ഇന്ത്യയിലെ പ്രധാന എഐ ഡാറ്റാ സെന്റർ ഇടനാഴികളെ ബന്ധിപ്പിക്കുന്ന അതിവേഗവും കുറഞ്ഞ ലേറ്റൻസിയുമുള്ള എഐ ഫൈബർ നെറ്റ്‌വർക്ക് ഒരുക്കാൻ ഏകദേശം 450 ദശലക്ഷം ഡോളർ (ഏകദേശം 4,000 കോടി രൂപ) നിക്ഷേപിക്കാനൊരുങ്ങി ടാറ്റ കമ്മ്യൂണിക്കേഷൻസ്. ഇതിന്റെ ഭാഗമായി രാജ്യത്തുടനീളം ഏകദേശം 10,000 കിലോമീറ്റർ ദൈർഘ്യമുള്ള പുതിയ ദീർഘദൂര ഫൈബർ ശൃംഖല കമ്പനി നിർമിക്കും. വരുംതലമുറ എഐ ആവശ്യങ്ങൾക്ക് കണക്ടിവിറ്റി ഒരുക്കുന്ന ഈ നെറ്റ്‌വർക്കിന് 'എഐ സൂപ്പർ ഹൈവേ' എന്നാണ് പേര് നൽകിയിരിക്കുന്നത്.

To advertise here,

മൂന്ന് മുതൽ അഞ്ച് വർഷം വരെയുള്ള കാലയളവിൽ ഈ ഫൈബർ നെറ്റ്‌വർക്ക് നിർമാണം പൂർത്തിയാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ടാറ്റ കമ്മ്യൂണിക്കേഷൻസിന്റെ ചീഫ് പ്രൊഡക്ട് ആൻഡ് ടെക്നോളജി ഓഫീസറും എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും നെറ്റ്‌വർക്ക് സർവീസസ് ഗ്ലോബൽ ബിസിനസ് ഹെഡുമായ രൂപേഷ് ചോക്ഷി പറഞ്ഞു.

മുംബൈ-പുണെ–ഹൈദരാബാദ്-ചെന്നൈ പാതയായിരിക്കും ആദ്യ ഘട്ടം. രണ്ടാംഘട്ടത്തിൽ ഹൈദരാബാദ്, വിശാഖപട്ടണം, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള പ്രാദേശിക ശൃംഖല വിപുലീകരിക്കും. തുടർന്നുള്ള ഘട്ടങ്ങളിൽ കിഴക്ക് ഭുവനേശ്വറിലേക്കും പടിഞ്ഞാറ് ഗുജറാത്തിലേക്കും ശൃംഖല വ്യാപിപ്പിക്കും. ഗിഫ്റ്റ് സിറ്റി, ജാംനഗർ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളെയും ഇതിലൂടെ ബന്ധിപ്പിക്കും.

എഐ ആവശ്യങ്ങൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഈ നെറ്റ്‌വർക്കിൽ ഡാറ്റാ സെന്റർ-ടു-ഡാറ്റാ സെന്റർ (DC-to-DC) ശൃംഖല, അൾട്രാ-ലോ ലേറ്റൻസി, 7.2 പെറ്റാബൈറ്റ് (7.2 PB) വൻ ശേഷി എന്നിവ ലഭ്യമാകും. ടാറ്റ കമ്മ്യൂണിക്കേഷൻസിന്റെ നിലവിലുള്ള 5,00,000 കിലോമീറ്ററിലധികം വരുന്ന കടലിനടിയിലെ ഫൈബർ നെറ്റ്‌വർക്കിലേക്കും 2,00,000 കിലോമീറ്ററിലധികം വരുന്ന ഭൗമ ശൃംഖലയിലേക്കും ഇത് സംയോജിപ്പിക്കും.

25 വർഷത്തോളം ഈ ശൃംഖല ഉപയോഗിക്കാനാവുമെന്നാണ് കണക്കാക്കുന്നത്. കമ്പനി സ്വന്തം ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കുന്നതിലുപരി, ഒന്നിലധികം ഉപഭോക്താക്കൾക്ക് വാടകയ്ക്ക് നൽകാവുന്ന വാണിജ്യ ശൃംഖലയായാണ് ഒരുക്കുന്നത്. ഇന്ത്യയെ ആഗോള എഐ, ക്ലൗഡ് കണക്റ്റിവിറ്റി ഗേറ്റ്‌വേയായി ഉയർത്താനും വൻകിട ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്ക് ഇന്ത്യയിൽ പ്രവർത്തനം വിപുലീകരിക്കാനും ഈ വൻപദ്ധതി സഹായകമാകും.