
കല്പറ്റ: വയനാട് പോലീസിന്റെ സ്പെഷ്യൽ ഡ്രൈവിൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി രണ്ടാഴ്ചയ്ക്കിടെ തിരിച്ചെടുത്ത് ഉടമസ്ഥർക്ക് കൈമാറിയത് നഷ്ടപ്പെട്ട 43 മൊബൈൽ ഫോണുകൾ. ഫെബ്രുവരി 20 മുതൽ മാർച്ച് ഏഴുവരെ നടത്തിയ ഡ്രൈവിലാണ് ഇത്രയും ഫോണുകൾ കണ്ടെത്തിയത്. 2019 മുതൽ ഇതുവരെ 367 മൊബൈൽ ഫോണുകളാണ് പോലീസ് ഉടമസ്ഥർക്ക് കണ്ടെത്തിനൽകിയത്. സി.ഇ.ഐ.ആർ. പോർട്ടലിന്റെ സഹായത്തോടെയാണ് ജില്ലയിലെ വിവിധ സ്റ്റേഷൻ പരിധികളിൽനിന്ന് നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ കണ്ടെത്തിയത്. ബത്തേരി സ്റ്റേഷനാണ് കൂടുതൽ മൊബൈൽ ഫോണുകൾ കണ്ടെത്തിനൽകിയത്. 56 ഫോണുകളാണ് ഉടമസ്ഥർക്ക് കൈമാറിയത്. കല്പറ്റ സ്റ്റേഷൻ 49 ഫോണുകളും പുല്പള്ളി സ്റ്റേഷൻ 43 ഫോണുകളും മാനന്തവാടി സ്റ്റേഷൻ 29 ഫോണുകളും മേപ്പാടി സ്റ്റേഷൻ 28 ഫോണുകളും ഇതുവരെ കണ്ടെത്തിനൽകി. ജില്ലയ്ക്കകത്തുനിന്നും പുറത്തുനിന്നും ഇതരസംസ്ഥാനങ്ങളിൽനിന്നുമാണ് ഫോണുകൾ കണ്ടെത്തിയത്.
കേരളപോലീസിന്റെ `n എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തതിനാൽ നഷ്ടമായ ഫോണിൽ സിം മാറ്റിയിടുമ്പോൾ നോട്ടിഫിക്കേഷൻ ലഭിക്കും. ഈ നോട്ടിഫിക്കേഷൻ വഴിയാണ് ഫോണിന്റെ ലൊക്കേഷൻ കണ്ടെത്തുന്നതും ഫോൺ കൈവശംവെച്ച ആളിലേക്ക് പോലീസ് എത്തുന്നതും.
മൊബൈൽഫോൺ നഷ്ടപ്പെട്ടാൽ
- എത്രയുംവേഗം പോലീസിൽ പരാതിനൽകുക. കേരള പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ പൊൽ-ആപ്പ് (POL-APP) വഴിയോ തുണ വെബ് പോർട്ടൽ വഴിയോ പോലീസ് സ്റ്റേഷനിൽ നേരിട്ടോ പരാതിനൽകാം. പരാതിയിൽ ഫോണിന്റെ ഐ.എം.ഇ.ഐ. നമ്പർ കൃത്യമായി രേഖപ്പെടുത്തണം
- സിംകാർഡിന്റെ ഡ്യൂപ്ലിക്കേറ്റ് എടുക്കുക
- www.ceir.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുന്നതിലൂടെ നഷ്ടപ്പെട്ട ഫോൺ ബ്ലോക്കുചെയ്യാം. ഈ വെബ്സൈറ്റിൽ ചുവന്ന നിറത്തിലുള്ള ബട്ടനിൽ Block Stolen/Lost Mobile എന്ന ഓപ്ഷൻ കാണാം. അതിൽ പരാതിയുടെ പകർപ്പ്, തിരിച്ചറിയൽരേഖ ഏതെങ്കിലും, ഫോൺ വാങ്ങിയതിന്റെ ഇൻവോയ്സ് തുടങ്ങിയ രേഖകളുടെ പിൻബലത്തോടെ അപേക്ഷ സമർപ്പിച്ചാൽ നിങ്ങൾ നൽകിയ ഐ.എം.ഇ.ഐ. നമ്പർ ബ്ലോക്ക് ചെയ്യപ്പെടും. പിന്നീട് ഒരു സിംകാർഡും ഈ ഫോണിൽ പ്രവർത്തിക്കുകയില്ല. ഫോൺ ഈ രീതിയിൽ ബ്ലോക്കുചെയ്താലും ട്രാക്ക് ചെയ്യാൻ പോലീസിന് സാധിക്കും. ഇങ്ങനെയുള്ള അപേക്ഷയിൽ നിങ്ങൾക്ക് ഒരു റിക്വസ്റ്റ് ഐ.ഡി. ലഭിക്കും. ഈ റിക്വസ്റ്റ് ഐ.ഡി. ഉപയോഗിച്ച് നിങ്ങളുടെ അപേക്ഷയുടെ നിലവിലെ അവസ്ഥ പരിശോധിക്കുകയും ചെയ്യാം.
- നഷ്ടപ്പെട്ട ഫോൺ തിരിച്ചുകിട്ടിയാൽ www.ceir.gov.in വെബ്സൈറ്റിൽത്തന്നെ അൺബ്ലോക്ക് ചെയ്യുന്നതിനുള്ള ബട്ടൺ കാണാം. ഇത് ക്ലിക്ക് ചെയ്ത് റിക്വസ്റ്റ് ഐ.ഡി. നൽകിയതിനുശേഷം അൺബ്ലോക്ക് ചെയ്യാനുള്ള കാരണം വ്യക്തമാക്കണം. അൺബ്ലോക്ക് ചെയ്ത ഫോണിൽ പിന്നീട് സിംകാർഡ് ഇട്ട് ഉപയോഗിക്കാം
- നഷ്ടമായ സ്മാർട്ട്‌ഫോണിൽ സ്വകാര്യവിവരങ്ങൾ ഉണ്ടെങ്കിൽ അവ നിങ്ങൾക്കുതന്നെ ഡിലീറ്റ് ചെയ്യാൻ https://www.google.com/android/find/ എന്ന ഗൂഗിൾ ലിങ്ക് ഉപയോഗിക്കാം. നഷ്ടമായ ഫോണിൽ സൈൻ ഇൻ ചെയ്യാൻ ഉപയോഗിച്ചിരുന്ന അക്കൗണ്ട് ലോഗിൻ വിവരങ്ങൾ ഉപയോഗിച്ചുകൊണ്ട് ഈ പേജിൽ ലോഗിൻ ചെയ്യുക. ഫോൺ റിങ് ചെയ്യിക്കാനും ലോക്ക് ചെയ്യാനുമുള്ള മാർഗങ്ങൾ ഈ പേജിൽ കാണാൻ കഴിയും. കൂടാതെ, ഇറേസ് ഡിവൈസ് എന്ന ഓപ്ഷൻ ഉപയോഗിച്ച് ഫോണിലെ വിവരങ്ങൾ പൂർണമായി ഡിലീറ്റുചെയ്യാനും സാധിക്കും. നഷ്ടപ്പെട്ട ഫോണിൽ ഉപയോഗിച്ച ഗൂഗിൾ അക്കൗണ്ട് സൈൻ ഇൻ ആണെങ്കിൽമാത്രമേ ഈ സേവനം ലഭിക്കുകയുള്ളൂ.
Content Highlights: Wayanad Police successfully recovered 43 lost mobile phones during a special two-week drive using the CEIR portal and provided a detailed guide for the public on how to report and track missing devices.
Published: 09 Mar 2026, 09:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented