വാഷിങ്ടൺ: കുട്ടികളെയും യുവാക്കളെയും സാമൂഹികമാധ്യമ അടിമകളാക്കും വിധത്തിൽ പ്ലാറ്റ്ഫോമുകൾ രൂപകല്പന ചെയ്തുവെന്ന ആരോപണത്തിൽ മെറ്റ, ഗൂഗിൾ, ടിക് ടോക്, സ്‌നാപ്ചാറ്റ് തുടങ്ങിയ കമ്പനികൾ പ്രതിരോധത്തിൽ. ഇവക്കെതിരേ ഫയൽചെയ്ത 3,000-ത്തിലേറെ കേസുകൾ മുന്നോട്ടുകൊണ്ടുപോകാൻ യു.എസ്. അപ്പീൽകോടതി അനുമതി നൽകി. കമ്പനികൾ നൽകിയ ഹർജിതള്ളിയാണ് സാൻഫ്രാൻസിസ്‌കോ ഒൻപതാം സർക്യൂട്ട് അപ്പീൽകോടതിയുടെ വിധി. യു.എസ്. കമ്യൂണിക്കേഷൻസ് ഡീസൻസി നിയമം വകുപ്പ് 230 പ്രകാരമുള്ള സംരക്ഷണം ചൂണ്ടിക്കാട്ടി കേസുകൾ തള്ളണമെന്നായിരുന്നു കമ്പനികളുടെ ആവശ്യം.

To advertise here,

എന്നാൽ, ആ വാദം പരിഗണിച്ച് ഈ ഘട്ടത്തിൽ കേസുകൾ അവസാനിപ്പിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. കുട്ടികളുടെ ഓൺലൈൻ സുരക്ഷയും ടെക് കമ്പനികളുടെ ഉത്തരവാദിത്വവുംസംബന്ധിച്ച നിർണായക നിയമപോരാട്ടത്തിന് വഴിയൊരുക്കുന്നതാണ് വിധി.

സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകൾ ഉപയോക്താക്കളെ കൂടുതൽ സമയം ഓൺലൈനിൽ തുടരാൻ പ്രേരിപ്പിക്കുന്ന തരത്തിൽ ഫീച്ചറുകൾ മനഃപൂർവം രൂപകല്പന ചെയ്‌തെന്നും ഇത് കുട്ടികളുടെയും കൗമാരക്കാരുടെയും മാനസികാരോഗ്യത്തെ ബാധിച്ചെന്നും പരാതിക്കാർ ആരോപിക്കുന്നു. കമ്പനികൾ കുറ്റക്കാരാണെന്ന് കോടതി അന്തിമമായി വിധിച്ചിട്ടില്ലെങ്കിലും കേസുകൾ ഇനി കീഴ്ക്കോടതികളിൽ വിശദമായി പരിഗണിക്കപ്പെടും. വിവിധ സംസ്ഥാനങ്ങൾ, നഗരസഭകൾ, സ്‌കൂളുകൾ, ജില്ലകൾ, രക്ഷിതാക്കൾ, മറ്റുവ്യക്തികൾ തുടങ്ങിയവരാണ് കേസുകൾ നൽകിയത്.