റഷ്യയുമായി നടന്നുകൊണ്ടിരിക്കുന്ന യുദ്ധമുള്‍പ്പടെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നതിനായി ഒരു വിര്‍ച്വല്‍ എഐ വക്താവിനെ അവതരിപ്പിച്ച് യുക്രൈന്‍. വിക്ടോറിയ ഷി എന്ന് പേരിട്ടിരിക്കുന്ന ഈ എഐ അവതാറിന് യുക്രൈന്‍ ഗായികയും ഇന്‍ഫ്‌ളുവന്‍സറുമായി റോസാലി നോംബ്രേയുടെ രൂപമാണ് നല്‍കിയിരിക്കുന്നത്. പദ്ധതിയുടെ ഭാഗമാവാന്‍ റോസാലി സമ്മതം നല്‍കുകയായിരുന്നു. 

To advertise here,

വിര്‍ച്വല്‍ വക്താവിന്റെ വീഡിയോ യുക്രൈന്‍ വിദേശകാര്യ മന്ത്രാലയം എക്‌സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വിദേശ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളിലുമാണ് വിക്ടോറിയ ഷിയുടെ പ്രതികരണങ്ങള്‍ ഉണ്ടാവുക. 

റോസാലി നോംബ്രേയുടെ സമ്മതത്തോടെയാണ്  ശബ്ദവും രൂപവും വിക്ടോറിയ ഷിയ്ക്ക്  നല്‍കിയതെന്ന് മന്ത്രാലയം വ്യക്തമാക്കി. യുക്രൈനുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കുക വിക്ടോറിയ ഷി ആയിരിക്കും. അതേസമയം. ഇതിന്റെ വ്യാജ പതിപ്പ് നിര്‍മിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ അധികൃതര്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

യുദ്ധകാലത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സമയവും വിഭവങ്ങളും ലാഭിക്കുന്നതിനാണ് ഇത്തരം ഒരു നീക്കം. ജനപ്രതിനിധികള്‍ക്ക് പൗരന്മാരുടെ ക്ഷേമത്തിന് വേണ്ടി കൂടുതല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതിനും ജനങ്ങള്‍ക്ക് സഹായം നല്‍കുന്നതിനുള്ള മറ്റ് ജോലികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും കഴിയുമെന്ന് ഉക്രെയ്‌നിലെ വിദേശകാര്യ മന്ത്രി ദിമിത്രാ കുലേബ പറഞ്ഞു.