വാട്സാപ്പില്‍ ഇനി മുതല്‍ പരസ്യങ്ങളും പ്രദര്‍ശിപ്പിക്കും. വാട്സാപ്പില്‍ നിന്ന് വരുമാന മാര്‍ഗം കണ്ടെത്താനുള്ള മെറ്റയുടെ എറെ കാലമായുള്ള ശ്രമങ്ങളുടെ ഫലമാണ് ഈ പുതിയ അപ്ഡേറ്റ്. വാട്സാപ്പിലെ അപ്ഡേറ്റ്സ് ടാബിലാണ് പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുക. ആദ്യമായാണ് വാട്സാപ്പില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്.
വാട്സാപ്പിലെ അപ്ഡേറ്റ്സ് ടാബിലുള്ള സ്റ്റാറ്റസ് ഫീച്ചര്‍ വഴിയാണ് സ്പോണ്‍സേര്‍ഡ് കണ്ടന്റ് എന്ന പേരില്‍ പരസ്യങ്ങള്‍ കാണിക്കുക. വാട്സാപ്പിന്റെ പ്രവര്‍ത്തന രീതിയിലുള്ള സുപ്രധാന മാറ്റങ്ങളിലൊന്നാണിത്.
തിങ്കളാഴ്ചയാണ് മെറ്റ ഈ അപ്ഡേറ്റ് അവതരിപ്പിച്ചത്. ചാനല്‍ സബ്സ്ക്രിപ്ഷന്, പ്രൊമോട്ടഡ് ചാനല്‍സ്, സ്റ്റാറ്റസിലെ പരസ്യങ്ങള്‍ എന്നിങ്ങനെ മൂന്ന് പുതിയ ഫീച്ചര്‍ അപ്ഡേറ്റുകളാണ് വാട്സാപ്പ് പ്രഖ്യാപിച്ചത്. വാട്സാപ്പിന്റെ ദൈനംദിന ഉപഭോക്താക്കളുടെ എണ്ണം 150 കോടിയായെന്നും കമ്പനി പ്രഖ്യാപിച്ചു.
വാട്സാപ്പില്‍ ഉപഭോക്താക്കളുടെ കോണ്ടാക്ട്ലിസ്റ്റിലുള്ളവര്‍ പങ്കുവെക്കുന്ന സ്റ്റാറ്റസുകള്‍ക്കിടയിലാണ് പരസ്യങ്ങളും പ്രദര്‍ശിപ്പിക്കുക. പരസ്യങ്ങള്‍ പേഴ്സണല്‍ ചാറ്റുകളിലും ഗ്രൂപ്പ് ചാറ്റുകളിലും മെസേജുകളിലും കാണിക്കില്ലെന്നും കമ്പനി ഉറപ്പുനല്‍കുന്നു.
പുതിയ ഫീച്ചറുകള്‍
ചാനലുകള്‍ക്ക് ഫോളോവര്‍മാരില്‍ നിന്നും പണം ഈടാക്കാന്‍ സഹായിക്കുന്ന ഫീച്ചര്‍ ആണിത്. വാട്സാപ്പ് ചാനലുകളിലെ ഉള്ളടക്കങ്ങള്‍ക്ക് വരിസംഖ്യ ഈടാക്കാന്‍ ഈ ഫീച്ചര്‍ അനുവദിക്കുന്നു.
ചാനലുകളുടെ പ്രചാരം വര്‍ധിപ്പിക്കാന്‍ എക്സ്പ്ലോര്‍ സെക്ഷനില്‍ ഉപഭോക്താക്കള്‍ എളുപ്പം കാണും വിധം ചാനലുകള്‍ പ്രദര്‍ശിപ്പിക്കുന്നതിന് വേണ്ടിയുള്ളതാണ് പ്രൊമോട്ടഡ് ചാനല്‍ ഫീച്ചര്‍.
പരസ്യങ്ങള്‍ ടാര്‍ഗറ്റ് ചെയ്യുന്നത് എങ്ങനെ?
ഉപഭോക്താക്കളില്‍ നിന്നുള്ള പരിമിതമായ വിവരങ്ങള്‍ ഉപയോഗിച്ചാണ് വാട്സാപ്പിലെ പരസ്യവിതരണം. നിങ്ങളുടെ നഗരം അല്ലെങ്കില്‍ രാജ്യം, ഭാഷ, നിങ്ങള്‍ ഫോളോ ചെയ്യുന്ന ചാനലുകള്‍, പരസ്യങ്ങളോടുള്ള നിങ്ങളുടെ പ്രതികരണ രീതി തുടങ്ങിയവ എന്നിവ പരസ്യ വിതരണത്തിനായി വിലയിരുത്തും.
മെറ്റയുടെ അക്കൗണ്ട് സെന്ററുമായി വാട്സാപ്പ് ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ നിങ്ങളുടെ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം ഡേറ്റയെ അടിസ്ഥാനമാക്കിയുള്ള പരസ്യങ്ങളും വാട്സാപ്പ് സ്റ്റാറ്റസില്‍ കാണും.
പരസ്യ ദാതാക്കളുമായി ഉപഭോക്താവിന്റെ ഫോണ്‍ നമ്പറുകള്‍ പങ്കുവെക്കില്ലെന്നും വ്യക്തിഗത സന്ദേശങ്ങള്‍, കോളുകള്‍, ഗ്രൂപ്പ് ആക്ടിവിറ്റി എന്നിവ പരസ്യങ്ങള്‍ വിതരണം ചെയ്യുന്നതിനായി ഉപയോഗിക്കില്ലെന്നും അവയെല്ലാം എന്‍ക്രിപ്റ്റഡ് ആയി തുടരുമെന്നും കമ്പനി ഉറപ്പുനല്‍കുന്നു.
Content Highlights: WhatsApp introduces ads in the Updates tab.
Published: 17 Jun 2025, 02:29 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented