ബഹിരാകാശയാത്രയ്ക്ക് ടിക്കറ്റ് വില്‍പന വീണ്ടും ആരംഭിച്ചിരിക്കുകയാണ് ബ്രിട്ടീഷ് കോടീശ്വരനായ റിച്ചാര്‍ഡ് ബ്രാന്‍സണും അദ്ദേഹത്തിന്റെ വിര്‍ജിന്‍ ഗലാക്ടിക് കമ്പനിയും. ഫെബ്രുവരി 16 മുതലാണ് പൊതുജനങ്ങള്‍ക്ക് ടിക്കറ്റെടുക്കാനുള്ള അവസരം. പക്ഷേ മുന്‍പത്തേതിനേക്കാള്‍ വില കൂട്ടിയാണ് ഇത്തവണ ടിക്കറ്റ് വില്‍പന. 4.5 ലക്ഷം ഡോളറാണ് (3.33 കോടി) ടിക്കറ്റ് വില. ഒരാള്‍ക്ക് ഒന്നിലധികമോ പേടകത്തിലെ മൊത്തം സീറ്റുകളോ ബുക്ക് ചെയ്യാന്‍ അവസരമുണ്ട്.

To advertise here,

ആദ്യം ഒന്നരലക്ഷം ഡോളര്‍ നല്‍കി (1.13 കോടി) ടിക്കറ്റ് ഉറപ്പാക്കാം. ബാക്കി തുക യാത്രയ്ക്ക് മുന്‍പായി നല്‍കിയാല്‍ മതി. ഇതിനായി വിര്‍ജിന്‍ ഗാലക്ടികിന്റെ വെബ്‌സൈറ്റില്‍ അപേക്ഷ നല്‍കി ടിക്കറ്റ് ബുക്ക് ചെയ്യാം. 2021 ഓഗസ്റ്റില്‍ ഈ രീതിയില്‍ 100 ടിക്കറ്റുകള്‍ വിറ്റതായി കമ്പനി പറയുന്നു. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് പറക്കണമെങ്കില്‍ അല്‍പം കാത്തിരിക്കേണ്ടി വരും. 2022-ല്‍ 200 ടിക്കറ്റുകള്‍ വില്‍ക്കാനാണ് കമ്പനിയുടെ പദ്ധതി 

placeholder
വിർജിൻ ഗാലക്ടികിന്റെ പുതിയ ലോഗോ | Photo: Virgin Galactic

2004 ല്‍ ആരംഭിച്ച വിര്‍ജിന്‍ ഗാലക്ടിക് ആദ്യമായി ടിക്കറ്റ് വില്‍പന നടത്തിയത് പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. അന്ന് 2.5 ലക്ഷം ഡോളര്‍ (1.87 കോടി രൂപ) ആയിരുന്നു ടിക്കറ്റ് വില. മലയാളിയായ സന്തോഷ് ജോര്‍ജ് കുളങ്ങര അടക്കം 60 രാജ്യങ്ങളില്‍ നിന്നായി 600-ഓളം പേരാണ് ടിക്കറ്റെടുത്ത് കാത്തിരിക്കുന്നത്. 

ബഹിരാകാശ ടൂറിസം പരിപാടിയില്‍ അംഗമാകുന്ന ആദ്യ ഇന്ത്യക്കാരനാണ് സന്തോഷ് ജോര്‍ജ് കുളങ്ങര. ഇവര്‍ക്കായി ആസ്ട്രോനട്ട് റെഡിനസ് പ്രോഗ്രാം (Astronaut Readiness Programme) എന്നപേരില്‍ പരിശീലന പരിപാടിയും സംഘടിപ്പിച്ചിരുന്നു. ബഹിരാകാശ സഞ്ചാര സമയത്ത് ധരിക്കുന്ന പ്രത്യേകം രൂപകല്‍പന ചെയ്ത അണ്ടര്‍ ആര്‍മര്‍ സ്പേസ് സ്യൂട്ട് ധരിപ്പിച്ചാണ് സഞ്ചാരികള്‍ക്ക് പരിശീലനം. 

വിര്‍ജിന്‍ ഗാലക്ടികിന്റെ സ്‌പേസ് പ്ലെയിനുകളിലൊന്നിലാണ് യാത്രക്കാര്‍ യാത്ര ചെയ്യുക. 'വൈറ്റ് നൈറ്റ് റ്റു' എന്ന് വിളിക്കുന്ന വലിയൊരു എയര്‍ക്രാഫ്റ്റ് കേരിയര്‍ എന്ന വിക്ഷേപണ വാഹനമാണ് 49000 അടി ഉയരം വരെ ഈ സ്‌പേസ് പ്ലെയിനുകളെ എത്തിക്കുക. ഈ ഉയരത്തിലെത്തിയാല്‍ വൈറ്റ് നൈറ്റ് റ്റു (White Knight Two) സ്‌പേസ് പ്ലെയിനില്‍ നിന്ന് വേര്‍പെടുകയും പ്ലെയിനില്‍ തന്നെയുള്ള റോക്കറ്റ് എഞ്ചിന്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയും ചെയ്യും. ഈ എഞ്ചിനാണ് യാത്രികര്‍ ഇരിക്കുന്ന സ്‌പേസ് പ്ലെയിനിനെ ബഹിരാകാശത്തേക്ക് കൊണ്ടുപോവുക. ഭൂമിയില്‍ നിന്നും 80 കിലോമീറ്ററിലേറെ ദൂരത്തേക്ക് പ്ലെയിന്‍ സഞ്ചരിക്കുന്നതോടെ യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റുകള്‍ നീക്കം ചെയ്ത് കാബിനില്‍ കുറച്ച് നേരം പറന്നു നടക്കാം. ശേഷം ഭൂമിയിലേക്ക് തിരിച്ചുവരുന്നതിനായി സ്‌പേസ് പ്ലെയിനിന്റെ ചിറകുകള്‍ ക്രമീകരിക്കുകയും വായുവില്‍ തെന്നിയിറങ്ങി സാധാരണ വിമാനങ്ങളെ പോലെ റണ്‍വേയില്‍ ഇറങ്ങുകയും ചെയ്യും.

ബഹിരാകാശ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി വിര്‍ജിന്‍ ഗാലക്ടികിന്റെ തന്നെ പേടകത്തില്‍ കഴിഞ്ഞ വര്‍ഷം ബ്രാന്‍സണും സംഘവും നടത്തിയ ബഹിരാകാശ യാത്രയും ചര്‍ച്ചയായിരുന്നു. ഇതോടെ മനുഷ്യനെ ആദ്യമായി ബഹിരാകാശത്തേക്കെത്തിച്ച സ്വകാര്യ സ്ഥാപനവും വിര്‍ജിന്‍ ഗാലക്ടിക് ആയിമാറി.

Content Highlights: Virgin Galactic plans to open ticket sales to the public for space trip