അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ 18 ദിവസത്തെ വാസത്തിനുശേഷം വ്യോമസേനാ ഗ്രൂപ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല ഭൂമിയിലേക്ക് തിരിച്ചുവരുന്നു. ഇന്ത്യന്‍ സമയം വൈകീട്ട് 4.35-ന് ക്രൂ ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍നിന്ന് അണ്‍ഡോക് ചെയ്തു. ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെ പേടകം കാലിഫോര്‍ണിയാ തീരത്തിനടുത്ത് ശാന്തസമുദ്രത്തില്‍ സ്പ്ലാഷ് ഡൗണ്‍ ചെയ്യും. അതിനുശേഷം യാത്രികരെ പേടകത്തില്‍നിന്ന് പുറത്തെത്തിച്ച് ബോട്ടുകളില്‍ പുനരധിവാസകേന്ദ്രത്തിലേക്ക് കൊണ്ടുപോകും. ഭൂഗുരുത്വവുമായി പൊരുത്തപ്പെടുന്നതിനായി ഏഴുദിവസം ശുഭാംശു അവിടെയായിരിക്കും. നാസയുടെയും സ്‌പേസ് എക്‌സിന്റെയും മിഷന്‍ കണ്‍ട്രോളില്‍നിന്ന് അന്തിമ അനുമതി ലഭിച്ചശേഷമാണ് ഡ്രാഗണ്‍ ബഹിരാകാശ പേടകം ബഹിരാകാശ നിലയത്തില്‍ നിന്ന് വേര്‍പെടുത്തിയത്.

To advertise here,

പേടകത്തിന്റെ ഫ്‌ളൈറ്റ് കമ്പ്യൂട്ടറാണ് മടക്കയാത്ര മുഴുവന്‍ നിയന്ത്രിക്കുന്നത്. നാല് ബഹിരാകാശ യാത്രികരും മടക്കയാത്രയ്ക്കിടെ നിര്‍ദ്ദേശങ്ങളൊന്നും നല്‍കേണ്ടതില്ല. പൂര്‍ണ്ണമായും സ്വയം നിയന്ത്രിച്ചാവും ഡ്രാഗണ്‍ ബഹിരാകാശ പേടകം ഭൂമിയിലേക്ക് മടങ്ങുക. 

അണ്‍ഡോക്ക് ചെയ്യുന്നതിനുമുമ്പ് പേടകത്തിന്റെ വാതില്‍ അടയ്ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. ഞായറാഴ്ച വൈകീട്ട് എക്‌സ്‌പെഡിഷന്‍ 73 ദൗത്യത്തിന്റെ ഭാഗമായി നിലയത്തിലുള്ള മറ്റ് ഏഴ് ശാസ്ത്രജ്ഞര്‍ നാല്‍വര്‍സംഘത്തിന് ഔദ്യോഗിക യാത്രയയപ്പ് നല്‍കിയിരുന്നു. ആറ് രാജ്യങ്ങളില്‍നിന്നുള്ള വിഭവങ്ങള്‍ ഉള്‍പ്പെടുത്തി ഇവര്‍ നേരത്തേ സംഘാംഗങ്ങള്‍ക്ക് വിരുന്നും നല്‍കിയിരുന്നു. മാമ്പഴംകൊണ്ടുള്ള മറാത്തിവിഭവമായ ആംരസും കാരറ്റ് ഹല്‍വയും ഉള്‍പ്പെട്ട വിരുന്നാണ് ശാസ്ത്രജ്ഞര്‍ ശുഭാംശു ഉള്‍പ്പെട്ട സംഘത്തിന് നല്‍കിയത്.