മുംബൈ: ഉയര്‍ന്ന തീരുവയേര്‍പ്പെടുത്തി ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് അമേരിക്കന്‍ ഭരണകൂടം വേലികെട്ടുമ്പോഴും നിര്‍മിത ബുദ്ധിയിലും ഡേറ്റാ സെന്ററിലും ഇന്ത്യയിലേക്ക് നിക്ഷേപമൊഴുക്കി അമേരിക്കന്‍ ടെക് ഭീമന്‍മാര്‍. ഗൂഗിളിനു പിന്നാലെ 1,750 കോടി ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ച് മൈക്രോസോഫ്റ്റും കൂടുതല്‍ നിക്ഷേപത്തിനു സന്നദ്ധതയറിയിച്ച് ഇ കൊമേഴ്‌സ് കമ്പനിയായ ആമസോണും വലിയ മത്സരത്തിനു കളമൊരുക്കുകയാണ്.

To advertise here,

ഗൂഗിള്‍ 1,500 കോടി ഡോളര്‍, മൈക്രോസോഫ്റ്റ് 1,750 കോടി ഡോളര്‍, ആമസോണ്‍ ആകെ 3,500 കോടി ഡോളര്‍ എന്നിങ്ങനെയാണ് നിക്ഷേപം പ്രഖ്യാപിച്ചിരിക്കുന്നത്. ഫെയ്‌സ്ബുക്ക് മാതൃകമ്പനിയായ മെറ്റ റിലയന്‍സുമായി ചേര്‍ന്ന് പത്തുകോടി ഡോളറിന്റെ നിക്ഷേപം നേരത്തേ പ്രഖ്യാപിച്ചിരുന്നു.

മൈക്രോസോഫ്റ്റ് : മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല ഡിസംബര്‍ ഒമ്പതിന് ഇന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷമാണ് നിര്‍മിത ബുദ്ധി, ക്ലൗഡ് മേഖലയില്‍ 1,750 കോടി ഡോളറിന്റെ (ഏകദേശം 1.5 ലക്ഷം കോടി രൂപ) നിക്ഷേപം പ്രഖ്യാപിച്ചത്. 2029-ഓടെ നിക്ഷേപപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. ഏഷ്യയില്‍ കമ്പനിയുടെ ഏറ്റവും വലിയ നിക്ഷേപ പദ്ധതികൂടിയാണിത്.

ആമസോണ്‍ : അടുത്ത അഞ്ചു വര്‍ഷംകൊണ്ട് ക്ലൗഡ്, വെബ് സര്‍വീസ്, നിര്‍മിത ബുദ്ധി, ലോജിസ്റ്റിക്‌സ്, ക്വിക് കൊമേഴ്‌സ് രംഗങ്ങളിലായി 3,500 കോടി ഡോളറിന്റെ (3.1 ലക്ഷം കോടി രൂപ) നിക്ഷേപമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തെലങ്കാനയിലെയും മഹാരാഷ്ട്രയിലെയും എഐ, വെബ് സര്‍വീസസ് ശേഷി ഉയര്‍ത്തുന്നതിനായി ഈ മാസം ആദ്യം 1,270 കോടി ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ചിരുന്നു. ഇതാണിപ്പോള്‍ 3,500 കോടി ഡോളറായി ഉയര്‍ത്തിയത്.

ഗൂഗിള്‍: ആന്ധ്രപ്രദേശിലെ വിശാഖ പട്ടണത്ത് നിര്‍മിതബുദ്ധി കേന്ദ്രമൊരുക്കുന്നതിന് 1,500 കോടി ഡോളറിന്റെ (ഏകദേശം 1.3 ലക്ഷം കോടി രൂപ) നിക്ഷേപമാണ് കഴിഞ്ഞ ഒക്ടോബറില്‍ ഗൂഗിള്‍ പ്രഖ്യാപിച്ചത്. അമേരിക്കയ്ക്കു പുറത്ത് ഗൂഗിളിന്റെ ഏറ്റവും വലിയ എഐ- ഡേറ്റ സെന്റര്‍ കാമ്പസായിരിക്കുമിത്. 2030-ഓടെ ഒരു ലക്ഷം തൊഴിലവസരങ്ങള്‍ ഉറപ്പാക്കാന്‍ ലക്ഷ്യമിടുന്നു.

മെറ്റ: ഫെയ്‌സ്ബുക്ക് മാതൃകമ്പനിയായ മെറ്റ, റിലയന്‍സുമായി ചേര്‍ന്നാണ് ഇന്ത്യയിലെ നിക്ഷേപ പദ്ധതികള്‍ക്കു രൂപം നല്‍കുന്നത്. വ്യവസായ സംരംഭങ്ങള്‍ക്കുള്ള എഐ പ്ലാറ്റ്‌ഫോം സേവനങ്ങള്‍ ഒരുക്കുന്നതിനായി സംയുക്ത കമ്പനിക്കുകീഴില്‍ റിലയന്‍സുമായി ചേര്‍ന്ന് 10 കോടി ഡോളറിന്റെ (855 കോടി രൂപ) നിക്ഷേപമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കൂടാതെ സിഫി ടെക്‌നോളജീസുമായി ചേര്‍ന്ന് വിശാഖ പട്ടണത്ത് 500 മെഗാവാട്ട് ഡേറ്റാ സെന്ററിനും കമ്പനി പദ്ധതിയിടുന്നുണ്ട്.