ലണ്ടന്‍: കുറ്റകൃത്യങ്ങള്‍ മുന്‍കൂട്ടി തിരിച്ചറിഞ്ഞ് തടയാന്‍ കഴിവുള്ള അത്യാധുനിക എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) അധിഷ്ഠിത സംവിധാനം അവതരിപ്പിക്കാന്‍ യുകെ ഭരണകൂടം ഒരുങ്ങുന്നു. ഇംഗ്ലണ്ട് മുതല്‍ വെയില്‍സ് വരെ വ്യാപിക്കുന്ന ഒരു റിയല്‍ ടൈം ഇന്ററാക്ടീവ് കുറ്റകൃത്യ ഭൂപടം തയ്യാറാക്കുന്നതാണ് ഈ പദ്ധതിയുടെ കാതല്‍. 2030-ഓടെ പൂര്‍ണമായി പ്രവര്‍ത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്ന ഈ സംവിധാനം, കുറ്റകൃത്യങ്ങള്‍ നടക്കുന്നതിന് മുന്‍പേ അവ പ്രവചിക്കാനും സമയബന്ധിതമായി ഇടപെടാനും പോലീസിനെ സഹായിക്കും.

To advertise here,

എഐ ക്രൈം മാപ്പ്: എങ്ങനെ പ്രവര്‍ത്തിക്കും?

പോലീസ് റെക്കോര്‍ഡുകള്‍, പ്രാദേശിക അതോറിറ്റികള്‍, സാമൂഹ്യ സേവന ഏജന്‍സികള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഡാറ്റ ഉപയോഗിച്ചാണ് ഈ എഐ സംവിധാനം പ്രവര്‍ത്തിക്കുക. കത്തി കൊണ്ടുള്ള ആക്രമണങ്ങള്‍, മോഷണം, സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയുടെ സാധ്യതകള്‍ മുന്‍കൂട്ടി തിരിച്ചറിയാന്‍ ഈ ടൂള്‍ വിപുലമായ ഡാറ്റാ വിശകലനവും ഇന്ററാക്ടീവ് മാപ്പിങ് സാങ്കേതികതയും സംയോജിപ്പിക്കും. മുന്‍കാല കുറ്റകൃത്യങ്ങളുടെ സ്ഥലം, സ്ഥിരം കുറ്റവാളികളുടെ പെരുമാറ്റ രീതികള്‍, മറ്റ് സാഹചര്യ ഘടകങ്ങള്‍ എന്നിവ വിശകലനം ചെയ്ത് ഭാവിയില്‍ കുറ്റകൃത്യങ്ങള്‍ നടക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ കണ്ടെത്തും. ഇതുവഴി ചെറിയ സംഭവങ്ങള്‍ ഗുരുതരമാകുന്നതിന് മുന്‍പ് തന്നെ ഉദ്യോഗസ്ഥര്‍ക്ക് ഇടപെടാന്‍ സാധിക്കും.

50 കോടി പൗണ്ടിന്റെ ഗവേഷണ പദ്ധതി

യുകെയുടെ 50 കോടി പൗണ്ട് വിലമതിക്കുന്ന 'ആര്‍&ഡി മിഷന്‍സ് ആക്‌സലറേറ്റര്‍' പ്രോഗ്രാമിന്റെ ഭാഗമായാണ് ഈ എഐ സംവിധാനം വികസിപ്പിക്കുന്നത്. 2026 ഏപ്രിലോടെ ഈ സംവിധാനത്തിന്റെ പ്രവര്‍ത്തന മാതൃക തയ്യാറാക്കാന്‍ സര്‍വകലാശാലകള്‍, വാണിജ്യ സ്ഥാപനങ്ങള്‍, സാങ്കേതിക വിദ്യാ പങ്കാളികള്‍ എന്നിവര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആദ്യഘട്ട നിക്ഷേപമായി 40 ലക്ഷം പൗണ്ട് മാറ്റിവച്ചിട്ടുണ്ട്.

പരമ്പരാഗത ഭൂപടങ്ങളില്‍ നിന്ന് വ്യത്യസ്തം

നിലവിലുള്ള കുറ്റകൃത്യ ഭൂപടങ്ങള്‍ കുറ്റകൃത്യങ്ങള്‍ നടന്ന ശേഷം മാത്രം വിവരങ്ങള്‍ കാണിക്കുന്നവയാണ്. എന്നാല്‍, ഈ പുതിയ എഐ സംവിധാനം 'പ്രവചനാത്മക വിവരങ്ങള്‍' നല്‍കി, കുറ്റകൃത്യങ്ങള്‍ തടയാന്‍ ഉദ്യോഗസ്ഥരെ പ്രാപ്തരാക്കും. കുറ്റകൃത്യങ്ങള്‍ നടക്കുന്ന സ്ഥലങ്ങളുടെ ഭൂപടം തയ്യാറാക്കാനുള്ള ഹോം ഓഫീസ് സംരംഭങ്ങളുടെയും സേഫര്‍ സ്ട്രീറ്റ്‌സ് സംരംഭത്തിന്റേയും ചുവടുപിടിച്ചാണ് ഈ പദ്ധതി.

വിജയവും വെല്ലുവിളികളും

കുറ്റകൃത്യ പ്രവചനത്തിനായി എഐ ഉപയോഗിക്കുന്നത് പുതിയ ആശയമല്ല. യുഎസിലെ ചിക്കാഗോ, ലോസ് ഏഞ്ചലിസ് തുടങ്ങിയ നഗരങ്ങളില്‍ സമാനമായ പദ്ധതികള്‍ പരീക്ഷിച്ചെങ്കിലും, വംശീയ പക്ഷപാതിത്വവും കൃത്യതക്കുറവും ആരോപിക്കപ്പെട്ടതിനെ തുടര്‍ന്ന് അവ ഉപേക്ഷിക്കപ്പെട്ടു. ജിയോലിറ്റിക (Geolitica) എന്ന സംവിധാനവും സമാന കാരണങ്ങളാല്‍ പരാജയപ്പെട്ടു. എന്നാല്‍, നെതര്‍ലന്‍ഡ്‌സിലെ 'ക്രൈം ആന്റിസിപ്പേഷന്‍ സിസ്റ്റം' മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.