ത്ഥത്തിലാണെന്ന് വാട്‌സാപ്പ് പറഞ്ഞു.

We See You എന്ന് എഴുതിയത് ആലങ്കാരികമായിട്ടാണെന്നും നിങ്ങളുടെ വ്യക്തിഗത സന്ദേശങ്ങള്‍ എൻഡ് ടു എൻഡ്  എന്‍ക്രിപ്ഷനിലൂടെ സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും വാട്‌സാപ്പിനും മറ്റാര്‍ക്കും അവ കാണാനാവില്ലെന്നും ആളുകളുടെ കമന്റുകള്‍ക്ക് പ്രതികരണമായി വാട്‌സാപ്പ് പറഞ്ഞു.

സിഗ്നലിന്റെ വരവ്

വാട്‌സാപ്പിന് ഒരു വീഴ്ചയുണ്ടാകുമ്പോള്‍ ഉപഭോക്താക്കളെ വലവിശാറുള്ള സിഗ്നല്‍ പതിവ് പോലെ ഇവിടെയും എത്തി. വാട്‌സാപ്പിന്റെ പോസ്റ്റ് ക്വോട്ട് ചെയ്ത് അവര്‍ ഒരു പോസ്റ്റ് പങ്കുവെച്ചു. 'അവര്‍ നിങ്ങളുടെ മെറ്റാഡാറ്റ കാണുന്നുണ്ട് എന്നാണ് അവര്‍ അര്‍ത്ഥമാക്കിയത്. സിഗ്നലില്‍ ഞങ്ങള്‍ ഒന്നും കാണുന്നില്ല, അത് തിരിച്ചറിയാന്‍ ഞങ്ങളുടെ ഓപ്പണ്‍സോഴ്‌സ് കോഡ് പരിശോധിക്കാവുന്നതാണ്.' സിഗ്നല്‍ പറഞ്ഞു.

ഇംഗ്ലീഷ് പ്രയോഗങ്ങളുടെ ചില തമാശകളിലൊന്നാണ് ഇവിടെ സംഭവിച്ചത്. ഉദ്ദേശിച്ചതൊന്ന് ആളുകള്‍ മനസിലാക്കിയത് മറ്റൊന്ന്. സംഗതി കയ്യില്‍ നിന്ന് പോയി എന്ന് മനസിലാക്കിയതോടെ ആശങ്കകള്‍ പങ്കുവെച്ച പലര്‍ക്കും വാട്‌സാപ്പിന്റെ സോഷ്യല്‍ മീഡിയാ ഗ്രൂപ്പ് മറുപടി നല്‍കി വിശദീകരണം നല്‍കിയിട്ടുണ്ട്.

2016 മുതല്‍ തന്നെ ചാറ്റുകളില്‍ എൻഡ് ടു എൻഡ് എന്‍ക്രിപ്ഷന്‍ വാട്‌സാപ്പ് അവതരിപ്പിച്ചിട്ടുണ്ട്. വാട്‌സാപ്പിനോ , ഭരണകൂട ഏജന്‍സികള്‍ക്കോ മറ്റേതെങ്കിലും വ്യക്തികള്‍ക്കോ വാട്‌സാപ്പ് ചാറ്റില്‍ അയക്കുന്ന സന്ദേശങ്ങള്‍ ഒന്നും ചാറ്റില്‍ നുഴഞ്ഞുകയറി കാണാന്‍ സാധിക്കില്ല.