
വാട്സാപ്പ് ബിസിനസ് പ്ലാറ്റ്ഫോമിലെ നിരക്കുകളിൽ മെറ്റ മാറ്റംവരുത്തുന്നു. മുൻപ് സൗജന്യമായിരുന്ന ചില സന്ദേശങ്ങൾക്ക് ഇനി മുതൽ വാണിജ്യ സ്ഥാപനങ്ങൾ പണം നൽകേണ്ടിവരും. ഉദാഹരണത്തിന്, നിലവിൽ ഉപഭോക്താക്കളുടെ സന്ദേശങ്ങൾക്ക് 24 മണിക്കൂർ പരിധിക്കുള്ളിൽ മറുപടിനൽകാനും ഓർഡർ അപ്ഡേറ്റുകൾ അയക്കാനും സ്ഥാപനങ്ങൾക്ക് പണം നൽകേണ്ടിയിരുന്നില്ല. എന്നാൽ, ഒക്ടോബർ ഒന്ന് മുതൽ ഇതിൽ മാറ്റംവരും.
പരിമിതമായ എണ്ണം സന്ദേശങ്ങൾ സൗജന്യമാവുമെങ്കിലും ഓർഡർ സ്ഥിരീകരിക്കുക, ഡെലിവറി അപ്ഡേറ്റുകൾ അയയ്ക്കുക തുടങ്ങിയവപോലുള്ള യൂട്ടിലിറ്റി സന്ദേശങ്ങൾക്ക് 24 മണിക്കൂർ പരിധിക്കുള്ളിൽ അയച്ചാൽപോലും മെറ്റ നിശ്ചിത തുക ഈടാക്കും.
ശ്രദ്ധിക്കുക, ഇത് സാധാരണ വാട്സാപ്പ് ഉപയോക്താക്കളേയോ, വാട്സാപ്പ് ബിസിനസ് ആപ്പ് ഉപയോക്താക്കളേയോ ബാധിക്കുന്ന മാറ്റമല്ല. മറിച്ച് വാട്സാപ്പിന്റെ ബിസിനസ് പ്ലാറ്റ്ഫോമിന്റെ ഉപയോക്താക്കളായ വാണിജ്യസ്ഥാപനങ്ങൾക്കാണ് ബാധകമാവുക.
ഒക്ടോബർ ഒന്ന് മുതൽ വരുന്ന മാറ്റങ്ങളെന്തെല്ലാം?
ഇതുവരെ വാട്സാപ്പ് ബിസിനസ് പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന സ്ഥാപനങ്ങൾക്ക് ഉപഭോക്താവിൽനിന്ന് സന്ദേശം ലഭിച്ച് 24 മണിക്കൂറിനുള്ളിൽ സൗജന്യമായി മറുപടി നൽകാൻ സാധിച്ചിരുന്നു. ഉത്പന്നങ്ങളെക്കുറിച്ചോ ഓർഡറുകളെക്കുറിച്ചുള്ള സംശയങ്ങൾക്ക് മറുപടി നൽകുന്നതും ഓർഡർ സ്ഥിരീകരണങ്ങളും ഡെലിവറി അപ്‌ഡേറ്റുകൾ അയക്കുന്നതും ഇതിൽ ഉൾപ്പെട്ടിരുന്നു.
ഒക്ടോബർ ഒന്ന് മുതൽ, ഈ 24 മണിക്കൂർ സമയപരിധിക്കുള്ളിൽ അയക്കുന്ന ഓർഡർ അപ്‌ഡേറ്റുകൾക്കും മറ്റ് യൂട്ടിലിറ്റി സന്ദേശങ്ങൾക്കും ബിസിനസ് സ്ഥാപനങ്ങളിൽനിന്ന് മെറ്റ ഫീസ് ഈടാക്കിതുടങ്ങും. ഉപഭോക്താക്കളുടെ സംശയങ്ങൾക്കുള്ള മറുപടികൾ ഒരു ബിസിനസ് ഫോൺ നമ്പറിന് പ്രതിമാസം ആദ്യത്തെ 1,000 സർവീസ് സന്ദേശങ്ങൾവരെ സൗജന്യമായി തുടരും. അതിനുശേഷം, അധികമായി അയക്കുന്ന മറുപടികൾക്ക് സ്ഥാപനങ്ങൾ പണം നൽകേണ്ടിവരും.
24 മണിക്കൂറിന് ശേഷം അയക്കുന്ന യൂട്ടിലിറ്റി സന്ദേശങ്ങൾക്ക് നിലവിൽ ഫീസ് ഈടാക്കുന്നുണ്ട്. അതിനാൽ ആ രീതിക്ക് മാറ്റമുണ്ടാവില്ല.
വാട്സാപ്പ് ബിസിനസ് സന്ദേശമയക്കാൻ എത്ര ചെലവ് വരും?
ജിഎസ്ടി ഇല്ലാതെ, ഓരോ സന്ദേശത്തിനും 0.115 രൂപയാണ് മെറ്റ ഈടാക്കുക. 18 ശതമാനം ജിഎസ്ടി ഉൾപ്പെടെ ഇത് 0.136 രൂപയായി വരും. സെപ്റ്റംബർ 30 വരെ, ഉപഭോക്താവ് സന്ദേശം അയച്ച് 24 മണിക്കൂറിനുള്ളിൽ ബിസിനസ് സ്ഥാപനങ്ങൾക്ക് യൂട്ടിലിറ്റി സന്ദേശങ്ങൾ സൗജന്യമായി അയക്കാം. ഒക്ടോബർ ഒന്നുമുതൽ ജി.എസ്ടി കൂടാതെ ഡെലിവറി ചെയ്യുന്ന ഓരോ യൂട്ടിലിറ്റി സന്ദേശത്തിനും മുകളിൽ പറഞ്ഞ തുക നൽകണം.
കൂടാതെ, ഓരോ ബിസിനസ് ഫോൺ നമ്പറിനും പ്രതിമാസം ആദ്യത്തെ 1,000 സർവീസ് മറുപടികൾ സൗജന്യമായിരിക്കും. ഇതിന് ശേഷമായിരിക്കും നിശ്ചിത നിരക്ക് ഈടാക്കുക. ഉദാഹരണത്തിന്, ഇന്ത്യയിലെ ഒരു ബിസിനസ് സ്ഥാപനം ഒരു മാസത്തിൽ 1,500 സർവീസ് മറുപടികൾ അയക്കുകയാണെങ്കിൽ, ആദ്യത്തെ 1,000 എണ്ണം സൗജന്യമായിരിക്കും. ശേഷിക്കുന്ന 500 എണ്ണത്തിന് പണം നൽകേണ്ടിവരും.
എന്നാൽ, ഫേസ്ബുക്ക് പേജുകളിലെ ക്ലിക്ക്-ടു-വാട്സാപ്പ് പരസ്യങ്ങൾ വഴിയോ കോൾ-ടു-ആക്ഷൻ ബട്ടണുകൾ വഴിയോ സന്ദേശങ്ങൾ സ്വീകരിക്കുന്ന ബിസിനസ് സ്ഥാപനങ്ങൾക്ക് നിലവിലുള്ള 72 മണിക്കൂർ സൗജന്യ സമയപരിധി മെറ്റ തുടരുന്നുണ്ട്. ഈ മൂന്ന് ദിവസങ്ങളിൽ, ഫീസ് നൽകാതെതന്നെ ബിസിനസ് സ്ഥാപനങ്ങൾക്ക് ഉപഭോക്താക്കൾക്ക് സന്ദേശങ്ങൾ അയക്കാം.
ഈ മാറ്റമൊക്കെ വന്നാലും വാണിജ്യസ്ഥാപനങ്ങളുടെ ഉപഭോക്താക്കളെ ഇതൊന്നും ബാധിക്കില്ല. വാണിജ്യ സ്ഥാപനങ്ങൾക്ക് സന്ദേശങ്ങൾ അയക്കുന്നതിനോ വാട്സാപ്പിൽ മറുപടികളും അപ്‌ഡേറ്റുകളും സ്വീകരിക്കുന്നതിനോ വ്യക്തിഗത ഉപയോക്താക്കൾ പണം നൽകേണ്ടിവരില്ല.
Content Highlights: Meta is revising its WhatsApp Business platform pricing starting October 1, introducing charges for certain utility messages and order updates sent within the 24-hour customer service window, though regular users remain unaffected.
Published: 29 Sept 2026, 09:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented