ഹൈപ്പര്‍സോണിക് റോക്കറ്റ് ഉപയോഗിച്ചുള്ള കാര്‍ഗോ വിതരണം പരീക്ഷിക്കാന്‍ ലക്ഷ്യമിട്ട് ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സുമായി സഹകരിക്കാനുള്ള നീക്കം താത്കാലികമായി നിര്‍ത്തിവെച്ച് യുഎസ് എയര്‍ഫോഴ്സ്. പസഫിക് വന്യജീവി സങ്കേതമായ ജോണ്‍സ്റ്റണ്‍ അറ്റോളില്‍ നിന്ന് പരീക്ഷണം നടത്താനായിരുന്നു നീക്കം. എന്നാല്‍ നിരവധി കടല്‍ പക്ഷികള്‍ക്ക് ഈ പരീക്ഷണം അപകടമുണ്ടാക്കുമെന്ന് ജീവശാസ്ത്രജ്ഞരും വിദഗ്ധരുമടക്കം മുന്നറിയിപ്പ് നല്കി. സ്പേസ് എക്സ് വികസിപ്പിച്ചെടുത്തവ പോലുള്ള വാണിജ്യ റോക്കറ്റുകള്‍ ഉപയോഗിച്ച് ഏകദേശം 90 മിനിറ്റിനുള്ളില്‍ ഭൂമിയിലെവിടെയും 100 ടണ്‍ വരെ കാര്‍ഗോ എത്തിക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിയുടെ പരീക്ഷണങ്ങള്‍ നടത്താനായിരുന്നു നീക്കം.
ഭൂമിയിലെ ഏത് വിദൂര പ്രദേശങ്ങളിലേക്കും സൈനിക ഉപകരണങ്ങളും ആയുധങ്ങളമടക്കം വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ എത്തിക്കാന്‍ കഴിയുന്ന തരത്തിലേക്ക് മുന്നേറാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പരീക്ഷണം. അതിനാല്‍ നിലവിലെ സൈനിക നീക്കങ്ങളില്‍ വലിയ മാറ്റമുണ്ടാക്കാന്‍ പരീക്ഷണം വഴിതെളിക്കുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. എന്നാല്‍ ഈ പദ്ധതിക്കായി എയര്‍ഫോഴ്സ് ഇപ്പോള്‍ മറ്റുസ്ഥലങ്ങള്‍ തേടുകയാണെന്നാണ് ഉന്നത വൃത്തങ്ങളില്‍നിന്നുള്ള വിവരം. പദ്ധതിയുടെ പരിസ്ഥിതി ആഘാതം വിലയിരുത്താനും നീക്കങ്ങള്‍ നടക്കുന്നുണ്ട്. അതിനിടെ സഹകരണം നിര്‍ത്തിവെക്കുന്നത് സംബന്ധിച്ച വാര്‍ത്തകളോട് യു.എസ് എയര്‍ഫോഴ്സോ സ്പേസ് എക്സോ പ്രതികരിച്ചില്ല.
2.6 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ജോണ്‍സ്റ്റണ്‍ അറ്റോളില്‍ 14 ഇനം ഉഷ്ണമേഖലാ പക്ഷികളുണ്ട്. ഈ പദ്ധതി അവയെ ഗുരുതരമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് ജീവശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്കിരുന്നു. എന്നാല്‍ പരിസ്ഥിതിയുമായി ബന്ധപ്പെട്ട് ഉയരുന്ന ഇത്തരം പ്രശ്നങ്ങള്‍ സ്പേസ് എക്സിനെ സംബന്ധിച്ച് പുത്തരിയല്ല. കഴിഞ്ഞ വര്‍ഷം ടെക്സസിലെ ബൊക്കാ ചിക്കയില്‍ നടന്ന ഒരു സ്റ്റാര്‍ഷിപ്പ് റോക്കറ്റ് വിക്ഷേപണം സംരക്ഷിത പ്ലോവര്‍ തീരദേശ പക്ഷികളുടെ കൂടുകളും മുട്ടകളും നശിപ്പിച്ചിരുന്നു. ഇത് നിയമപരമായ പ്രശ്നങ്ങളിലേക്ക് നയിച്ചു. ഈ സംഭവത്തെത്തുടര്‍ന്ന് പ്രായശ്ചിത്തമായി താന്‍ ഒരാഴ്ചത്തേക്ക് ഓംലെറ്റ് കഴിക്കില്ല എന്ന് ഇലോണ്‍ മസ്ക് അന്ന് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ ചുറ്റിപ്പറ്റിയുള്ള പാരിസ്ഥിതിക വിവാദങ്ങളിലേക്ക് ഈ പരാമര്‍ശം ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. സ്പേസ് എക്സ് വിക്ഷേപണത്തിന്റെ പാരിസ്ഥിതിക ആഘാതം വ്യക്തമാക്കിക്കൊണ്ട് ഒരു പത്രം പ്രസിദ്ധീകരിച്ച ലേഖനത്തിന് മറുപടിയായാണ് ഈ പ്രതിജ്ഞയെടുത്തത്.
Content Highlights: US Air Force cancels SpaceX hypersonic cargo delivery plan from Johnston Atoll
Published: 08 Jul 2025, 12:53 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented