മൊബൈല്‍ ഫോണ്‍ രംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനിടയുള്ള സുപ്രധാന കരാറില്‍ ഏര്‍പ്പെട്ട് ഇലോണ്‍ മസ്‌ക് നേതൃത്വം നല്‍കുന്ന ബഹിരാകാശ സംരംഭമായ സ്‌പേസ് എക്‌സ്. യുഎസ് ആസ്ഥാനമായുള്ള എക്കോസ്റ്റാറില്‍നിന്ന് ഏകദേശം 17 ബില്യണ്‍ (17,00 കോടി) ഡോളറിന് വയര്‍ലെസ് സ്‌പെക്ട്രം ലൈസന്‍സുകള്‍ വാങ്ങാന്‍ കമ്പനി ധാരണയിലെത്തി. സ്‌പേസ് എക്‌സിന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്കിനെ മൊബൈല്‍ കണക്റ്റിവിറ്റിയിലേക്ക് വികസിപ്പിക്കാന്‍ ഈ സ്‌പെക്ട്രം ഉപയോഗിക്കും. ഇതോടെ ഭാവിയില്‍ സ്‌പേസ് എക്‌സ് പിന്തുണയ്ക്കുന്ന ഒരു 5ജി നെറ്റ്‌വര്‍ക്കിനുള്ള സാധ്യതയാണ് തെളിയുന്നതെന്ന് നിരീക്ഷകര്‍ പറയുന്നു.
യുഎസില്‍ വെറൈസണ്‍, എടിആന്‍ഡ്ടി, ടി-മൊബൈല്‍ തുടങ്ങിയ ഭീമന്മാര്‍ നിലവില്‍ നേതൃത്വം നല്‍കുന്ന ടെലികോം വ്യവസായരംഗം ഈ നീക്കത്തെ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. ഈ നീക്കത്തിലൂടെ സ്റ്റാര്‍ലിങ്കിനെ ഒരു ഉപഗ്രഹ ബ്രോഡ്ബാന്‍ഡ് ദാതാവായി മാത്രമല്ല, മൊബൈല്‍ നെറ്റ്‌വര്‍ര്‍ക്ക് രംഗത്തെ ഒരു പ്രധാന കമ്പനിയായും മസ്‌ക് മാറ്റിയെടുത്തേക്കും.
നിലവിലുള്ള ഓപ്പറേറ്റര്‍മാര്‍ക്ക് പരിമിതമായ കവറേജ് നല്‍കുന്ന വിദൂര - ഗ്രാമീണ മേഖലകളിലായിരിക്കും ഇതിന്റെ ഏറ്റവും വലിയ സ്വാധീനമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. മസ്‌ക് തന്നെ ഇതേക്കുറിച്ച് നേരത്തെ സൂചന നല്‍കിയിട്ടുണ്ട്. എവിടെ നിന്നും വീഡിയോകള്‍ കാണാന്‍ സാധിക്കണം എന്നതായിരിക്കും പുതിയ സ്‌പെക്ട്രം കരാറിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
കരാറിന്റെ ഭാഗമായി എക്കോസ്റ്റാറിന്റെ ബൂസ്റ്റ് മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് സ്റ്റാര്‍ലിങ്കിന്റെ ഡയറക്ട്-ടു-സെല്‍ സേവനവും ലഭ്യമാകും. പരമ്പരാഗത നെറ്റ്വര്‍ക്കുകള്‍ക്ക് എത്താന്‍ കഴിയാത്ത സ്ഥലങ്ങളിലേക്ക് കണക്റ്റിവിറ്റി വ്യാപിപ്പിക്കാന്‍ ഇത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബൂസ്റ്റ് വരിക്കാര്‍ക്ക് 'വേഗതയേറിയതും കൂടുതല്‍ ലാഭകരവുമായ രീതിയില്‍ ഉപഗ്രഹ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഈ കരാര്‍ സഹായിക്കുമെന്ന് എക്കോസ്റ്റാര്‍ പ്രസിഡന്റ് ഹമീദ് അഖാവന്‍ വിശേഷിപ്പിച്ചു. ടി-മൊബൈലുമായി സഹകരിച്ച് സ്റ്റാര്‍ലിങ്ക് ഇതിനകം ഒരു ഉപഗ്രഹ ടെക്സ്റ്റിംഗ് സേവനം പരീക്ഷിച്ചിരുന്നു. ഇത് 'ടി-സാറ്റലൈറ്റ്' എന്ന പേരില്‍ പ്രതിമാസ ഫീസോടെയാണ് ആരംഭിച്ചത്.
പുതിയ സ്‌പെക്ട്രം കൈവശം വന്നതോടെ ഈ വര്‍ഷം ഡാറ്റാ സേവനങ്ങളും അതിനുശേഷം വോയിസ് കോളിംഗും ഉള്‍പ്പെടുത്തി തങ്ങളുടെ സേവനങ്ങള്‍ ഉടന്‍ വിപുലീകരിക്കുമെന്ന് കമ്പനി പറയുന്നു. ഇതോടെ പ്രമുഖ മൊബൈല്‍ ഓപ്പറേറ്റര്‍മാരുമായി സ്‌പേസ് എക്‌സ് നേരിട്ട് മത്സരത്തിനിറങ്ങിയേക്കും. മസ്‌കിന്റെ പദ്ധതികള്‍ വിജയിച്ചാല്‍ വരുംകാലത്ത് ഉപയോക്താക്കള്‍ക്ക് ഭൂമിയിലെ ടവറുകളെ മാത്രം ആശ്രയിക്കാതെ ഉപഗ്രഹങ്ങള്‍ വഴി നേരിട്ട് കോളുകള്‍ ചെയ്യാനും ഇന്റര്‍നെറ്റ് ഉപയോഗിക്കാനും കഴിഞ്ഞേക്കും.
Content Highlights: SpaceX acquires EchoStar`s spectrum to expand Starlink into mobile connectivity
Published: 15 Sept 2025, 10:56 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented