അടുത്തിടെയാണ് വാട്സാപ്പ് ഇന്ത്യയിൽ ആദ്യമായി പെയ്ഡ് പെയ്ഡ് സബ്സ്ക്രിപ്ഷനായ വാട്ട്സ്ആപ്പ് പ്ലസ് (WhatsApp Plus) അവതരിപ്പിച്ചത്. വാട്സാപ്പിൽ ഉപഭോക്താക്കൾക്ക് വേറിട്ട അനുഭവം സാധ്യമാക്കുന്നതിനൊപ്പം വാട്സാപ്പിൽ നിന്ന് വരുമാനം കണ്ടെത്താനുള്ള മെറ്റയുടെ മാർഗങ്ങളിലൊന്ന് കൂടിയാണിത്. വാട്ട്സ്ആപ്പിന്റെ രൂപത്തിലും ഉപയോഗത്തിലും മാറ്റങ്ങൾ വരുത്തി ആപ്പ് കൂടുതൽ ആകർഷകമാക്കാൻ ഈ പുതിയ ഫീച്ചറിന്റെ സഹായത്തോടെ സാധിക്കും. ആൻഡ്രോയിഡ്, ഐഫോൺ ഉപയോക്താക്കൾക്ക് ഈ സേവനം ലഭ്യമാണ്.

To advertise here,

വാട്സാപ്പ് പ്ലസ് - പ്രധാന സവിശേഷതകൾ

ഉപഭോക്താക്കൾക്ക് ഇഷ്ടാനുസരണം താത്പര്യമുണ്ടെങ്കിൽ മാത്രം തിരഞ്ഞെടുക്കാൻ സാധിക്കുന്ന ഫീച്ചർ ആണിത്. പ്രതിമാസം 79 രൂപയാണ് വാട്ട്സ്ആപ്പ് പ്ലസിന്റെ ഇന്ത്യയിലെ നിരക്ക്. പുതിയ സബ്‌സ്‌ക്രൈബർമാർക്ക് ആദ്യത്തെ ഒരു മാസം തികച്ചും സൗജന്യമായി ഉപയോഗിക്കാൻ കഴിയും. വാട്സാപ്പിന്റെ എതിരാളിയായ ടെലഗ്രാം വർഷങ്ങൾക്ക് മുമ്പ് തന്നെ സമാനമായ ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ട്. ഇങ്ങനെ പണം നൽകുന്ന വരിക്കാർക്ക് സാധാരണ ഉപഭോക്താക്കൾക്ക് നൽകാത്ത വിവിധങ്ങളായ സവിശേഷ സൗകര്യങ്ങൾ ടെലഗ്രാം ലഭ്യമാക്കുന്നുണ്ട്. ഈ മാതൃക തന്നെയാണ് വാട്സാപ്പും പിന്തുടരുന്നത്. പണം നൽകിയാൽ വാട്സാപ്പിന്റെ തീമുകൾ മാറ്റാനും, ഐക്കണുകൾ കസ്റ്റമൈസ് ചെയ്യാനും കൂടുതൽ ചാറ്റുകൾ പിൻ ചെയ്യാനുമെല്ലാമുള്ള സൗകര്യങ്ങൾ ഉപഭോക്താവിന് ലഭിക്കും.

പണം നൽകിയാൽ എന്ത് കിട്ടും?

  • പുതിയ തീമുകൾ : ആപ്പിന് രൂപമാറ്റം വരുത്താൻ വൈബ്രന്റ് ബ്ലൂ, റോയൽ പർപ്പിൾ, ഫോറസ്റ്റ് ഗ്രീൻ, ഫ്യൂഷിയ പിങ്ക് എന്നിവയുൾപ്പെടെ 18 എക്സ്ക്ലൂസീവ് കളർ തീമുകൾ ഉപയോക്താക്കൾക്ക് ലഭിക്കും.
  • ആപ്പ് ഐക്കണുകൾ : വാട്ട്സ്ആപ്പിന്റെ പതിവ് പച്ച ലോഗോയ്ക്ക് പകരം ഉപയോഗിക്കാൻ സാധിക്കുന്ന 14 വ്യത്യസ്ത ആപ്പ് ഐക്കണുകൾ ഇതിൽ ലഭ്യമാണ്.
  • നോട്ടിഫിക്കേഷൻ സൗണ്ടുകളും സ്റ്റിക്കറുകളും: ഫ്ലട്ടർ, റിപ്പിൾ, മെഡോ, കാർണിവൽ തുടങ്ങി 10 എക്സ്ക്ലൂസീവ് നോട്ടിഫിക്കേഷൻ സൗണ്ടുകളും റിംഗ്‌ടോണുകളും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, സൗജന്യ പതിപ്പിൽ ലഭ്യമല്ലാത്ത പ്രത്യേക സ്റ്റിക്കർ പാക്കുകളും ലഭിക്കും.
  • കൂടുതൽ ചാറ്റുകൾ പിൻ ചെയ്യാം: സാധാരണ വാട്ട്സ്ആപ്പിൽ കുറച്ചു ചാറ്റുകൾ മാത്രമേ പിൻ ചെയ്യാൻ സാധിക്കൂ എങ്കിൽ, പ്ലസ് സബ്സ്ക്രിപ്ഷൻ ഉള്ളവർക്ക് പരമാവധി 20 ചാറ്റുകൾ വരെ പിൻ ചെയ്ത് വെക്കാൻ കഴിയും. ഒപ്പം ചാറ്റ് ലിസ്റ്റുകൾ കൂടുതൽ എളുപ്പത്തിൽ ക്രമീകരിക്കാനും ഇതിൽ സാധിക്കും.

 


നിലവിലെ സൗകര്യങ്ങൾ നഷ്ടമാവുമോ?

ഇല്ല, വാട്സാപ്പ് പ്ലസ് നേരത്തെ സൂചിപ്പിച്ച പോലെ താത്പര്യമുണ്ടെങ്കിൽ മാത്രം തെരഞ്ഞെടുക്കാവുന്ന ഫീച്ചറാണ്. സബ്സ്ക്രിപ്ഷൻ എടുക്കാത്ത ഉപയോക്താക്കൾക്ക് തുടർന്നും വാട്ട്സ്ആപ്പിന്റെ അടിസ്ഥാന ഫീച്ചറുകളായ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് മെസ്സേജിങ്, വോയ്‌സ്/വീഡിയോ കോളുകൾ, സ്റ്റാറ്റസ്, ചാനലുകൾ, ഫയൽ ഷെയറിങ് തുടങ്ങിയവ തുടർന്നും തികച്ചും സൗജന്യമായി തന്നെ ലഭിക്കും. എന്നാൽ മുകളിൽ പറഞ്ഞ അധിക സൗകര്യങ്ങൾ ഉപയോഗപ്പെടുത്തണമെങ്കിൽ മാത്രം വാട്സാപ്പ് പ്ലസ് പണം കൊടുത്ത് വാങ്ങിയാൽ മതി.

എങ്ങനെ സബ്സ്ക്രൈബ് ചെയ്യാം?

വാട്ട്സ്ആപ്പ് സെറ്റിങ്സിൽ പോയി സബ്സ്ക്രിപ്ഷൻസ് തിരഞ്ഞെടുക്കുക. അതിൽ വാട്സാപ്പ് പ്ലസ് ക്ലിക്ക് ചെയ്ത് ഗൂഗിൾ പ്ലേ സ്റ്റോർ വഴിയോ ആപ്പിൾ ആപ്പ് സ്റ്റോർ വഴിയോ പണമടച്ച് നിങ്ങൾക്ക് ഈ സേവനം സ്വന്തമാക്കാം. ഈ ഓപ്ഷൻ ലഭ്യമല്ലെങ്കിൽ വാട്സാപ്പ് ആപ്പ് ഉടൻ അപ്ഡേറ്റ് ചെയ്യുക.