സ്റ്റോറുകളിൽ നിന്ന് മോഷ്ടിക്കപ്പെട്ട ഫോണുകൾ പ്രവർത്തനരഹിതമാക്കാൻ കഴിയുന്ന 'കിൽ സ്വിച്ച്' ഏർപ്പെടുത്തി യു.കെയിലെ രണ്ട് മൊബൈൽ നെറ്റ്‌വർക്ക് പ്രൊവൈഡർമാർ. വെർജിൻ മീഡിയ O2, വോഡാഫോൺ ത്രീ എന്നിവയാണ് പുതിയ സംവിധാനം അവതരിപ്പിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.

To advertise here,

ആപ്പിൾ, സാംസങ് തുടങ്ങിയ നിർമ്മാതാക്കൾ മോഷണം തടയുന്നതിനുള്ള ഇത്തരം നടപടികളിൽ നേരത്തെ എതിർപ്പ് അറിയിച്ചിരുന്നു. എന്നാൽ മോഷണം റിപ്പോർട്ട് ചെയ്യുന്ന നിമിഷം തന്നെ ഉപകരണങ്ങൾ പ്രവർത്തനരഹിതമാക്കുന്ന സാങ്കേതികവിദ്യയാണ് രണ്ട് കമ്പനികൾ അവതരിപ്പിച്ചിട്ടുള്ളത്. മോഷ്ടിക്കപ്പെട്ട ഫോണുകൾ വിപണിയിലെത്തുന്നത് തടയാനുള്ള നീക്കത്തിന്റെ ഭാഗമായാണിത്. ലണ്ടനിൽ മാത്രം കഴിഞ്ഞ വർഷം 70,000-ൽ അധികം ഫോൺ മോഷണങ്ങൾ നടന്നുവെന്നാണ് റിപ്പോർട്ടുകൾ.

പുതിയ സാങ്കേതികവിദ്യ വിൽക്കാത്ത ഡിവൈസുകളിൽ മാത്രമേ സാധ്യമാകൂ. സ്‌റ്റോറിൽനിന്ന് മോഷ്ടിക്കപ്പെട്ട ഫോൺ ഓൺ ചെയ്യുമ്പോൾ നിർമ്മാതാക്കൾ പ്രവർത്തിപ്പിക്കുന്ന ഡാറ്റാബേസിൽ ഇത് ചേർക്കപ്പെടുന്നു. തുടർന്ന് അത് പ്രവർത്തന രഹിതമാക്കാനുള്ള നീക്കം ആരംഭിക്കുന്നു. വിൽപന കഴിഞ്ഞാൽ ഓപ്പറേറ്റർക്ക് ഫോൺ പ്രവർത്തനരഹിതമാക്കാൻ കഴിയില്ല ഫോണിന്റെ ഉടമസ്ഥാവകാശം അവരിൽ നിന്ന് മാറിയിട്ടുണ്ടാകും എന്നതാണ് കാരണം. മൊബൈൽ ഫോൺ സ്റ്റോറുകളിൽ സംഘടിതമായ കവർച്ച നടത്തുന്നത് തടയുകയാണ് ഇതിന്റെ ലക്ഷ്യം.

വോഡാഫോൺ സ്റ്റോറിൽ നിന്ന് 20,000 പൗണ്ട് വിലമതിക്കുന്ന ഉപകരണങ്ങൾ മോഷ്ടിച്ചതിന് രണ്ടുപേർക്ക് ശിക്ഷ ലഭിക്കുകയും O2 ഷോപ്പിൽ കൊള്ള നടത്താൻ ശ്രമിച്ച സംഭവത്തിൽ ആറ് പേർ കുറ്റം സമ്മതിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഈ നടപടി.

യു.കെയിലെ പോലീസ് മോഷ്ടിക്കപ്പെട്ട ഫോണുകൾ പ്രവർത്തനരഹിതമാക്കാൻ കഴിയുന്ന സാങ്കേതികവിദ്യ അവതരിപ്പിക്കാൻ നേരത്തെതന്നെ കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. യുകെയിലെ മൂന്ന് നെറ്റ്‌വർക്ക് ഓപ്പറേറ്റർമാരെ പ്രതിനിധീകരിക്കുന്ന മൊബൈൽ യുകെ ഫോൺ മോഷണം നേരിടാൻ സർക്കാർ സഹായം തേടി അധികൃതർക്ക് കത്തയയ്ക്കുകയും ചെയ്തിരുന്നു.