ഈ വർഷം നടന്ന ബാഡ്മിന്റൺ വേൾഡ് ഫെഡറേഷന്റെ ലോക ചാമ്പ്യൻഷിപ്പിൽ മത്സരിച്ച ഇന്ത്യൻ ബാഡ്മിന്റൺ താരം പി.വി. സിന്ധുവിന്റെ നെറ്റിയുടെ ഒരുവശത്തായി ഒട്ടിച്ചുവെച്ചിരിക്കുന്ന ഒരു വിചിത്രവസ്തു ചിലപ്പോൾ നിങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടാവും. ഒരു പോഡ്കാസ്റ്റിൽ പ്രത്യപ്പെട്ട സൊമാറ്റോ സഹസ്ഥാപകനായ ദീപീന്ദർ ഗോയലിന്റെ നെറ്റിയിലും ഇത് കണ്ടിട്ടുണ്ട്. കണ്ടന്റ് ക്രിയേറ്ററും സംരംഭകനുമായ രാജ് ഷമാനിയുടെ വീഡിയോകളിലും ഇതേ ഉപകരണം കണ്ടിട്ടുണ്ടാവും. എന്താണ് ഇത്? പലവിധ വെയറബിൾ ഉപകരണങ്ങൾ വിപണിയിലുണ്ടെങ്കിലും ഇത്തരം ഒരു ഉപകരണം ഓൺലൈനിൽ എവിടെയും വിൽപനയ്ക്കില്ല; എന്തുകൊണ്ടാണിത്? കൂടുതലറിയാം.

To advertise here,

എന്താണ് ടെമ്പിൾ?

സോമാറ്റോ (Zomato) സഹസ്ഥാപകനും ഇറ്റേണൽ (Eternal) മുൻ സി.ഇ.ഒയുമായ ദീപീന്ദർ ഗോയൽ വികസിപ്പിച്ചെടുത്ത പരീക്ഷണാടിസ്ഥാനത്തിലുള്ള ഒരു ബ്രെയിൻ-ഹെൽത്ത് വെയറബിൾ ഉപകരണമാണ് ടെമ്പിൾ. തലയുടെ വശങ്ങളിൽ കൃത്യമായി പറഞ്ഞാൽ ചെവിക്കും കണ്ണിനും ഇടയിലുള്ള 'ടെമ്പിൾ' എന്ന് വിളിക്കുന്ന ഭാഗത്ത് ഒട്ടിച്ചു വെക്കാവുന്ന രീതിയിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. തലച്ചോറിലേക്കുള്ള രക്തയോട്ടവും ഓക്സിജന്റെ അളവും തത്സമയം തുടർച്ചയായി നിരീക്ഷിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

ശാസ്ത്രീയമായി ഇതുവരെ തെളിയിക്കപ്പെടാത്തൊരു ആശയത്തിന്റെ പുറത്താണ് ഗോയലും ഗവേഷണ സംഘവും ഇത്തരം ഒരു പരീക്ഷണ ഉപകരണവുമായി രംഗത്തുവന്നത്. ഗുരുത്വാകർഷണത്തിന്റെ ഫലമായി ഒരു മനുഷ്യന്റെ ജീവിതകാലത്തിലുടനീളം മസ്തിഷ്കത്തിലേക്കുള്ള രക്തയോട്ടം ക്രമേണ കുറയാമെന്നും അത് വാർധക്യവും ബുദ്ധിശക്തി കുറയുന്നതും വേഗത്തിലാക്കിയേക്കാമെന്നും സൂചിപ്പിക്കുന്ന ഗ്രാവിറ്റി ഏജിങ് ഹൈപ്പോതീസിസ് ആണ് ഗോയൽ ഈ ഉപകരണത്തിലൂടെ പരീക്ഷിക്കുന്നത്.

മസ്തിഷ്കത്തിലെ രക്തയോട്ടത്തെക്കുറിച്ചുള്ള വിവരങ്ങൾ തുടർച്ചയായി ശേഖരിക്കാൻ ടെമ്പിൾ ഉപകരണം സഹായിക്കും. എം.ആർ.ഐ. അല്ലെങ്കിൽ സി.ടി. സ്കാൻ പോലുള്ള പരമ്പരാഗത ക്ലിനിക്കൽ ഉപകരണങ്ങൾക്ക് സാധിക്കാത്ത തുടർച്ചയായ വിവരശേഖരണം ഇത് സാധ്യമാക്കുന്നു. ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളുടെയും സമ്മർദ്ദത്തിന്റെയും തത്സമയ അളവുകോലായി 1 മുതൽ 250 വരെയുള്ള 'എൻട്രോപ്പി' എന്നൊരു സ്കോർ ഈ ഉപകരണം നൽകും. ഈ ഉപകരണത്തിന്റെ മുമ്പുണ്ടായിരുന്ന വലിപ്പം ഇപ്പോൾ കുറച്ചതായി ഓഗസ്റ്റ് 21-ന് ഗോയൽ അറിയിച്ചിരുന്നു.

ശാസ്ത്രീയമായ അംഗീകാരമില്ല

ഇത് ഒരു മെഡിക്കൽ ഉപകരണമായി എവിടെയും ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല. മറിച്ച് ഇത് പരീക്ഷണാടിസ്ഥാനത്തിലുള്ള ഒരു ഗവേഷണ മാതൃകാ ഉപകരണം മാത്രമാണ്. ന്യൂറോ സർജന്മാരും ക്ലിനിക്കൽ വിദഗ്ദ്ധരും ഇതിന്റെ ശാസ്ത്രീയ കൃത്യതയിൽ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.

തലയോട്ടിക്ക് പുറത്തുള്ള രക്തധമനികളിലെ ഒഴുക്ക് മാത്രമാണ് ഇത് അളക്കുന്നതെന്നും തലച്ചോറിനുള്ളിലെ രക്തയോട്ടത്തെ നേരിട്ട് അളക്കുന്നില്ലെന്നും അവർ വ്യക്തമാക്കുന്നുണ്ട്.

വിപണിയിൽ ലഭ്യമാണോ?

ടെമ്പിൾ ഡിവൈസ് നിലവിൽ പൊതുവിപണിയിൽ സാധാരണക്കാർക്ക് വാങ്ങാൻ ലഭ്യമായിട്ടില്ല. പി.വി. സിന്ധുവിനെ പോലെ ചില പ്രമുഖ വ്യക്തികൾക്ക് ഇത് ലഭിച്ചത് കമ്പനിയുടെ പ്രത്യേക 'ഏർലി ആക്സസ്' പ്രോഗ്രാം വഴിയാണ്.

2026 മേയിൽ ടെമ്പിളിന്റെ ആദ്യത്തെ 100 യൂണിറ്റുകൾ തയ്യാറായതായി ദീപീന്ദർ ഗോയൽ അറിയിച്ചിരുന്നു. കായികതാരങ്ങൾ, ശാസ്ത്രജ്ഞർ, സ്റ്റാർട്ടപ്പ് സ്ഥാപകർ, ഡോക്ടർമാർ, ക്രിയേറ്റർമാർ തുടങ്ങിയവരിൽനിന്ന് ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷകൾ ക്ഷണിച്ചു. ഒരു ലക്ഷത്തിലധികം അപേക്ഷകളിൽനിന്ന് പ്രത്യേക സ്ക്രീനിംഗ് പ്രക്രിയയിലൂടെ തെരഞ്ഞെടുത്ത 100 'ഫൗണ്ടിംഗ് യൂസർമാർക്കാണ്' ഇത് നൽകിയത്.

2026 അവസാനത്തോടെ പൊതുജനങ്ങൾക്കായി ലിമിറ്റഡ് പ്രീ-ഓർഡറുകൾ ആരംഭിക്കുമെന്നാണ് കമ്പനി പറയുന്നത്.